ഇത് അത്ര നിസാരമായ വരയല്ല; എന്തുകൊണ്ടാണ് സീബ്രാ ക്രോസിംഗിന് ആ പേര് ലഭിച്ചത്

റോഡ് മുറിച്ചുകടക്കാനുള്ള അടയാളമായാണ് സീബ്രാ ക്രോസിംഗിനെ കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഇതിന് അങ്ങനെയൊരു പേര് ലഭിച്ചത്

തിരക്കേറിയ ഒരു റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള സീബ്രാ ക്രോസിംഗ് ഉപയോഗിക്കാറുണ്ട്. റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ഈ വരയെ സീബ്രാ ക്രോസിംഗ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?. റോഡിലെ ഈ വരകള്‍ക്ക് എന്തിനാണ് ഒരു മൃഗത്തിന്റെ പേര് നല്‍കിയത്? സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകളുമായി സാമ്യമുള്ളതുകൊണ്ടാണോ ഈ പേര് ലഭിച്ചത്?. അതിന് പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.

സീബ്രാ ക്രോസിംഗിന്റെ ആശയം എവിടെനിന്നാണ് വന്നത്?

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ പ്രത്യേക പാത ഒരുക്കണമെന്ന ആശയം പുതിയതല്ല. പുരാതന റോമന്‍ നഗരമായ 'പോംപൈയി'ല്‍ പോലും ഈ ആശയത്തോട് സാമ്യമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ റോഡുകളില്‍ വലിയ കല്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ചെളിയിലൂടെയോ മഴവെള്ളത്തിലൂടെയോ നേരിട്ട് നടക്കാതെ ആ കല്ലുകള്‍ക്ക് മുകളിലൂടെ റോഡ് മുറിച്ചുകടക്കാന്‍ കഴിയുമായിരുന്നു. ഇന്നത്തെ സീബ്രാ ക്രോസിംഗുമായി ഇതിന് വലിയ വ്യത്യാസമുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. അതായത് കാല്‍നടയാത്രക്കാര്‍ക്ക് വാഹന ഗതാഗതത്തിനിടയിലൂടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഒരു പ്രത്യേക ഇടം ഒരുക്കുക.

ആദ്യത്തെ സീബ്രാ ക്രോസിംഗ് എവിടെയാണ്?

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന രീതിയിലുള്ള സീബ്രാ ക്രോസിംഗിന്റെ ചരിത്രം പ്രധാനമായും ബ്രിട്ടനുമായി ബന്ധപ്പെട്ടതാണ്. 1951 ഒക്ടോബര്‍ 31ന് ഇംഗ്ലണ്ടിലെ(STOW) സ്ലൗവിലാണ് ആദ്യത്തെ ഔദ്യോഗിക സീബ്രാ ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വ്യക്തമായ ഒരു സ്ഥലം നല്‍കുകയും ആ സ്ഥലത്തെത്തുമ്പോള്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു ലക്ഷ്യം. അവിടെ നിന്നാണ് ഇന്ന് ലോകമെമ്പാടും പരിചിതമായ സീബ്രാക്രോസിംഗ് കൂടുതല്‍ വ്യാപകമായത്.

എന്തുകൊണ്ട് 'സീബ്ര'?

സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും നിറത്തിലുള്ള വരകള്‍ എല്ലാവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതുപോലെ തന്നെ റോഡില്‍ വരച്ചിരിക്കുന്ന കട്ടിയുള്ള വെളുത്ത വരകള്‍ ദൂരത്തുനിന്നുതന്നെ ശ്രദ്ധയില്‍പ്പെടും. ഈ വരകള്‍ ഒന്നിനുപുറകെ ഒന്നായി കാണപ്പെടുന്നതിനാല്‍ സീബ്രയുടെ ശരീരത്തിലെ വരകളോട് സാമ്യം തോന്നി. അങ്ങനെയാണ് 'Zebra Crossing' എന്ന പേര് പ്രചാരത്തിലായത്. അതായത് സീബ്രാ ക്രോസിംഗ് എന്ന പേര് വന്നത് സീബ്രകള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതുമായി എന്തെങ്കിലും ബന്ധമുള്ളതുകൊണ്ടല്ല. റോഡിലെ വരകളുടെ രൂപം സീബ്രയുടെ ശരീരത്തിലെ വരകളോട് സാമ്യമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.

എന്തിനാണ് കറുപ്പും വെളുപ്പും നിറങ്ങള്‍

റോഡിലെ കറുത്ത ടാറിനുമുകളില്‍ വെളുത്ത വരകള്‍ക്ക് നല്ല ദൃശ്യത ലഭിക്കും. അതാണ് പ്രധാന കാരണം. പകല്‍ സമയത്ത് മാത്രമല്ല രാത്രിയില്‍ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പതിക്കുമ്പോഴും വെളുത്ത വരകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടും. മഴ, മൂടല്‍മഞ്ഞ്, ഇരുട്ട് തുടങ്ങിയ സാഹചര്യങ്ങളിലും വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തിലാണ് റോഡ് അടയാളങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഒരേ രീതിയില്‍ ആവര്‍ത്തിച്ചുവരുന്ന വീതിയേറിയ വരകള്‍ ഡ്രൈവര്‍മാര്‍ക്ക് ദൂരത്തുനിന്നുതന്നെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

സീബ്രാ ക്രോസിംഗിന് സമീപം മഞ്ഞ ലൈറ്റ് എന്തിന്?

ബ്രിട്ടനിലെ പരമ്പരാഗത സീബ്രാ ക്രോസിംഗുകള്‍ക്ക് സമീപം കാണുന്ന മറ്റൊരു പ്രത്യേകതയാണ് മഞ്ഞ നിറത്തില്‍ പ്രകാശിക്കുന്ന 'ബെലിഷ ബീക്കണ്‍'. 1934ല്‍ ബ്രിട്ടനിലെ ഗതാഗത മന്ത്രിയായിരുന്ന ലെസ്ലി ഹോരെ-ബെലിഷയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് ഇതിന് 'Belisha Beacon' എന്ന പേര് ലഭിച്ചത്. ക്രോസിംഗ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. തൂണിന്റെ മുകളില്‍ കാണുന്ന മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള പ്രകാശിക്കുന്ന ഗോളം പോലെയുള്ള ഭാഗമാണ് ഇതിന്റെ പ്രത്യേകത.

സീബ്രാ ക്രോസിംഗിന് സമീപമുള്ള സിഗ്-സാഗ് വരകള്‍ എന്തിന്?

സീബ്രാ ക്രോസിംഗിന് സമീപം റോഡില്‍ കാണുന്ന സിഗ്-സാഗ് വരകളും വെറുതെയുള്ള അലങ്കാരമല്ല. ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ മറ്റു വാഹനങ്ങളെ മറികടക്കുകയോ ചെയ്യുന്നത് നിയന്ത്രിക്കുന്നതിനാണ് ഇത്തരം അടയാളങ്ങള്‍ ഉപയോഗിക്കുന്നത്. ക്രോസിംഗിന് സമീപമുള്ള ഭാഗം വാഹനങ്ങളില്ലാതെ വ്യക്തമായി നിലനിര്‍ത്തുന്നതിലൂടെ, റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുന്ന കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയും. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെയോ ക്രോസിംഗിനെയോ മറയ്ക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

സീബ്രാ ക്രോസിംഗില്‍ ആര്‍ക്കാണ് മുന്‍ഗണന?

സീബ്രാ ക്രോസിംഗിന്റെ പ്രധാന ലക്ഷ്യം തന്നെ കാല്‍നടയാത്രക്കാരുടെ സുരക്ഷയാണ്. എന്നാല്‍ ക്രോസിംഗുമായി ബന്ധപ്പെട്ട കൃത്യമായ നിയമങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും. പൊതുവെ കാല്‍നടയാത്രക്കാരന്‍ ക്രോസ് ചെയ്യുകയോ ക്രോസ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയോ ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ആവശ്യമായിടത്ത് വാഹനം നിര്‍ത്തുകയും വേണം. അതുകൊണ്ടുതന്നെ സീബ്രാ ക്രോസിംഗ് കണ്ടാല്‍ വേഗം കുറച്ച് മുന്നിലുള്ള കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കുക എന്നത് ഡ്രൈവര്‍മാരുടെ പ്രധാന ഉത്തരവാദിത്തമാണ്.

Content Highlights : A zebra crossing is considered a designated spot for crossing the road. Why was it given that name?

To advertise here,contact us