നിങ്ങളുടെ ബാങ്കിന്റെ പേരില്‍ SMS സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വ്യാജ ബാങ്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ട് സൈബര്‍ തട്ടിപ്പുകാര്‍ ഇപ്പോള്‍ ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമിടുന്നു. KYC അപ്ഡേറ്റ് ചെയ്യുക, നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക, റിവാര്‍ഡുകള്‍ ക്ലെയിം ചെയ്യുക, അല്ലെങ്കില്‍ സംശയാസ്പദമായ ഇടപാടുകള്‍ തടയുക എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സന്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശങ്ങളില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ പണം നഷ്ടപ്പെടും. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഇന്ത്യയില്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട SMS തട്ടിപ്പുകളുടെ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു fraud detection technology company യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ന്റെ രണ്ടാം പകുതിയെ അപേക്ഷിച്ച് 2026 ന്റെ ആദ്യ മാസങ്ങളില്‍ ഇന്ത്യയിലെ ബാങ്കിംഗ് സംബന്ധിയായ എസ്എംഎസ് തട്ടിപ്പുകള്‍ 146% വര്‍ദ്ധിച്ചു. ബാങ്കില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങള്‍ ആളുകള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈബര്‍ കുറ്റവാളികള്‍ ആളുകളിലേക്ക് എത്താന്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വ്യാജ സന്ദേശങ്ങള്‍ യഥാര്‍ത്ഥ സന്ദേശങ്ങള്‍ പോലെ തന്നെ കാണപ്പെടുന്നു. നിങ്ങളുടെ KYC അപൂര്‍ണ്ണമാണെന്നോ, ബാങ്ക് അക്കൗണ്ട് നിര്‍ത്തലാക്കാന്‍ പോകുകയാണെന്നോ, അല്ലെങ്കില്‍ സംശയാസ്പദമായ ഒരു ഇടപാട് നടന്നിട്ടുണ്ടെന്നോ ആയിരിക്കും സന്ദേശങ്ങളുടെ ഉള്ളടക്കം. ഇതോടൊപ്പം ഒരു ലിങ്കും നല്കിയിട്ടുണ്ടാകും. ഈ ലിങ്ക് തുറന്നുകഴിഞ്ഞാല്‍ അതില്‍ ബാങ്കിംഗ് വിശദാംശങ്ങള്‍, OTP, UPI പിന് അല്ലെങ്കില്‍ മറ്റ് പ്രധാന വിവരങ്ങള്‍ ആവശ്യപ്പെടും. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടേക്കാം. ഇത് തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്സസ് നേടാന്‍ അനുവദിക്കുന്നു.
പെട്ടെന്ന് മറുപടി ആവശ്യപ്പെടുന്ന ഒരു സന്ദേശം വന്നാലോ, അജ്ഞാത ലിങ്ക് ലഭിച്ചാലോ, അല്ലെങ്കില്‍ സംശയാസ്പദമായ ഒരു നമ്പറില്‍ നിന്ന് വിളി വന്നാലോ ജാഗ്രത പാലിക്കുക. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ OTP, ATM പിന്, UPI പിന്, പാസ്വേഡ്, അല്ലെങ്കില്‍ CVV എന്നിവ SMS വഴിയോ കോളുകള്‍ വഴിയോ ആവശ്യപ്പെടില്ല. ഒരു സന്ദേശത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് പകരം ബാങ്കിന്റെ ഔദ്യോഗിക ആപ്പിലോ വെബ്സൈറ്റിലോ ഉള്ള വിവരങ്ങള്‍ പരിശോധിക്കുക.
അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ആരുമായും പങ്കിടുകയോ ചെയ്യരുത്. നിങ്ങളുടെ ഫോണില്‍ വിശ്വസനീയമായ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഒരു വ്യാജ ലിങ്കില്‍ അബദ്ധവശാല്‍ വിവരങ്ങള്‍ നല്‍കിയെന്ന് തോന്നിയാല്‍ അപ്പോള്‍ത്തന്നെ ബാങ്കുമായി ബന്ധപ്പെടുകയും പാസ്വേഡ് മാറ്റുകയും ചെയ്യേണ്ടതാണ്. ആവശ്യമെങ്കില്‍ കാര്‍ഡ് അല്ലെങ്കില്‍ UPI ബ്ലോക്ക് ചെയ്യുക. അല്‍പ്പം ജാഗ്രത പാലിച്ചാല്‍ കാര്യമായ നഷ്ടങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും.
Content Highlights : Do you receive SMS messages claiming to be from your bank? Learn about the scams perpetrated by cybercriminals under the guise of KYC updates, account blocking, and rewards, and discover simple ways to avoid falling victim to them.