കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നടത്തുന്നതിനിടയില്‍ പലരും വരുമാനത്തില്‍നിന്ന് പണം സമ്പാദിക്കുക, വായ്പകള്‍ അടയ്ക്കുക, ഇന്‍ഷുറന്‍സ് എടുക്കുക പോലെയുള്ള കാര്യങ്ങളും ചെയ്യാറുണ്ട് അല്ലേ? . എന്നാല്‍ അസുഖങ്ങള്‍, അപകടം മറ്റെന്തെങ്കിലും അടിയന്തിരാവസ്ഥ ഇവയൊക്കെ ഉണ്ടാകുമ്പോള്‍ ഒരാള്‍ക്ക് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുന്ന പല സാഹചര്യങ്ങളും ഉണ്ടായേക്കാം. ആ സമയത്ത് കുടുംബം കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഈ അവസരങ്ങളില്‍ ശരിയായ സാമ്പത്തിക രേഖകള്‍ നിര്‍ണായകമാണ്. മാത്രമല്ല പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ സമ്പാദ്യങ്ങളെക്കുറിച്ചും പ്രധാന രേഖകളെക്കുറിച്ചും കുടുംബത്തിനും കൂടി വിവരങ്ങള്‍ നല്കേണ്ടതാണെന്നതാണ്.
എല്ലാ ലൈഫ്, ഹെല്‍ത്ത്, മോട്ടോര്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികളും ഒരൊറ്റ ഫയലില്‍ സൂക്ഷിക്കുക. പോളിസി നമ്പര്‍, ഇന്‍ഷുറന്‍സ് കമ്പനി കോണ്ടാക്റ്റ് നമ്പര്‍, നോമിനി വിവരങ്ങള്‍ എന്നിവയും ശ്രദ്ധിക്കുക. രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ അറിഞ്ഞിരിക്കണം.
ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, വ്യക്തിഗത ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയുടെ ഒരു ലളിതമായ ലിസ്റ്റ് ഉണ്ടാക്കുക. പാസ്വേഡുകള് എഴുതി വയ്ക്കേണ്ട ആവശ്യമില്ല. എന്നാല്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക ആസ്തികള്‍ ഏതൊക്കെയാണെന്ന് കുടുംബം അറിഞ്ഞിരിക്കണം.
ഭവന വായ്പ, കാര്‍ വായ്പ അല്ലെങ്കില്‍ വ്യക്തിഗത വായ്പ ഉണ്ടെങ്കില്‍ വായ്പ നല്‍കുന്നയാളുടെ പേര്, ഇഎംഐ തുക, പേയ്മെന്റ് തീയതികള്‍, മറ്റ് വായ്പ വിവരങ്ങള്‍ എന്നിവ ഒരിടത്ത് സൂക്ഷിക്കുക. വായ്പ സംരക്ഷണ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അതിന്റെ രേഖകളും സൂക്ഷിക്കുക.
ആധാര്‍, പാന്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക. കൂടാതെ ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, നിക്ഷേപങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നോമിനി വിവരങ്ങള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുക. ശരിയായ നോമിനി ഉണ്ടായിരിക്കുന്നത് ക്ലെയിം- സെറ്റില്‍മെന്റ് പ്രക്രിയയെ ലളിതമാക്കുന്നു.
രേഖകള്‍ വെറുതെ സൂക്ഷിച്ചാല്‍ പോരാ. പ്രധാനപ്പെട്ട രേഖകള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് നിങ്ങളുടെ പങ്കാളിയെയോ, മുതിര്‍ന്ന കുട്ടികളെയോ, അല്ലെങ്കില്‍ വിശ്വസ്തനായ ഒരു കുടുംബാംഗത്തെയോ അറിയിക്കാന്‍ മറക്കരുത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും എന്നതാണ്.
അടിയന്തര സാഹചര്യങ്ങള്‍ ഒരിക്കലും മുന്നറിയിപ്പോടെ വരുന്നില്ല. അത്തരം സമയങ്ങളില്‍, പ്രധാനപ്പെട്ട രേഖകള്‍ തിരയുന്നതിലല്ല, പരസ്പരം പിന്തുണയ്ക്കുന്നതിലാണ് കുടുംബം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനാല്‍ നിങ്ങളുടെ സാമ്പത്തിക രേഖകള്‍ ക്രമീകരിച്ചുവയ്ക്കാന് കുറച്ച് സമയം മാറ്റി വയ്ക്കുക. ഈ ചെറിയ തയ്യാറെടുപ്പ് ഭാവിയിലെ വലിയ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കും.
Content Highlights : There may be many situations—such as illness, an accident, or other emergencies—where a person is unable to make quick decisions.