പണം പ്രതീക്ഷിച്ച്‌ ഈ ATM counter തുറന്നാൽ പണം കിട്ടില്ല, പകരം മുടി വെട്ടി കിട്ടും

ATM counter സലൂൺ ആയി മാറിയ കഥ

പണം പ്രതീക്ഷിച്ച്‌ ഈ ATM counter തുറന്നാൽ പണം കിട്ടില്ല, പകരം മുടി വെട്ടി കിട്ടും
dot image

സാധാരണ ഗതിയിൽ എടിഎം കൗണ്ടറുകളിൽ നമ്മൾ പോകുന്നത് പണം പിൻവലിക്കാനാണ്. എന്നാൽ ബിഹാറിലെ ദാനാപ്പൂരിലുള്ള ഒരു എടിഎം കൗണ്ടറിൽ കയറുന്നവർ പണത്തിന് പകരം പുത്തൻ ഹെയർ സ്റ്റൈലുമായിട്ടാണ് പുറത്തേക്ക് വരുന്നത്. ഇതെന്ത് മറിമായം! എന്നല്ലേ ചിന്തിക്കുന്നത്? സോഷ്യൽ മീഡിയയിൽ ഈ 'ഹെയർ കട്ടിംഗ് എടിഎം' ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.

ദാനാപ്പൂരിലെ രൂപാസ്പൂർ മേഖലയിലാണ് ഈ വിചിത്രമായ കാഴ്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ലോഗോ ഉൾപ്പെട്ട ബോർഡ് സ്ഥിതി ചെയ്യുന്ന ATM കൗണ്ടറിന് ഉള്ളിൽ കയറിയാൽ കാണാൻ സാധിക്കുക എടിഎം മെഷീൻ അല്ല. പകരം ബാർബറും, കസേരകളും, വലിയ കണ്ണാടിയും, കത്രികയും ഒക്കെയാണ്. പണം പ്രതീക്ഷിച്ചു വരുന്ന വ്യക്തികൾ അമ്പരന്ന് തുടങ്ങിയതോടെയാണ് സംഗതി സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

എന്താണ് ഈ 'ഹെയർ കട്ടിംഗ് എടിഎം'?
ശരിക്കും ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഒരു പഴയ എടിഎം കൗണ്ടർ തന്നെയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ബാങ്ക് ഈ എടിഎം ഇവിടെ നിന്നും മാറ്റിയിരുന്നു. എന്നാൽ കൗണ്ടറിന് പുറത്തുള്ള ബോർഡോ, എസ്ബിഐയുടെ ലോഗോയോ നീക്കം ചെയ്തിരുന്നില്ല. കാലിയായി കിടന്ന ഈ മുറി കെട്ടിട ഉടമ ഒരു ബാർബർക്ക് വാടകയ്ക്ക് നൽകിയതോടെയാണ് കഥ മാറുന്നത്.

പുറമെ നിന്ന് നോക്കിയാൽ ഇപ്പോഴും ഇതൊരു പക്കാ എടിഎം കൗണ്ടർ തന്നെയാണ്. എസ്ബിഐയുടെ നീലയും വെള്ളയും ബോർഡും ഗ്ലാസ് വാതിലുകളുമൊക്കെ കണ്ടു തെറ്റിദ്ധരിച്ച് പണം എടുക്കാൻ എത്തുന്നവർ അകത്തെ കാഴ്ച കണ്ട് ഞെട്ടാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിലെ 'തഗ്ഗ്' പ്രതികരണങ്ങൾ നിരന്നുതുടങ്ങി.

രസകരമായ കമന്റുകളാണ് ഇന്റർനെറ്റിൽ നിറയുന്നത്. ചിലർ ഇതിനെ 'സ്റ്റേറ്റ് ബാർബേഴ്സ് ഓഫ് ഇന്ത്യ' എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ ഇതിനെ Kesh Withdrawal (ഹിന്ദിയിൽ മുടിക്ക് കേശ് എന്നാണ് പറയുന്നത്) എന്നാണ് വിശേഷിപ്പിക്കുന്നത്. "കാർഡ് ഇട്ടാൽ ഹെയർ കട്ട്, പിൻ നമ്പർ അടിച്ചാൽ ഷേവിംഗ്!" എന്നിങ്ങനെയുള്ള ട്രോളുകളും വരുന്നുണ്ട്.

എസ്ബിഐ ബോർഡ് ഇപ്പോൾ അധികൃതർ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, 'എടിഎം സലൂൺ' എന്ന പേര് ദാനാപ്പൂരിലെ ഈ കടയ്ക്ക് ഇതിനോടകം വീണു കഴിഞ്ഞു. ഇൻസ്റ്റാഗ്രാം റീൽസ് ചെയ്യുന്നവരും ഫോട്ടോ എടുക്കാൻ എത്തുന്നവരും ഇപ്പോൾ ഈ എടിഎം സലൂണിന് മുന്നിൽ ക്യൂ നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിലെ തമാശകൾക്കപ്പുറം ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ വേറിട്ട കാഴ്ച കൂടിയാണ് 'ഹെയർ കട്ടിംഗ് എടിഎം' നല്കുന്നത്.

Content Highlight: A Bihar barber shop operating inside an old SBI ATM kiosk has gone viral for providing haircuts instead of cash.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us