നമ്മുടെ നാട്ടില്‍ 500 രൂപയുടെ കുറച്ച് നോട്ടുകള്‍ അടുക്കി പോക്കറ്റില്‍ വച്ച് നടന്നാല്‍ എന്താ കുഴപ്പം. അതൊരു സാധാരണ കാര്യമാണ് അല്ലേ?. അതുപോലെ തന്നെയാണ് ഈ രാജ്യത്ത് 5 ലക്ഷം രൂപയുടെ നോട്ട് കൊണ്ട് ഒരാള്‍ നടക്കുന്നതും. ഏതാണ് 5 ലക്ഷം രൂപയുടെ കറന്സിനോട്ടുള്ള ആ രാജ്യം. എന്താണ് ആ നോട്ടിന്റെ പ്രത്യേകതകള്‍? എങ്ങനെയാണ് നോട്ടിന്റെ ഉത്ഭവം? ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ അറിയാം.
ഇപ്പോള്‍ പ്രചാരത്തിലുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളിലൊന്നാണ് വിയറ്റ്നാമിലെ 500,000 Vietnamese Dong . 5 ലക്ഷം എന്ന് പറയുമ്പോള്‍ വിയറ്റ്നാമില്‍ 5 ലക്ഷം ഡോങ് മുതലുള്ള കറന്‍സി നോട്ടുകള്‍ ഉണ്ട്. ലോകത്ത് ഏറെ ശ്രദ്ധനേടിയ കറന്‍സി നോട്ടുകളില്‍ ഒന്നാണ് 5 ലക്ഷം വിയറ്റ്നാമി ഡോങ്.
വിയറ്റ്നാമിന്റെ 500,000 Vietnamese Dong നോട്ടിന്റെ പിറവി രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളും കറന്‍സി പരിഷ്ക്കാരങ്ങളും ചേര്‍ന്നുണ്ടായ ഒരു സംഭവമാണ്. 1975-ല്‍ വിയറ്റ്നാം ഏകീകൃത രാജ്യമായതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. പണപ്പെരുപ്പം വളരെ ഉയര്‍ന്നു, സാധനങ്ങളുടെ വില കുത്തനെ കൂടി,ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൊണ്ട് വലിയ ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടായി.ഇതോടെ സര്‍ക്കാരിന് വലിയ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കേണ്ട സാഹചര്യം ഉണ്ടായി.
1986-ല്‍ വിയറ്റ്നാം Doi Moi എന്ന വലിയ സാമ്പത്തിക പരിഷ്കരണം ആരംഭിച്ചു. ഇതിലൂടെ സോഷ്യലിസ്റ്റ് മോഡലില്‍ നിന്ന് വിപണി അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് മാറി. വ്യാപാരവും വ്യവസായവും വര്‍ധിച്ചു.പണപ്രവാഹം കൂടി. ഇതോടെ കൂടുതല്‍ വലിയ നോട്ടുകളുടെ ആവശ്യം വര്‍ധിച്ചു. അങ്ങനെ 2003 ല്‍ State Bank of Vietnam 500,000 ഡോംഗ് നോട്ട് പുറത്തിറക്കി. അന്ന് ഇത് രാജ്യത്തിലെ ഏറ്റവും വലിയ കറന്സിനോട്ട് ആയിരുന്നു.
വലിയ തുകകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുക. പഴയ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന polymer നോട്ടുകള്‍ കൊണ്ടുവരുക, വ്യാജനോട്ടുകള്‍ നിയന്ത്രിക്കുക എന്നതൊക്കെയായിരുന്നു ഇത്തരം വലിയ നോട്ടുകളുടെ പ്രധാന ലക്ഷ്യം.
നോട്ടിന്റെ മുന്‍വശത്തുള്ള ചിത്രം വിയറ്റ്നാമിന്റെ ദേശീയ നേതാവും സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകവുമായി നിലകൊള്ളുന്ന Ho Chi Minh ന്റെ ചിത്രമാണ്. രാജ്യത്തിലെ മിക്ക നോട്ടുകളിലും അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നത് ദേശീയ ഐക്യത്തിന്റെ ചിഹ്നമായിട്ടാണ്.
'പോളിപ്രൊഫൈലിന്‍' കൊണ്ട് നിര്‍മ്മിച്ച കറന്‍സിയുടെ ഒരു രൂപമാണ് പോളിമര്‍ ബാങ്ക് നോട്ട്. എന്തുകൊണ്ടാണ് ഈ മെറ്റീരിയല്‍ കൊണ്ട് വിയറ്റ്നാമില്‍ നോട്ട് നിര്‍മ്മിച്ചത് എന്നല്ലേ?. വിയറ്റ്നാമില്‍ ഈര്‍പ്പമുള്ളതും മഴ കൂടുതലുള്ളതുമായ കാലാവസ്ഥയാണ്. അവിടെ പേപ്പര്‍ നോട്ടുകള്‍ വേഗത്തില്‍ നശിക്കാറുണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന polymer material നോട്ട് നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്തത്.
വിയറ്റ്നാം പോലെയുളള ചില രാജ്യങ്ങളില്‍ വലിയ സംഖ്യകളുള്ള നോട്ടുകള്‍ കാണാം. ഈ കറന്‍സികളുടെ മൂല്യം ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരിക്കും. 500,000 രൂപയുടെ വിയറ്റ്നാമി ഡോങ്ങിന്റെ ഇപ്പോഴത്തെ ഇന്ത്യന്‍ മൂല്യം ഏകദേശം 1,790 രൂപ മുതല്‍ 1,800 രൂപ വരെയാണ്. അതുകൊണ്ടാണ് നമ്മുടെ വിനോദ സഞ്ചാരികള്‍ക്ക് അവിടെ പോയാല്‍ ലക്ഷങ്ങള്‍ പോക്കറ്റിലിട്ട് നടക്കുന്നതുപോലെ തോന്നുന്നത്.
Content Highlights : Which country has a 5 lakh rupee currency note? What are the special features of that note? How did the note originate?