നിങ്ങൾ നിങ്ങളോട് സംസാരിക്കാറുണ്ടോ? തലച്ചോറിന്‍റെ പ്രവർത്തനവുമായി അതിനൊരു ബന്ധമുണ്ട്; സൈക്കോളജിസ്റ്റ് പറയുന്നു

ഒരു വ്യക്തിയുടെ ഉള്ളിലുള്ള വിശ്വാസങ്ങളാണ് പലപ്പോഴും അവരുടെ ബാഹ്യ അനുഭവങ്ങളെയും പെരുമാറ്റത്തിനെയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നതെന്നും മിലി കൂട്ടിച്ചേർത്തു

നിങ്ങൾ നിങ്ങളോട് സംസാരിക്കാറുണ്ടോ? തലച്ചോറിന്‍റെ പ്രവർത്തനവുമായി അതിനൊരു ബന്ധമുണ്ട്; സൈക്കോളജിസ്റ്റ് പറയുന്നു
dot image

നിങ്ങൾ നിങ്ങളോട് ഏത് രീതിയിൽ സംസാരിക്കുന്നു എന്നതാണ് നിങ്ങളുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുമെന്നതിനെ നിശ്ചയിക്കുന്നത്. വായിക്കുമ്പോൾ ചില കൺഫ്യൂഷൻസ് ഒക്കെ തോന്നാം. എന്നാൽ ഇതിൽ ചില കാര്യങ്ങളുണ്ടെന്നാണ് ഓസ്‌ട്രേലിയൻ സൈക്കോളജിസ്റ്റായി മിലി ഹാർഡി പറയുന്നത്. സ്വയം സംസാരിക്കുന്നത് ഒരാളുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുമെന്നും മിലി വിശദീകരിക്കുന്നു. ഇതിന് പിന്നിലെ ശാസ്ത്രീയമായ അടിത്തറയെ കുറിച്ചും അവർ വിശദീകരിക്കുന്നുണ്ട്.

നിരന്തരമായ ചിന്തകളിലൂടെയും പെരുമാറ്റത്തിലൂടെയും മാറ്റങ്ങൾ കൊണ്ടുവരാനുള്ള തലച്ചോറിന്റെ കഴിവിനെ കുറിച്ചാണ് മിലി തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പറയുന്നത്. ന്യൂറോപ്ലാസ്റ്റിസിറ്റിയിൽ(അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തലച്ചോറിന് സ്വയം മാറ്റം വരുത്താനുള്ള കഴിവ്) ഊന്നൽ നൽകിയാണ് ഈ വിശദീകരണം. മനുഷ്യന്റെ തലച്ചോറ് എന്താണ് സത്യം എന്നത് മനസിലാക്കുന്നതിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിച്ച് തലച്ചോറ് പ്രാധാന്യം നൽകുന്നത് കൃത്യതയെക്കാൾ കാര്യക്ഷമതയ്ക്കാണെന്നും മിലി പറയുന്നു.

ഒരേപോലെയുള്ള പാറ്റേണിനെ തിരിച്ചറിയുകയും അതിൽ തന്നെ നിലനിൽക്കാനുമാണ് തലച്ചോറ് ശ്രമിക്കുക. അത് പോസിറ്റീവായ കാര്യമാണോ നെഗറ്റീവായ കാര്യമാണോ എന്ന വ്യത്യാസമൊന്നുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തലച്ചോറ് വിശ്വസിക്കുന്നത് അതിന് പരിചിതമായത് എന്താണോ അതിനെയാണ്. നിങ്ങൾ നിരന്തരമായി ചെയ്യുന്നത് എന്താണോ അതാണ് തലച്ചോറിന് പരിചിതമായി തോന്നുന്നത്. ആവർത്തിച്ചുള്ള നമ്മുടെ ചിന്തകൾ വികാരങ്ങളെ സ്വാധീനിക്കും. ഇത് നമ്മുടെ പ്രവർത്തികളെ ബാധിക്കും. തുടർന്ന് ഒരു വ്യക്തിയുടെ സ്വത്വബോധത്തെ രൂപപ്പെടുത്തുമെന്നും മിലി വീഡിയോയിൽ പറയുന്നു.

സ്വയം വിമർശനം നിങ്ങൾ നിരന്തരമായി നടത്തിയാൽ അത് ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസികവും വൈകാരികവുമായ പ്രഭാവത്തിന് കാരണമാകുമെന്നാണ് സൈക്കോളജിസ്റ്റിന്റെ മുന്നറിയിപ്പ്. നെഗറ്റീവായ കാര്യങ്ങൾ നിങ്ങൾ നിങ്ങളോട് തന്നെ പറയുന്നതും പ്രശ്‌നമാണ്. ഇതാണ് ചില പ്രത്യേക തരത്തിൽ പ്രതികരിക്കാൻ നിങ്ങളുടെ തലച്ചോറിനെ സജീവമായി പരിശീലിപ്പിക്കുന്നതെന്ന് ഓർമവേണമെന്നും അവർ പറയുന്നു.

വൈകാരികമായി നിങ്ങൾ എപ്പോഴും സംസാരിച്ച് കൊണ്ടിരുന്നാൽ നിങ്ങളുടെ തലച്ചോർ അതിനെ ചുറ്റിപ്പറ്റിയിരിക്കും. അതിനാൽ സ്വയം സംസാരിക്കുന്നത് നിരുപദ്രവകരമല്ല, മറിച്ച് വളരെ ശക്തമാണ്. നിങ്ങൾ നിങ്ങളോട് സംസാരിക്കുന്നതാണ് നിങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള തോന്നൽ. ഒരു വ്യക്തിയുടെ ഉള്ളിലുള്ള വിശ്വാസങ്ങളാണ് പലപ്പോഴും അവരുടെ ബാഹ്യ അനുഭവങ്ങളെയും പെരുമാറ്റത്തിനെയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നതെന്നും മിലി കൂട്ടിച്ചേർത്തു.

ന്യൂറോപ്ലാസ്റ്റിസിറ്റി എന്നതിനെ ശരിയായ തരത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചും മിലി സംസാരിക്കുന്നുണ്ട്. യഥാർത്ഥ അനുഭവങ്ങളെയും സാങ്കൽപികമായതിനെയും തലച്ചോർ എല്ലായിപ്പോഴും വേറിട്ട് കാണുന്നില്ല. അതിനാൽ വിഷ്വലൈസേഷൻ ഒരു മെന്റൽ എക്‌സർസൈസായി ചെയ്യാമെന്നും സൈക്കോളജിസ്റ്റ് പറയുന്നു. ശാന്തമായ, ആത്മവിശ്വാസമുള്ള, കഴിവുകൾ നിറഞ്ഞ നിങ്ങളെ വിഷ്വലൈസ് ചെയ്യുക, അതൊരിക്കലും അനാവശ്യമായ ഒരു കാര്യമല്ല. അതൊരു റിഹേഴ്‌സലാണ്. ഇത്തരത്തിൽ പോസിറ്റീവായി സങ്കൽപ്പിക്കുന്നത് മനസ് പിന്തുടരുന്ന രീതികളിൽ മാറ്റം കൊണ്ടുവരാൻ സഹായിക്കും. ഒപ്പം നിങ്ങളുടെ ചിന്തകളെല്ലാം സത്യമാണെന്ന ധാരണ ഒഴിവാക്കണമെന്നും മിലി ഉപദേശിക്കുന്നുണ്ട്.

ചിന്തകളോട് ഉടനടി പ്രതികരിക്കാതെ അവയെ നിരീക്ഷിക്കാൻ പഠിക്കുന്നതാണ് മാനസികാരോഗ്യത്തിൽ ഒരാൾക്ക് നിയന്ത്രണം നേടാൻ സഹായകരമാകുന്നതെന്നാണ് മിലി പറയുന്നത്. ചിന്താരീതികളിൽ വരുന്ന മാറ്റങ്ങൾ വൈകാരികവും പെരുമാറ്റപരവുമായ ഫലങ്ങളിൽ മാറ്റങ്ങൾക്ക് കാരണമാകുമെന്നും അവർ പറയുന്നു.

Content Highlights: Explanation of what self-talk is and how it influences brain and thinking patterns

dot image
To advertise here,contact us
dot image