ലിഫ്റ്റുകളില്‍ കണ്ണാടികള്‍ ഉള്ളതിന്റെ യഥാര്‍ഥ കാരണം എന്താണെന്നറിയാമോ?

മുഖം നോക്കാനും മുടി ഒതുക്കാനും ഉള്ളതല്ല ലിഫ്റ്റിലെ കണ്ണാടി.അതിന് മറ്റ് പല ഉപയോഗങ്ങളുമുണ്ട്

ലിഫ്റ്റില്‍ കയറുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കാറുള്ള ഒന്നാണ് അതിലെ കണ്ണാടികള്‍. ഈ കണ്ണാടികള്‍ക്ക് മുന്നില്‍ നിന്ന് മിറര്‍ സെല്‍ഫി എടുക്കുകയും മുടിയും വസ്ത്രങ്ങളും ഒക്കെ നേരെയാക്കുകയും ചെയ്തിട്ടില്ലേ?. എന്നിരുന്നാലും ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലേ എന്തിനാണ് ലിഫിറ്റില്‍ കണ്ണാടി വച്ചിരിക്കുന്നതെന്ന്. മുഖം നോക്കാനും മുടി ഒതുക്കാനും ഉള്ളതല്ല ഇത്. അതിന് മറ്റ് പല പ്രധാന ഉപയോഗങ്ങളുമുണ്ട്.

സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍

ലിഫിറ്റില്‍ കണ്ണാടി വയ്ക്കുന്നതിന് സുരക്ഷാസംബന്ധമായ നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന് ലിഫ്റ്റില്‍ കൂടെയുള്ള എല്ലാവരും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. മോഷണം , പെട്ടെന്നുള്ള ആക്രമണം ഇവയൊക്കെ ചെറുക്കാന്‍ ലിഫ്റ്റ് മിററുകള്‍ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ലിഫ്റ്റിലെ കണ്ണാടികള്‍ ആദ്യമായി അവതരിപ്പിച്ചത് ജപ്പാനിലാണെന്നാണ് കരുതപ്പെടുന്നത്.

ക്ലോസ്‌ട്രോഫോബിയ തടയുന്നു

ലിഫ്റ്റില്‍ ഇരിക്കുമ്പോള്‍ ചിലര്‍ക്ക് ക്ലോസ്‌ട്രോഫോബിയ(അടച്ചിട്ട മുറികളിലോ സ്ഥലങ്ങളിലോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ)ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലം ശരീരം വിയര്‍ക്കുക, ഉത്കണ്ഠ അനുഭവപ്പെടുക, ഹൃദയമിടിപ്പ് വര്‍ധിക്കുക എന്നിവയൊക്കെ ഉണ്ടായേക്കാം. ലിഫ്റ്റില്‍ ഒരു കണ്ണാടി ഉളളത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. കണ്ണാടികള്‍ ലിഫ്റ്റിന് കൂടുതല്‍ സ്ഥലം ഉള്ളതുപോലെ തോന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ലിഫ്റ്റിനെ കൂടുതല്‍ ഇടുങ്ങിയതും ചെറുതുമാണെന്ന തോന്നല്‍ ഇല്ലാതാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്ക് ലിഫ്റ്റുകളിലെ കണ്ണാടികള്‍ പ്രത്യേകിച്ചും ഗുണം ചെയ്യും. വീല്‍ചെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലിഫ്റ്റിനുള്ളില്‍ എളുപ്പത്തില്‍ സഞ്ചരിക്കാനും സ്ഥാനം പിടിക്കാനും സഹായിക്കും.

ശ്രദ്ധതിരിക്കല്‍

ലിഫ്റ്റില്‍ നില്‍ക്കുമ്പോള്‍ ബോറടിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് കണ്ണാടികള്‍ ശ്രദ്ധതിരിക്കാന്‍ സഹായിക്കുന്നു.കണ്ണാടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വയം നോക്കാനും മറ്റുള്ളവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ഒക്കെ ചെയ്ത് സമയം ചെലവഴിക്കാന്‍ സാധിക്കും.

Content Highlights : Do you know the real reason why there are mirrors in elevators? The mirror in the elevator is not just for looking at your face or combing your hair. It has many other uses.

To advertise here,contact us