സ്വര്‍ണത്തിന് തീ പിടിച്ച വില. ചരിത്രത്തില്‍ ആദ്യമായി ചില ദിവസങ്ങളിലെ ഇടിവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവില്‍ സ്വര്‍ണ വില പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്ത നിലയിലായി.
എന്നാൽ സ്വർണവില ഉയരുമ്പോഴും അധികം ആരുമാരും സ്വര്‍ണം കുഴിച്ചെടുക്കുന്ന ഖനികളെ കുറിച്ച് സംസാരിക്കാറില്ല. ഈ സ്വർണഖനികളിൽ ഏറ്റവും ആഴം ഏതിനെന്ന് അറിയാമോ?
ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വർണ ഖനി ഉള്ളത് ദക്ഷിണ ആഫ്രിക്കയിലാണ്. 380 കിലോമീറ്റർ നീളുന്ന തുരങ്കങ്ങളാണ് ഈ ഖനിയിൽ ഉള്ളത്. അതായത് ന്യൂ യോർക്ക് സിറ്റി സബ് വെയേക്കാൾ നീളമുണ്ട് ഈ ഖനിക്ക് എന്ന് ചുരുക്കം. ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ ഉദ്ഖനനം നടക്കുന്ന ഇടത്ത് ഖനി തൊഴിലാളികൾക്ക് എത്താൻ സാധിക്കുകയുള്ളൂ. ഏതാണ് ഈ ഖനി എന്നല്ലേ?
എംപോനെങ് സ്വർണഖനി
ദക്ഷിണ ആഫ്രിക്കയിലെ കാർലട്ടൺവില്ലിന് സമീപമുള്ള വിറ്റവാട്ടർസ്റാൻഡ് ബേസിനിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിലേക്ക് നാല് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുകയാണ് ഈ ഖനി. അതായത് ഏകദേശം 2.5 മൈൽ. പത്ത് എംപയർ സ്റ്റേറ്റ് ബിൽഡിംഗുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെക്കാവുന്ന അത്രയും ആഴം. ഭയാനകമായി തോന്നുന്നുണ്ടോ? അപ്പോൾ ഈ ഖനിയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥയോ? മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ പണിസ്ഥലത്ത് എത്തുകയുള്ളൂ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇലവേറ്ററുകൾ ഉപയോഗിച്ചാണ് തൊഴിലാളികൾ ഖനിയുടെ അടിത്തട്ടിൽ എത്തുക. ഒരു മണിക്കൂറിൽ 64 കിലോമീറ്റർ പിന്നിടാൻ ശേഷിയുള്ള ഇലവേറ്റർ ആണിത്.
എംപോനെങിന്റെ പ്രത്യേകതകൾ
എംപോനെങ് സ്വർണഖനി ശ്രദ്ധേയമാകുന്നത് അതിന്റെ ആഴം കൊണ്ട് മാത്രമല്ല. എഞ്ചിനീയറിംഗ് സാങ്കേതികതയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ഈ സ്വർണ ഖനിയുടെ പ്രത്യേകതകളാണ്. ഇത്രയും ആഴത്തിൽ ചെന്ന് ഖനനം ചെയ്യുക എന്നത് ഏറെ ദുർഘടമാണ്. ഖനിയുടെ അടിത്തട്ടിലുള്ള പാറകളുടെ താപനില 66 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഖനിതൊഴിലാളികളുടെ സുരക്ഷ പരിഗണിച്ചും ഖനിക്കുള്ളിലെ താപനില നിയന്ത്രിക്കുന്നതിനുമായി 6000 ടൺ ഐസ്സാണ് ഖനിയുടെ ഭൂഗർഭ റിസർവോയർ നിക്ഷേപിക്കുക. ഇത് താപനില 28 ഡിഗ്രി സെൽഷ്യസിലേക്ക് കുറക്കാൻ സഹായിക്കും. ഖനിയുടെ ഈ ആഴം ഭൂചലനങ്ങൾക്കും വഴിവെക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനും പാറകൾ ഇടിഞ്ഞു വീഴാതിരിക്കാനും മറ്റുമായി സ്റ്റീൽ, കോൺക്രീറ്റ്, ഡയമണ്ട് മെഷ് നേറ്റിങ് എന്നിവ ഉപയോഗിച്ച് കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്.
എംപോനെങ് ഖനിയിലെ സ്വർണ്ണം
ഖനിയിലെ വെന്റർസ്ഡോർപ്പ് കോൺടാക്റ്റ് റീഫ് എന്ന പാളിയിലാണ് സ്വർണം കാണപ്പെടുക. 30 ഇഞ്ച് വിസ്തൃതി മാത്രമാണ് ഈ പാളിക്കുള്ളത്. ഈ സ്വർണം ലഭ്യമാകുന്നതിനായി ഓരോ ദിവസവും 6,400 ടൺ പാറകളാണ് ഖനിതൊഴിലാളികൾ പൊട്ടിക്കുന്നത്. ഇതിനായി 5,000 പൗണ്ട് വെടിമരുന്നാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഓരോ തരി സ്വർണത്തിനും ഏറെ മൂല്യമുണ്ട്. എങ്കിലും ഖനിയിലെ ഓരോ ടൺ പാറയിൽ നിന്നും ലഭിക്കുന്ന 0.35 ഔൺസ് സ്വർണ്ണം മാത്രമാണ് ലാഭകരമാകുന്നത്.
ഒരു വർഷം 8000 കിലോഗ്രാം സ്വർണമാണ് എംപോനെങ് സ്വർണഖനിയിൽ നിന്ന് ഉദ്ഖനനം ചെയ്യുന്നത്. അതായത് ഏകദേശം 2,50,000 മുതൽ 2,75,000 ഔൺസ് സ്വർണം. ദിവസം മുഴുവൻ ഖനന പ്രക്രിയകൾ നടക്കുന്നുണ്ട്. തൊഴിലാളികൾ വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് വഴി ആണ് ഇത് സാധ്യമാകുന്നത്. തൊഴിലാളികൾ തുരങ്കങ്ങൾക്കുള്ളിലൂടെ ദീർഘദൂരം സഞ്ചരിക്കേണ്ടി വരാറുണ്ട്. സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പ് വരുത്താൻ ലോജിസ്റ്റിക്സ് സംവിധാനം വിപുലമായി ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്വർണ ഖനി കൂടിയാണ് എംപോനെങ്. അതുകൊണ്ടുതന്നെ സാങ്കേതിക മികവിന്റെ കാര്യത്തിലും എംപോനെങ് സ്വർണഖനി മുന്നിട്ട് നിൽക്കുന്നു.
Content Highlights: The world's deepest gold mine, Mponeng extends 4 km down the earth and takes 3 hours for the miners to reach.