പുതിയ കാലഘട്ടത്തിലെ യുവാക്കൾക്കിടയിൽ ഏറ്റവും മൂല്യമുള്ള ഒന്നായി മാറുന്നത് 'റിയൽ' അല്ലെങ്കിൽ സ്വാഭാവികതയാണ്. ഇക്കണോമിക് ടൈംസും സ്നാപ്ചാറ്റും ചേർന്ന് തയ്യാറാക്കിയ ജെൻ സി ഇൻഡക്സിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിൽ എപ്പോഴും ഫിൽട്ടറുകൾ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുന്ന രീതിയ്ക്ക് ജെൻ സി വിടപറയുന്നുവെന്നാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫിൽട്ടറുകളും നിറഞ്ഞ ലോകത്ത്, സ്വന്തം പോരായ്മകൾ മറച്ചുവെക്കാതെ സ്വാഭാവികമായി ജീവിതം തുറന്ന് കാട്ടുന്നതിലാണ് ഈ സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ജെൻസികളും താല്പര്യം പ്രകടിപ്പിച്ചത്. ഷോപ്പിംഗ് രീതികൾ, കരിയർ തിരഞ്ഞെടുപ്പുകൾ, ബ്രാൻഡുകളോടുള്ള വിശ്വസ്തത എന്നിവയിൽ മുൻതലമുറകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.
ആഡംബര ജീവിതം കാണിക്കുന്ന വ്ളോഗുകളേക്കാൾ, സാധാരണ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ പങ്കുവെക്കുന്ന വീഡിയോകൾക്കാണ് ഇപ്പോൾ ആരാധകർ ഏറെ. പരസ്യങ്ങളിൽ മോഡലുകളെ ഉപയോഗിക്കുന്നതിനേക്കാൾ, സാധാരണക്കാരായ മനുഷ്യർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ പറയുന്നതും കാണാനാണ് ജെൻ സി ഇഷ്ടപ്പെടുന്നത്. ബ്രാൻഡുകൾ സത്യസന്ധമായിരിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു. പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള ബ്രാൻഡുകൾക്കും ഇവർ മുൻഗണന നൽകുകയും ചെയ്യുന്നു.