നിഗൂഢതകൾ പലതും ഒളിച്ചുവച്ചിരിക്കുന്ന ഇടങ്ങൾ നമ്മുടെ രാജ്യത്തുണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. മറ്റെങ്ങുമില്ലാത്ത പുരാതനമായ വിശ്വാസങ്ങൾ, കാലപഴക്കം ചെന്ന ആചാരങ്ങൾ, പാരമ്പര്യം എന്നിവയെല്ലാം ചേർന്നയിടങ്ങളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്താറുമുണ്ട്. ആത്മീയതും നാടോടിക്കഥകളും ഒപ്പത്തിനൊപ്പം ചേർന്നുപോകുന്ന ഇത്തരം ഇടങ്ങളെ കുറിച്ച് പറയുമ്പോൾ ഇതിൽ പ്രേതബാധകളുമായി ബന്ധപ്പെട്ട് കേൾവിക്കേട്ട ചില ഇടങ്ങളും ഉൾപ്പെടും. നമ്മുടെ നാട്ടിലെ പലയിടങ്ങളും ഇത്തരം പേടികളുടെയും വിശ്വാസങ്ങളുടെ പേരിൽ ഉപേക്ഷിക്കപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കാൻ പേടിയാണെങ്കിലും ഇവയെ കുറിച്ച് കേൾക്കാൻ പലർക്കും ഇഷ്ടമുണ്ടാകും.
പ്രേതകഥകളും നിർവചിക്കാനാവാത്ത പ്രതിഭാസങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ഉപേക്ഷിക്കപ്പെട്ട പല സ്ഥലങ്ങളും പ്രിയപ്പെട്ടവയായിരിക്കും. ഇത്തരത്തിലൊരു പ്രദേശമാണ് പശ്ചിമബംഗാളിലെ പുരുളിയ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ. ബെഗുങ്കോദർ എന്നാണ് ഈ റെയിൽവേ സ്റ്റേഷന്റെ പേര്. റാഞ്ചി ഡിവിഷനിലെ കോട്ട്ശില - മുരി സെക്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബെഗുങ്കോദർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളുകൾ അസ്വസ്ഥമാകുമെന്നാണ് പറയുന്നത്. ഇവിടെ ജോലിക്കെത്തിയ റെയിൽവേ ജീവനക്കാർ ഒരിക്കൽ ഭയന്നുവിറച്ച് ഇവിടെ ജോലിചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച് പോയതാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ഭയം വർധിച്ച് വന്നതോടെ അവസാനം റെയിൽവേയ്ക്ക് ഈ റെയിൽവേ സ്റ്റേഷൻ തന്നെ പൂട്ടിക്കെട്ടേണ്ടി വന്നു. 42 വർഷത്തോളം ഈ സ്റ്റേഷൻ പ്രവർത്തനരഹിതമായി കിടന്നു. ഇപ്പോഴും ഈ സ്റ്റേഷനെ കുറിച്ചുള്ള കഥകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ സ്റ്റേഷനിലൂടെ ട്രെയിനുകൾ കടന്നുപോകുമ്പോൾ അസാധാരണമായ ഒരു നിശബ്ദത കോച്ചുകളിൽ അനുഭവപ്പെടും. വൈകുന്നരമായി കഴിഞ്ഞാൽ പ്ലാറ്റ്ഫോമിലെല്ലാം ജീവിനില്ലാത്തത് പോലെയാവും, ഒരു മനുഷ്യനെയോ മൃഗത്തെയോ കാണാൻ കഴിയില്ല എന്നൊക്കെയാണ് പ്രചരണങ്ങൾ. എന്നാൽ പണ്ട് ഇങ്ങനെയായിരുന്നില്ലേ്രത കാര്യങ്ങൾ. 1960കളിൽ വളരെ തിരക്കുള്ള സ്റ്റേഷനുകളിൽ ഒന്നായിരുന്നു ഇത്. സന്താൽ വിഭാഗത്തിലെ രാജ്ഞിയായിരുന്ന ലാച്ചൻ കുമാരിയുടെ ശ്രമഫലമായാണ് ഈ സ്റ്റേഷൻ സ്ഥാപിതമായത്. ഗ്രാമീണമായ ഒരു മേഖലയുടെ വികസനത്തിന്റെ അടയാളമായിരുന്നു ഈ സ്റ്റേഷൻ. ചുറ്റുമുള്ള ഗ്രാമങ്ങളിലുള്ളവർക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിച്ചതും. 1967ലാണ് ഇവിടുത്തെ സ്റ്റേഷൻ മാസ്റ്റർ റെയിൽവേ ട്രാക്കിൽ ഒരു മന്ത്രവാദിനി നിൽക്കുന്നതായി കണ്ടെന്ന് പറയുന്നത്. ഇതോടെ വെള്ള സാരി ധരിച്ച് ഒരു സ്ത്രീയെ രാത്രികാലങ്ങളിൽ ട്രാക്കിൽ കാണുന്നുവെന്ന തരത്തിൽ പ്രചരങ്ങൾ കൊഴുത്തു. ഇത് ഗ്രാമങ്ങൾ തോറും പ്രചരിച്ചതിന് പിന്നാലെ പലരും ഇത്തരത്തിലൊരു സ്ത്രീയെ കണ്ട അനുഭവം പങ്കുവയ്ക്കാനും തുടങ്ങി. കാലം പോയതോടെ ഈ ട്രാക്കിൽ ജീവനൊടുക്കിയ ഏതോ സ്ത്രീയുടെ പ്രേതമാണിതെന്ന തരത്തിലായി പ്രചരണം.
റെയിൽവേ അധികൃതർ ഇതിനെ വലിയ കാര്യമാക്കി എടുത്തില്ല, എന്നാൽ ട്രാക്കില് സ്ത്രീയെ കണ്ടെന്ന് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം ഇവിടുത്തെ സ്റ്റേഷൻമാസ്റ്ററെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തിയതോടെ പ്രദേശത്താകെ ആശങ്കയായി. ഇതോടെ റെയിൽവേയുടെ സ്റ്റാഫുകളൊന്നും ഇവിടെ ജോലി ചെയ്യാൻ തയ്യാറായില്ല. ട്രെയിനുകൾക്ക് ഇതോടെ സ്റ്റോപ്പ് അനുവദിക്കാൻ കഴിയാത്ത അവസ്ഥയായി. മാത്രമല്ല പലതവണ ഇവിടെ പുതിയ ജീവനക്കാരെ നിയമിക്കാൻ റെയിൽവേ ശ്രമം നടത്തിയെങ്കിലും ആരും ഇവിടെ ജോലി ചെയ്യാന് തയ്യാറായില്ല. അവസാനം ഗതിക്കെട്ട് ഈ റെയിൽവേ സ്റ്റേഷൻ പൂർണമായും അടച്ചിടാൻ ഉത്തരവായി. എല്ലാതരത്തിലും പ്രേതബാധ നിറഞ്ഞൊരിടമായി ഈ സ്റ്റേഷനെ ആളുകൾ കാണാൻ തുടങ്ങി. ഇതിലൂടെ യാത്രചെയ്യുന്നവർ പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതായി പറഞ്ഞിട്ടുണ്ട്.
90കളിൽ പ്രാദേശികരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റേഷൻ വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം നടന്നു. നാല് പതിറ്റാണ്ടിന് ശേഷം 2009ൽ ഈ സ്റ്റേഷൻ റീഓപ്പൺ ചെയ്തു. അന്ന് റെയിൽവേ മന്ത്രിയായിരുന്ന മമതാ ബാനർജിയാണ് ഈ ഇടപെടൽ നടത്തിയത്. ഇന്നൊരു സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ ചെറിയ ഒരു സ്റ്റോപ്പ് സ്റ്റേഷനായാണ് ഇവിടം പ്രവർത്തിക്കുന്നത്. ഇപ്പോഴും ഇവിടെ റെഗുലറായ ഒരു റെയിൽവേ സ്റ്റാഫിനെ പോസ്റ്റ് ചെയ്യാറില്ല. സ്റ്റേഷന് കിട്ടിയ പേരുദോഷം അതേപോലെ നിലനിക്കാൻ ഇതാണിപ്പോഴും കാരണം.
Content Highlights: Begunkodar railway station in West Bengal is known as one of India’s most haunted places, with ghost stories that kept it closed for over 40 years before reopening in 2009.