വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ വാഷിംങ് മെഷീനില്‍ ഈ രഹസ്യ ചേരുവ ചേര്‍ത്തുകൊടുക്കാന്‍ മറക്കരുതേ...

ഡിറ്റര്‍ജന്റ് ഉപയോഗിച്ചിട്ടും വസ്ത്രങ്ങള്‍ വ്യത്തിയാകുന്നില്ലേ? . എന്നാല്‍ അലക്കുമ്പോള്‍ വാഷിംങ് മെഷീനില്‍ ഇതുകൂടി ചേര്‍ത്ത് നോക്കൂ. വ്യത്യാസം അറിയാം

വസ്ത്രങ്ങള്‍ അലക്കുന്നത് നമ്മുടെ ദൈനംദിന ജോലിയാണ്. തുണി വൃത്തിയാകാന്‍ ഏത് ഡിറ്റര്‍ജന്റ് ഉപയോഗിക്കണം, വസ്ത്രങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ വൃത്തിയാക്കാം എന്നൊക്കെ മിക്കവരും ചിന്തിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഡിറ്റര്‍ജന്റ് ഉപയോഗിച്ചിട്ടും വസ്ത്രങ്ങള്‍ നിറംമങ്ങിയതായി കാണപ്പെടുമ്പോള്‍ നിരാശ തോന്നും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്നല്ലേ? മറ്റൊന്നും അല്ല വൈറ്റ് വിനഗര്‍ അതായത് വെളുത്ത വിനാഗിരി. ഇതൊരു മാന്ത്രിക ഘടകമായി പ്രവര്‍ത്തിക്കുന്നു. ഇനി ഇത് എങ്ങനെ, എത്ര അളവില്‍ ഉപയോഗിക്കാം എന്നു നോക്കാം.

എന്തുകൊണ്ട് ഡിറ്റര്‍ജന്റ് മാത്രം പോര

ആധുനിക ഡിറ്റര്‍ജന്റുകള്‍ അഴുക്ക് വൃത്തിയാക്കുമെന്ന് പറയുമ്പോഴും ഇത് (Hard Water ) കഠിനജലത്തില്‍ കലര്‍ത്തുമ്പോള്‍ വസ്ത്രങ്ങളില്‍ പലതരം അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനിടയാക്കുന്നു. ഈ അവശിഷ്ടങ്ങള്‍ വസ്ത്രങ്ങളുടെ നാരുകളില്‍ അടിഞ്ഞുകൂടി അവ വസ്ത്രങ്ങളെ പരുക്കനാക്കുകയും നിറം മങ്ങുകയും ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സാധാരണ ഡിറ്റര്‍ജന്റ് മാത്രം പോര അതിനോടൊപ്പം അല്‍പ്പം വിനാഗിരി കൂടി ചേര്‍ത്താല്‍ ഇതിലെ അസിഡിറ്റി വസ്തത്രത്തില്‍ അടിഞ്ഞുകൂടിയ ഡിറ്റര്‍ജന്റ് അവശിഷ്ടങ്ങളെ തകര്‍ക്കുന്നു.

വൈറ്റ് വിനാഗിരി എങ്ങനെ ഗുണം ചെയ്യും

വെളുത്ത വിനാഗിരിയുടെ ഏറ്റവും നല്ല ഗുണം അതിന് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ കഴിയും എന്നതാണ്. മാത്രമല്ല വസ്ത്രങ്ങള്‍ മൃദുവാക്കുകയും ചെയ്യും. ജിമ്മില്‍ ഉപയോഗിക്കുന്ന വ സ്ത്രങ്ങള്‍, സോക്‌സുകള്‍, ടവ്വലുകള്‍ എന്നിവയൊക്കെ വൃത്തിയാക്കുമ്പോള്‍ വിനാഗിരി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. വസ്ത്രങ്ങളുടെ നിറം സംരക്ഷിക്കുന്നതാണ് മറ്റൊരു ഗുണം. ഡിറ്റര്‍ജന്റും മറ്റും അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുന്നതിലൂടെ വസ്ത്രങ്ങളുടെ നിറം സംരക്ഷിക്കാന്‍ വിനാഗിരി സഹായിക്കുന്നു. അതുകൂടാതെ വെള്ള വസ്ത്രങ്ങളാണെങ്കില്‍ അവയുടെ നിറം സംരക്ഷിക്കുകയും ചെയ്യുന്നു.

എത്ര അളവില്‍ വിനാഗിരി ഉപയോഗിക്കാം

വസ്ത്രം അലക്കുമ്പോള്‍ എത്ര അളവില്‍ വിനാഗിരി ഉപയോഗിക്കാം എന്ന് പലര്‍ക്കും സംശയം തോന്നാം.ഡിറ്റര്‍ജന്റിനൊപ്പം അരകപ്പ് വിനാഗിരി ഒഴിച്ചാല്‍ മതിയാകും.

വാഷിംഗ് മെഷീന് കേടുവരുമോ?

ഇടയ്ക്കിടെയും മിതമായും ഉപയോഗിക്കുമ്പോള്‍ വിനാഗിരി സുരക്ഷിതമാണ്. സോപ്പ്‌പൊടിയിലെ അവശിഷ്ടങ്ങളും മറ്റും അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഏതൊക്കെ വസ്ത്രങ്ങള്‍ വിനാഗിരിയില്‍ അലക്കരുത്

വെളുത്ത വിനാഗിരി എല്ലാത്തരം തുണിത്തരങ്ങള്‍ക്കും അനുയോജ്യമല്ല. പട്ട് അല്ലെങ്കില്‍ കമ്പിളി പോലുള്ള വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.

Content Highlights : There is a way to clean clothes thoroughly and remove odors from them.

To advertise here,contact us