പിറന്നാള്‍ കേക്ക് മുറിക്കുമ്പോള്‍ മെഴുകുതിരി ഊതിക്കെടുത്തുന്നത് എന്തിനാണെന്ന് അറിയാമോ?

ജന്‍മദിനങ്ങളില്‍ കേക്ക് മുറിക്കുകയും മെഴുകുതിരി ഊതിക്കെടുത്തുകയും ചെയ്യുന്നവരാണ് നിങ്ങളും അല്ലേ? എന്നാല്‍ അതെന്തിനാണ്

ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് കേക്ക് മുറിക്കുകയും മെഴുകുതിരി ഊതിക്കെടുത്തുകയും ചെയ്യുന്ന ചടങ്ങുണ്ട്. ലോകമെമ്പാടും സാധാരണയായി കണ്ടുവരുന്ന ഒരു ആചാരമാണിത്. എന്തുകൊണ്ടായിരിക്കും ജന്‍മദിനകേക്ക് മുറിക്കുമ്പോള്‍ മെഴുകുതിരി ഊതിക്കെടുത്തുന്നത്. അതിന് പിന്നില്‍ ചില ഐതീഹ്യങ്ങളുണ്ട്.

ആദ്യം കേക്ക് മുറിക്കുന്നതിനെക്കുറിച്ച് അറിയാം

ഐതീഹ്യങ്ങള്‍ അനുസരിച്ച് റോമന്‍ സംസ്‌കാരത്തില്‍ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളില്‍ അതിഥികള്‍ക്ക് കേക്കുകള്‍ വിളമ്പിയിരുന്നു. തുടക്കത്തില്‍ മാവ്, തേന്‍, പരിപ്പ് തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് പരന്ന വൃത്താകൃതിയിലാണ് കേക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.എ.ഡി. 15ാം നൂറ്റാണ്ടില്‍, ജര്‍മ്മന്‍ ബേക്കറികള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒറ്റ പാളിയുള്ള കേക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവാഹങ്ങളില്‍ മാത്രമേ കേക്ക് മുറിക്കാന്‍ കഴിയൂ എന്ന മിഥ്യാധാരണ ഇതോടെ ഇല്ലാതായി. അങ്ങനെയാണ് പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കുന്ന പാരമ്പര്യം സൃഷ്ടിക്കപ്പെട്ടതത്രേ.

പിന്നീട് കേക്കുകള്‍ വളരെയധികം മാറ്റങ്ങളിലൂടെ കടന്നുപോയി. പുതിയ രീതിയിലുളള കേക്കുകള്‍ 17ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ഈ കേക്കുകള്‍ ക്രീം കൊണ്ട് പൊതിഞ്ഞ്, മനോഹരമായ ഐസിംഗ് കൊണ്ട് അലങ്കരിച്ചിരുന്നു. കൂടാതെ വ്യത്യസ്ത ആകൃതികളിലും ലഭ്യമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ജന്മദിനങ്ങളില്‍ കേക്ക് മുറിക്കാന്‍ തുടങ്ങി. താമസിയാതെ ഈ പാരമ്പര്യം ലോകമെമ്പാടും വ്യാപിച്ചു.

മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നതിന് പിന്നിലെ കാരണം

ജന്‍മദിനങ്ങളില്‍ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നതുമായി ബന്ധപ്പെട്ട ധാരാളം പുരാതന കഥകളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഒരു ഗ്രീക്ക് പാരമ്പര്യ കഥയാണ്. ജന്‍മദിനങ്ങളില്‍ മെഴുകുതിരി ഊതുന്ന പാരമ്പര്യം ആര്‍ട്ടെമിസ് ദേവിയുടെ ജന്‍മദിനത്തെ ഓര്‍മിക്കുന്നതിന് വേണ്ടിയാണെന്നാണ് ഒരു കഥ. മറ്റൊരു കഥ 1881ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉത്ഭവിച്ച ഒരു പാരമ്പര്യത്തെക്കുറിച്ചുളളതാണ്. സ്വിറ്റ്‌സര്‍ലണ്ടിലെ മധ്യവര്‍ഗം അക്കാലത്ത് നിരവധി അന്ധവിശ്വാസങ്ങള്‍ പിന്തുടര്‍ന്നിരുന്നു. കേക്കിലെ മെഴുകുതിരികളുടെ എണ്ണം വ്യക്തിയുടെ പ്രായത്തിനേക്കാള്‍ ഒന്ന് കൂടുതലായിരുന്നു. ഇതിലൂടെ വരാനിരിക്കുന്ന ഒരുവര്‍ഷത്തെ പ്രതീക്ഷയോടെയും ജീവിതത്തിന്റെ വെളിച്ചമായും അവര്‍ കണ്ടു.

Content Highlights : Why do people blow out candles when cutting a birthday cake? There are some legends behind it.

To advertise here,contact us