കൊവിഡ് കാലത്ത് പലരും അവരുടെ ജീവിതമാർഗം നഷ്ടമാകാതെ പിടിച്ചു നിന്നത് 'വർക്ക് ഫ്രം ഹോം' എന്ന രീതിയിലൂടെ ആയിരുന്നു. മഹാമാരിയെ ലോകം അതിജീവിച്ചതിന് ശേഷവും 'വർക്ക് ഫ്രം ഹോം' ശൈലി തുടരുന്ന ട്രന്ഡ് പലയിടത്തും ഉണ്ടുതാനും.
നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടമാണോ? എന്നാൽ ഇതാ പുതിയൊരു പഠനം പുറത്ത് വന്നിരിക്കുകയാണ്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നത് ആളുകളെ കൂടുതൽ സന്തോഷവാന്മാരാക്കുന്നു എന്നാണ് നാല് വർഷമെടുത്ത് നടത്തിയ പഠനം തെളിയിക്കുന്നത്.
യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ശാസ്ത്രജ്ഞർ നാല് വർഷമെടുത്ത് ജീവനക്കാരിൽ നടത്തിയ സൂക്ഷ്മ പരിശോധനയിലൂടെയാണ് ഈ കണ്ടെത്തലിൽ എത്തിയത്. കൊവിഡ് ലോക്ക്ഡൗൺ, പിന്നീട് ഭാഗികമായി പ്രവർത്തനമേഖല പുനരാരംഭിച്ച കാലം, പൂർണമായും ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ കാലം എന്നിങ്ങനെ കൊവിഡ് മുതലുള്ള കാലഘട്ടമാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്.
ഓഫീസിലും വീട്ടിലുമായി മാറി മാറി ജോലി ചെയ്യുന്നവർ, പൂർണമായും വീട്ടിൽ മാത്രമിരുന്ന് ജോലിചെയ്യുന്നവർ (ഇടക്ക് മാത്രം ഓഫീസിൽ പോകുന്നവർ) തുടങ്ങിയ ജീവനക്കാരെയാണ് ശാസ്ത്രജ്ഞർ കൂടുതലും നിരീക്ഷച്ചത്. അവരുടെ മൂഡ്, സ്ട്രെസ് ലെവൽ, ഉറക്കം എന്നിവയെല്ലാം നിരീക്ഷിക്കുന്നതിനോടൊപ്പം ജീവനക്കാർക്ക് കരച്ചിൽ വരുന്ന പ്രവണതകൾ വരെ ശാസ്ത്രജ്ഞർ പഠനവിധേയമാക്കി. മുൻപ് ഓഫീസ് സമയത്ത് പ്രഷർ താങ്ങാൻ സാധിക്കാതെ അല്ലെങ്കിൽ മേലധികാരികളുടെ ശകാരം കേട്ടുമെല്ലാം ഉണ്ടാകുന്ന സങ്കടം മിക്കപ്പോഴും ജീവനക്കാർ ഓഫീസിൽ തന്നെയുള്ള സ്വകാര്യ ഇടങ്ങളിൽ കരഞ്ഞുതീർക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് കരയാനുള്ള പ്രവണത കൂടിയോ കുറഞ്ഞോ എന്നറിയാൻ ആ ഘടകം കൂടി പഠനവിധേയമാക്കിയത്. ഇതിനെല്ലാം പുറമെ ഹൃദയമിടിപ്പ് വ്യതിയാനം, മാനസികാരോഗ്യ സൂചകങ്ങൾ, അസുഖ ദിനങ്ങൾ തുടങ്ങി ജീവനക്കാരെ സംബന്ധിക്കുന്ന മാനസിക ശാരീരിക ഘടകങ്ങളും പഠനവിധേയമാക്കിയിരുന്നു.
ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഉയർന്ന ജീവിത സംതൃപ്തി, കുറഞ്ഞ ക്ഷീണം, സമയലാഭം, സമയനിയന്ത്രണം എല്ലാം സാധ്യമായതായി പഠനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ആഴ്ചയിലെ മിക്ക ദിവസങ്ങളിലും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് മറ്റുള്ളവരെക്കാൾ 20-25% വരെ കൂടുതൽ സന്തോഷവും ജോലിയിൽ സംതൃപ്തിയും അനുഭവപ്പെടുന്നുണ്ടെന്നും പ്രസ്തുത പഠനം വെളിപ്പെടുത്തുന്നു.
ഈ പഠനത്തില് പറയുന്നത് നൂറു ശതമാനവും ശരിയാണെന്ന് മനസിലാകാന് ചുറ്റുമുള്ള 'വർക്ക് ഫ്രം ഹോം' ചെയ്യുന്ന സുഹൃത്തക്കളെ വീക്ഷിച്ചാൽ മനസിലാക്കാം. തങ്ങളുടെ പ്രിയപ്പെട്ട ഇടത്തിലിരുന്ന് അധ്വാനിച്ച് നേടിയ ജോലി ചെയ്യാൻ സാധിക്കുക, ഗതാഗത കുരുക്കിനെയും മറ്റും ഭയക്കാതെ കൃത്യസമയത്ത് ജോലിയിൽ പ്രവേശിക്കുക, ഒത്തിരി നേരം ഇരുന്ന് മടുക്കുമ്പോൾ ചീഫിനെയും മറ്റ് സഹപ്രവർത്തകരെയും ഭയപ്പെടാതെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഒന്ന് നടക്കുക, വേണമെങ്കിൽ ഒരു ചായയോ ചെറിയൊരു വിഭവമോ ഉണ്ടാക്കി ആസ്വദിക്കുക അങ്ങനെ സ്ട്രെസ്സ് റിലീസ് ചെയ്യാനുള്ള സൗകര്യം ഏറ്റവും ഫലപ്രദമായി ലഭ്യമാകുക വീട്ടിൽ തന്നെയാണ്. കൂടാതെ കൃത്യസമയത്ത് വിശ്രമം, ഉറക്കം മറ്റ് വ്യായാമങ്ങൾ എന്നിവ ചെയ്യാൻ സമയം ലഭ്യമാകുക വഴി ക്ഷീണം അകറ്റാനും ആരോഗ്യം സംരക്ഷിക്കാനും ജീവനക്കാർക്ക് സൗകര്യം ഒരുങ്ങുന്നു. ഇത് ജീവിതനിലവാരം ഉയർത്താനും ഏറെ സഹായിക്കുന്നു.
പഠനം ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ട്. ഈ വെളിപ്പെടുത്തലുകൾ കമ്പനി മാനേജർമാർ അംഗീകരിക്കുന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ജീവനക്കാർ ഫലപ്രദമായി ജോലി ചെയ്യുന്നത് ഓഫീസിൽ വന്നിരിക്കുമ്പോഴാണ് എന്ന വാദമാണ് അവർ ഉയർത്തുന്നത്. ഏൽപ്പിച്ച ജോലി സമയബന്ധിതമായി ജീവനക്കാർ തീർക്കുന്നത് കണ്ടിട്ടും മാനേജർമാർ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട് എന്ന് അതിശയത്തോടെ വീക്ഷിക്കുകയാണ് ഇപ്പോൾ ശാസ്ത്രജ്ഞർ.
Content Highlights: After conducting research for four years, scientists have concluded that working from home leads to increased happiness and overall well-being among employees.