UPI വഴി പണമയച്ച അക്കൗണ്ട് മാറിപ്പോയോൽ എന്ത് ചെയ്യും? അറിഞ്ഞിരിക്കാം

യുപിഐ ട്രാൻസ്ഫർ നടത്തുമ്പോൾ ഇത്തരത്തിൽ അബദ്ധം പറ്റിയാൽ എന്ത് ചെയ്യണം?

ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ പേയ്‌മെന്റിന്റെ ജനപ്രീതിയെ കുറിച്ച് കൂടുതൽ പറയേണ്ടല്ലോ? ഏറ്റവും ഈസിയായി ഏറ്റവും വേഗത്തിൽ പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഒരു ചെറിയ തെറ്റ്, അതായത് നിങ്ങൾ എന്റർ ചെയ്ത യുപിഐ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ തെറ്റിപ്പോയാൽ പണം പോകുന്ന ബാങ്ക് അക്കൗണ്ട് തന്നെ മാറിപ്പോകും. ഇത്തരം സാഹചര്യങ്ങളിൽ ഈ പണം എങ്ങനെ തിരിച്ചുപിടിക്കാം എന്നതാകും യൂസറിന് ഉണ്ടാകുന്ന ആശങ്ക.

സാമ്പത്തിക വിദഗ്ധർ പറയുന്നത്, ഇത്തരത്തിൽ തെറ്റി അയക്കുന്ന പണം തിരിച്ചുപിടിക്കുന്നത് ചില സമയങ്ങളിൽ നടക്കുന്ന കാര്യമാണെങ്കിലും എപ്പോഴും ഇത് ഗ്യാരന്റി പറയാൻ കഴിയില്ലെന്നാണ്. എത്രയും പെട്ടെന്ന് നിങ്ങൾ പ്രവർത്തിക്കുന്നു, നടപടികള്‍ സ്വീകരിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും പണം തിരികെ കിട്ടാനുള്ള സാധ്യതയും. ഇതുകൂടാതെ പണം ലഭിച്ചയാളുടെ സഹകരണം, ബാങ്കിൽ നിന്നുള്ള ഔട്ട്കം, എൻപിസിഐ ഇൻവെസ്റ്റിഗേഷൻ എന്നിവയും പണം റിക്കവറി ചെയ്യുന്നതിനെ സ്വാധീനിക്കും.

യുപിഐ ട്രാൻസ്ഫർ നടത്തുമ്പോൾ ഇത്തരത്തിൽ അബദ്ധം പറ്റിയാൽ എന്ത് ചെയ്യണം?, എങ്ങനെ റിക്കവറി പ്രവർത്തിക്കും?, എപ്പോഴാണ് പണം തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാകുന്നത് എന്നൊക്കെ അറിഞ്ഞിരിക്കാം.

പണം അയച്ച അക്കൗണ്ട് മാറിപ്പോയെങ്കിൽ അല്ലെങ്കിൽ തെറ്റിപ്പോയെങ്കിൽ ഇനി സമയം പാഴാക്കാനില്ലെന്ന ബോധ്യം ഉണ്ടാകണം. നിങ്ങൾ എത്ര വേഗത്തില്‍ പ്രവർത്തിക്കുന്നോ അത്രയും വേഗം പണം തിരികെ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിന്‍റെ ആദ്യപടി എന്നത് ബാങ്കിനെ ബന്ധപ്പെടുക അല്ലെങ്കിൽ യുപിഐ ആപ്പ് സപ്പോർട്ടുമായി ബന്ധപ്പെടുക എന്നതാണ്. അതായത് എത്രയും വേഗം ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടണം അല്ലെങ്കിൽ യുപിഐ ആപ്പ് സപ്പോർട്ട് ടീമിനെ സമീപിക്കണം.(ഗൂഗിൾ പേ, ഫോൺ പേ, പേടി എം, ഭീം).

തുടർന്ന് ട്രാൻസാക്ഷൻ വിവരങ്ങൾ അവർക്ക് നൽകാം. ഇതിൽ ട്രാൻസാക്ഷൻ ഐഡി, ഇടപാട് നടത്തിയ സമയവും തീയതിയും, എത്ര പണം അയച്ചു, പണം റിസീവ് ചെയ്ത ആളുടെ യുപിഐ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവയാണ് ഉൾപ്പെടുന്നത്. പരാതി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ബാങ്ക് ഇതിന്റെ മേൽ ഒരു അന്വേഷണം നടത്തും. തുടർന്ന് ഏത് ബാങ്കിന്റെ അക്കൗണ്ടിലേക്കാണോ പണം പോയത് അവരുമായി സഹകരിച്ച് പണം റിക്കവർ ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കും.

യുപിഐ പണമിടപാട് കൈകാര്യം ചെയ്യുന്നത് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻപിസിഐയാണ്. പണമിടപാടിൽ ഉണ്ടാകുന്ന ഇത്തരം തെറ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ബാങ്കും എൻപിസിഐയും സംയുക്തമായി ട്രാൻസാക്ഷൻ പരിശോധിക്കും. ടെക്‌നിക്കൽ പ്രശ്‌നമാണെന്ന് വ്യക്തമായാൽ റീഫണ്ട് പ്രക്രിയ ആരംഭിക്കും. ഇനി പണം എത്തിയത് സാധുവായ ഒരു അക്കൗണ്ടിലാണെങ്കിൽ, റിക്കവറി നടക്കുക പണം ലഭിച്ചയാളുടെ കൺസെന്റിനെ ആശ്രയിച്ചായിരിക്കും. ബാങ്കിനൊരിക്കലും നിർബന്ധപൂർവമായി റെസീപിയന്റിന്റെ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്യാൻ കഴിയില്ല. അതിനാൽ പണം ലഭിച്ചയാളുടെ സമ്മതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

പലപ്പോഴും പണം തിരികെ ലഭിക്കാനുള്ള ബുദ്ധിമുട്ടിന് പ്രധാന കാരണം, ഈ പണം ലഭിച്ചയാൾ അത് ചിലവഴിക്കുക, ഫണ്ട് തിരികെ നൽകാൻ തയ്യാറാകാതെ ഇരിക്കുക, ട്രാൻസാക്ഷനിൽ ടെക്‌നിക്കലായ പ്രശ്‌നങ്ങൾ കണ്ടെത്താൻ കഴിയാതെ പോകുക, പണം അയച്ചത് അജ്ഞാതമായ അല്ലെങ്കിൽ വ്യാജ അക്കൗണ്ടിലേക്ക് ആകുക എന്നതെല്ലാമാണ്. ഇത്തരം സാഹചര്യത്തില്‍ ബാങ്കിന് ഇടപെടാൻ പരിമിതി ഉണ്ടാകും. ഇതോടെ പണം അയച്ച ആൾ നിയമപരമായ സഹായം തേടാനായി പൊലീസിലോ കൺസ്യൂമർ കോടതിയിലോ പരാതി രജിസ്റ്റർ ചെയ്യണം. ഇനി നിയമപരമായ നടപടികൾ കൊണ്ട് ഗുണമുണ്ടാകുമോ എന്ന് ചോദിച്ചാൽ, ഇതിന് കാലതാമസം ഉണ്ടാകുമെന്നതാണ് ആദ്യത്തെ പ്രശ്‌നം. തെളിവുകൾ, പണമിടപാടിന്റെ രേഖകൾ, ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കും പണം തിരികെ ലഭിക്കാനുള്ള സാധ്യത.

യുപിഐയിലൂടെ ഇടപാടുകൾ നടത്തുമ്പോള്‍ അക്കൗണ്ടുകൾ മാറി അയക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഇതിൽ പ്രധാനമായും ചെയ്യാൻ കഴിയുക. തെറ്റായി പണമിടപാട് നടത്തിയാൽ ബാങ്കോ എൻപിസിഐയോ റീഫണ്ട് ഗ്യാരന്റി ചെയ്യുന്നില്ല. അവർക്ക് റെസീപിയന്റുമായി ആശയവിനിമയം നടത്താൻ അവസരമുണ്ടാക്കാൻ കഴിയും ഒപ്പം ടെക്‌നിക്കൽ പ്രശ്‌നങ്ങളും അന്വേഷിക്കാം. എന്നാൽ ഫൈനൽ റിക്കവറി റെസീപിയന്റിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Content Highlights: Accidentally sent money to the wrong account through UPI? Learn how to resolve the issue, including steps to contact your bank, file a dispute, and possibly reverse the transaction

To advertise here,contact us