24 മണിക്കൂറും പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. പച്ചക്കറികളും പാലും മത്സ്യമാംസാദികളും ഭക്ഷണവും ഒക്കെക്കൊണ്ട് അത് നിറഞ്ഞിരിക്കും. എന്നാല് രാവും പകലും നിര്ത്താതെ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഈ റഫ്രിഡ്ജറേറ്ററിനും ഒരു ആയുസുണ്ട്. വര്ഷങ്ങളായി ഒരേ ഫ്രിഡ്ജ് തന്നെ ഉപയോഗിക്കുന്നവരുണ്ടെങ്കില് സൂക്ഷിക്കേണ്ടിയിരിക്കുന്നു. റഫ്രിഡ്ജറേറ്റര് കൃത്യസമയത്ത് മാറ്റി സ്ഥാപിച്ചില്ലെങ്കില് ഭക്ഷണം കേടുവരിക മാത്രമല്ല ആരോഗ്യത്തിന് ഹാനികരമാവുകയും ചിലപ്പോള് ജീവഹാനി ഉണ്ടാക്കുകയും ചെയ്തേക്കാം. റഫ്രിഡ്ജറേറ്ററിലെ പ്രവര്ത്തനത്തിലുള്ള ചില സൂചനകള് അതിന്റെ പ്രവര്ത്തനം തകരാറിലാണെന്നതിന്റെ ലക്ഷണങ്ങള് കാണിച്ചുതരും.
പാലും പച്ചക്കറികളും വേഗത്തില് കേടാവുക, അവയില്നിന്ന് ദുര്ഗന്ധം വരിക ഇവയൊക്കെ റഫ്രിഡ്ജറേറ്ററിന്റെ പ്രവര്ത്തനം തകരാറിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങളാണ്. ഫ്രിഡ്ജിലുള്ള താപനില ശരിയായ രീതിയില് അല്ല എന്നുള്ളതുകൊണ്ടാണ് ഭക്ഷണം എളുപ്പത്തില് കേടാകുന്നത്.
മിക്ക വീടുകളിലേയും റഫ്രിഡ്ജറേറ്ററിന്റെ ഫ്രീസറിനുള്ളില് ഐസ് നിറഞ്ഞിട്ടുണ്ടാകും. ഫ്രിഡ്ജ് പഴകുമ്പോഴാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. മാത്രമല്ല റഫ്രിഡ്ജറേറ്ററില് നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയോ വെള്ളം കെട്ടിക്കിടക്കുകയോ ചെയ്യുകയാണെങ്കില് അതിനര്ഥം ഫ്രിഡ്ജ് കേടായിട്ടുണ്ട് എന്നാണ്.
റഫ്രിഡ്ജറേറ്ററില്നിന്ന് അസാധാരണമായ ശബ്ദങ്ങളുണ്ടാവുകയും പുറമേ ചൂടുണ്ടാവുകയും ചെയ്യുകയാണെങ്കില് ഇത് കംപ്രസറിന്റെ അധിക ലോഡിന്റെ സൂചനയാണ്.
പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ വൈദ്യുത ബില്ല് വര്ധിക്കുന്നുണ്ടോ? എന്നാല് നിങ്ങളുടെ ഫ്രിഡ്ജ് പരിശോധിക്കേണ്ടിയിരിക്കുന്നു. പഴയ ഫ്രിഡ്ജുകള് കൂടുതല് ഊര്ജം ഉപയോഗിച്ച് തണുപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാറ്റി സ്ഥാപിക്കുന്നതിന് സമയമായി എന്നതാണ് ഇത് കൊണ്ട് മനസിലാക്കാന് സാധിക്കുന്നത്.
Content Highlights :How to know if the refrigerator is malfunctioning. How to know if the refrigerator is damaged