തെരുവുനായ്ക്കൾ ഇല്ലാത്തിടം ചുരുക്കമാണ്. ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റവർ, വാഹനത്തിന് കുറുകെ ചാടി അപകടത്തിൽപ്പെട്ടവർ, കടിയേറ്റ് ചികിത്സയിലിക്കെ മക്കളെ അടക്കം നഷ്ടപ്പെട്ട അമ്മമാർ അങ്ങനെ പലരെയും നമുക്ക് അടുത്തറിയാം. വാലും ആട്ടി മുരളുന്ന ശബ്ദവുമായി തെരുവുകളിൽ അലഞ്ഞുതിരിയുന്ന ഈ നായ്ക്കളുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുക എന്നത് കുറച്ച് പാടാണ്. ഇവയിൽ ഒരു വിഭാഗം അപകടകാരികളല്ല, പെട്ടെന്ന് മനുഷ്യരുമായി ഇണങ്ങുന്നവയാകും. എന്നാൽ മറ്റൊരു വിഭാഗമാണ് അക്രമ സ്വഭാവമുള്ളവ. ചിലത് എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ പോലും കഴിയില്ല.
ഇവയുടെ സമീപമെത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അറിഞ്ഞിരിക്കുന്നത്, ഇവയുടെ കടിയിൽ നിന്നും രക്ഷിക്കുക മാത്രമല്ല, ഇവയുടെ രീതി മനസിലാക്കിയിരിക്കുക കൂടിയാണ്. പേടിക്കുന്നതും സമ്മർദത്തിലാകുന്നതും അവസ്ഥ കൂടുതൽ മോശമാക്കും. പെട്ടെന്നുള്ള പ്രവർത്തി, നേരിട്ടുള്ള തുറിച്ചുനോട്ടം, ചില ആംഗ്യങ്ങൾ എന്നിവയെല്ലാം ഭീഷണിയായി മാത്രമേ ഇവ കണക്കാക്കുകയുള്ളു. സമാധാനപൂർണവും അളന്ന് മുറിച്ചുള്ള പെരുമാറ്റവുമാണ് പ്രതിരോധത്തിന് ഏറ്റവും മികച്ചത്. ഇതിനെ കുറിച്ചുള്ള അവബോധവും ക്ഷമയുമൊക്കെയാണ് ആദ്യം നമുക്ക് വേണ്ടത്.
തെരുവുനായ്ക്കളെ കണ്ട് ഓടിയാൽ ഇവ പിറകേ വരും. ഇത് അവയുടെ രീതിയാണ്. ഭയപ്പെട്ടാലും അനങ്ങാതെ നിൽക്കുക അല്ലെങ്കിൽ പതിയെ ദൂരേക്ക് നടക്കുക. പെട്ടെന്നുള്ള അനക്കം, ചാടി പിന്നിലേക്ക് മാറുക, പേടിച്ച് പോകുക എന്നിവ ഇവയുടെ ആക്രമണ സ്വഭാവം പുറത്തെടുക്കും. റിലാക്സായി നിൽക്കുകയാണ് വേണ്ടത്. മാത്രമല്ല, കൈകൾ ഇരുവശത്തും വെയ്ക്കുക, ആവശ്യമാണെന്ന് തോന്നിയാൽ പതിയെ അവിടെ നിന്നും മാറുക. നിങ്ങൾ ശാന്തമായി നിൽക്കുമ്പോൾ, നിങ്ങളൊരു ഭീഷണിയല്ലെന്ന പ്രതീതിയാണ് നായ്ക്കളിൽ ഉണ്ടാക്കുക. ഇതോടെ നിങ്ങളെ പിന്തുടരാനുള്ള സാധ്യത കുറവായിരിക്കും. മാത്രമല്ല ആക്രമിക്കാനും മുതിരില്ല. കൂട്ടത്തോടെ നിൽക്കുന്ന നായകളുടെ സ്വാഭവം ഒറ്റയ്ക്കുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. കൂട്ടംകൂടി നിൽക്കുന്നവ ഒന്ന് മറ്റൊന്നിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സ്വഭാവമുള്ളവയായിരിക്കും. ഇവയുടെ സമീപത്തേക്ക് പോകുന്നത് അവയെ ട്രിഗർ ചെയ്യും. അതിനാൽ ഇവയ്ക്ക് ഇടയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം.
രാത്രിയിലും സന്ധ്യാനേരത്തും കൂടുതൽ ജാഗ്രത പുലർത്തണം. കാരണം കാഴ്ചമറയ്ക്കുന്ന സമയമാണിത്. ദൂരെ നിന്നു തന്നെ ഇവയെ നിരീക്ഷിക്കുന്നത് പെട്ടെന്നുള്ള ഏറ്റുമുട്ടലിൽ നിന്നും രക്ഷനേടാൻ സഹായിക്കും. നിങ്ങളുടെ ആംഗ്യങ്ങളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നായ്ക്കളുടെ കണ്ണുകളിലേക്ക് നേരിട്ട് തുറിച്ച് നോക്കുക, കൈ വീശുക, ഉറക്കെ ശബ്ദം വയ്ക്കുക അല്ലെങ്കിൽ പെട്ടെന്ന് അനങ്ങുക ഇവയെല്ലാം പ്രശ്നമാണ്. ഇതിന് പകരം ന്യൂട്രലായ ഒരു രീതി അവലംബിക്കുക, അവയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ആംഗ്യങ്ങൾ കാട്ടരുത്. നിങ്ങളുടെ മുഖവും റിലാക്സ്ഡ് ആയിരിക്കണം. സമാധാനപരമായ ശരീരഭാഷ ആക്രമണ സ്വഭാവം, കുരയ്ക്കല് തുടങ്ങിയ രീതിയിലേക്ക് നായ്ക്കളെ നയിക്കില്ല. കോട്ടുവായ, പതിയെ ചുണ്ടുകളിൽ നാക്കുകൊണ്ട് നക്കുക, നിങ്ങളുടെ നോട്ടത്തിന്റെ ദിശ മാറ്റുക എന്നിവ നിങ്ങളൊരു ഭീഷണിയല്ലെന്ന് അവയയിൽ തോന്നിപ്പിക്കും. നിങ്ങളുടെ അടുത്തേക്ക് വന്ന് അവ മണപ്പിക്കാൻ ശ്രമിച്ചാൽ അതിന് അനുവദിക്കുക. ബലംപ്രയോഗിച്ച് ഇടപെടൽ നടത്താതിരിക്കുക. ഇതോടെ നിങ്ങൾക്കും നായ്ക്കും ഇടയിലുള്ള സമ്മർദം കുറയും.
നിങ്ങളുടെ കൈവശമുള്ള ഭക്ഷണസാധനങ്ങളും മറ്റും കൃത്യമായി കൈകാര്യം ചെയ്യുക. അശ്രദ്ധമായി ഇവ കൈവശം വച്ചാൽ ഇതിനായി നായ്ക്കൾ പിന്നാലെ വരാം. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന രീതി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മറ്റ് പല മൃഗങ്ങളെ ആകർഷിക്കുകയും ഇവ തമ്മിലുള്ള സംഘർഷങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.
നിങ്ങൾക്ക് പരിചയമില്ലാത്ത പ്രദേശത്ത് പോകുമ്പോൾ അവിടുത്തെ ആളുകളോട് ഇവയെ കുറിച്ച് ചോദിക്കാം. അവർ നൽകുന്ന വിവരങ്ങളും നിങ്ങളുടെ സുരക്ഷയ്ക്ക് നല്ലതാണ്. ഒരു നായ ആക്രമിക്കാൻ വന്നാൽ സംഭ്രമിക്കരുത്. കൈയിലുള്ള ബാഗോ, ജാക്കറ്റോ മറ്റെന്തെങ്കിലും സാധനങ്ങളോ നിങ്ങൾക്കും നായയ്ക്കും ഇടയിലായി വയ്ക്കുക. നായ പിറകിലേക്ക് പോയാൽ, പെട്ടെന്ന് ചലിക്കാതിരിക്കുക, പിറകിലേക്ക് തിരിയാതിരിക്കുക. ഇങ്ങനെ ചെയ്താൽ അവ പിറകേ വരാം.Content Highlights: simple and effective tips to protect yourself from street dogs