വിഷമില്ലാത്ത പാമ്പുകള്‍ മനുഷ്യന് ഭീഷണിയോ? ഇക്കാര്യങ്ങള്‍ അറിയാം

വിഷമില്ലാത്ത പാമ്പെന്ന് പറയുമ്പോള്‍ ഇവയ്ക്ക് വിഷഗ്രന്ഥികള്‍ ഇല്ല, അതിനാല്‍ ഇവ കടിച്ചാല്‍ വിഷം ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ കഴിയില്ല

വിഷമുള്ള പാമ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് മാത്രമേ ഭൂരിഭാഗം പേരും ചിന്തിക്കുകയുള്ളു. അപകടകാരികളായ പാമ്പുകള്‍ എന്ന് കേള്‍ക്കുമ്പോഴേ മനസില്‍ വരിക മൂര്‍ഖന്‍, അണലി അല്ലെങ്കില്‍ റാറ്റില്‍ സ്‌നേക്ക് എന്നിവയൊക്കെയാകും. അപ്പോള്‍ ഒരു ചോദ്യമുണ്ട്, വിഷമില്ലാത്ത പാമ്പുകള്‍ മനുഷ്യന് ഭീഷണിയാണോ?. അമ്പരക്കേണ്ട, ഇതിന്റെ ഉത്തരം അതേയെന്ന് തന്നെയാണ്. പക്ഷേ ഒരിക്കലും നിങ്ങള്‍ ചിന്തിക്കുന്ന രീതിയിലല്ല ഈ അപകടം.

വിഷമില്ലാത്ത പാമ്പെന്ന് പറയുമ്പോള്‍ ഇവയ്ക്ക് വിഷഗ്രന്ഥികള്‍ ഇല്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇവ കടിച്ചാല്‍ വിഷം ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ഇവയുടെ മുന്നില്‍പ്പെടുന്ന ഇരയെ കീഴ്‌പ്പെടുത്താന്‍, ഇല്ലാതാക്കാന്‍ മറ്റ് പല മാര്‍ഗങ്ങളും രീതികളുമാണ് ഇത്തരം പാമ്പുകള്‍ പ്രയോഗിക്കുക. ബോവ കണ്‍സ്ട്രിക്‌റ്റേഴ്‌സ്, പൈത്തണ്‍, റാറ്റ് സ്‌നേക്ക് എന്ന ചേര എന്നിവ വിഷമില്ലാത്ത പാമ്പുകളിലെ പ്രധാനികളാണ്. നമ്മളിവിടെ മലമ്പാമ്പ് , പെരുമ്പാമ്പ് എന്നൊക്കെ പറയുന്ന അതേ കുടുംബത്തില്‍പ്പെട്ടവയാണ് ബോവ കണ്‍സ്ട്രിക്റ്റേഴ്സ്. ചേരയില്‍ തന്നെ മഞ്ഞ നിറവും കറുത്തനിറവും ഉള്ളവയുണ്ട്.

ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ പറയുന്നത്, ഭൂരിഭാഗവം പാമ്പുകള്‍ക്കും വിഷമില്ലെന്നാണ്. അതായത് കണ്ടെത്തിയ 3700ലധികം പാമ്പുകളില്‍ എഴുപത് ശതമാനത്തിനും വിഷമില്ല. എലികളുടെ കുടുംബത്തില്‍പ്പെട്ട ജീവികളുടെ എണ്ണം അമിതമായി വര്‍ധിക്കാതെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നത് ഈ പാമ്പുകളാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ഈ വിഷമില്ലാത്ത പാമ്പുകള്‍ മനുഷ്യര്‍ക്കും ഭീഷണിയാകാറുണ്ട്.

വിഷമില്ലത്ത വലിയ പാമ്പുകള്‍, പെരുമ്പാമ്പിനെ പോലുള്ളവ ഇരയെ വരിഞ്ഞുമുറുക്കിയാകും കൊല്ലുക. ശ്വാസംമുട്ടി ചാകുന്നത് വരെ വലിഞ്ഞ്മുറുക്കും. വളരെ ചുരുക്കമാണെങ്കിലും കുട്ടികള്‍, മുതിര്‍ന്നവരില്‍ ചിലരെയും ഇത്തരം പാമ്പുകള്‍ ആക്രമിച്ചിട്ടുണ്ട്. ഇരുപത് അടിവരെ വളരുന്ന റെറ്റിക്കുലേറ്റ് പൈത്തണ്‍ എന്ന പാമ്പ് സൗത്ത്ഈസ്റ്റ് ഏഷ്യയിലും ഇന്തോനേഷ്യയിലെ ചില ഭാഗങ്ങളിലും ആളുകളുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്.

വിഷമില്ലാത്ത പാമ്പുകളും കടിക്കാറുണ്ട്. ഇവയെ ശല്യം ചെയ്യുകയോ അല്ലെങ്കില്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കിലോ ആകും കടിക്കുക. വിഷമില്ലെങ്കിലും ഇത് തൊലി മുറിയാനും ചികിത്സിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. ഏതൊരു വന്യജീവിയുടെ കടിയേറ്റാലും അത് അണുബാധയ്ക്ക് കാരണമാകാം എന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മറ്റ് പല ഉരഗങ്ങളെ പോലെ പാമ്പുകളുടെ തൊലിപ്പുറത്തും സാല്‍മോണല്ലയുടെ സാന്നിധ്യം ഉണ്ടാകും. ഇതാണ് പ്രശ്‌നമാകുന്നതും. ഇവയെ സ്പര്‍ശിക്കുന്നതടക്കം ബാക്ടീരിയ പടരാന്‍ കാരണമാകും. ഇവയുമായി ഒരു കോണ്‍ടാക്റ്റ് ഉണ്ടായാല്‍ കൈകള്‍ അടക്കം വൃത്തിയാക്കണമെന്നാണ് ലോകോരോഗ്യ സംഘടനയും നിര്‍ദേശിക്കുന്നത്.

വലിയ ഉപദ്രവം ഒന്നും ഉണ്ടാക്കാത്ത ജീവിക്കള്‍ എന്നാണ് വിഷമില്ലാത്ത പാമ്പുകളെ കുറിച്ച് ചിന്തിക്കുന്നതെങ്കിലും ഇവയെ കാണുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ഭയവും അപകടമാണ്. കാറിനുള്ളില്‍ ഇവയെ കണ്ട് പേടിച്ചുണ്ടായ അപകടങ്ങള്‍, എന്തിന് ഹൃദയാഘാതം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭയമെന്ന ഘടകത്തെ ഒരിക്കലും തള്ളിക്കളയാനാവില്ല.

Content Highlights: Even non-venomous snakes can be harmful to humans, as their bites may cause infections, injuries, or serious complications if not treated properly

To advertise here,contact us