മദ്യം വ്യാജമാണോ; ഒറിജിനല്‍ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം

വാങ്ങുന്ന മദ്യം നിയമാനുസൃതമായി ഉണ്ടാക്കിയതാണോ എന്ന് മനസിലാക്കാനുള്ള വഴികള്‍ ഇവയാണ്

ഷോപ്പുകളില്‍നിന്നും അല്ലാതെയും പലയിടങ്ങളില്‍നിന്ന് മദ്യം വാങ്ങുന്നവരുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും സ്വന്തം ആരോഗ്യ സുരക്ഷയെക്കുറിച്ച് പോലും ചിന്തിക്കാതെയാണ് പലരും എവിടുന്നെങ്കിലും ലഭിക്കുന്ന മദ്യം പോലും വാങ്ങി ഉപയോഗിക്കുന്നത്. വാങ്ങുന്ന മദ്യം വിശ്വസനീയമാണോ എന്ന് അറിയാനുള്ള ചില മാര്‍ഗ്ഗങ്ങളുണ്ട്.

ലേബലുകള്‍ സൂക്ഷ്മമായി പരിശോധിക്കുക

ഒറ്റനോട്ടത്തില്‍ മദ്യക്കുപ്പിയില്‍ പതിപ്പിച്ചിരിക്കുന്ന ലേബല്‍ ഒറിജിനല്‍ ആണെന്ന് തോന്നുമെങ്കിലും അവ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യാജമാണോ എന്ന് മനസിലാകും. വ്യാജ മദ്യത്തില്‍ ബാച്ച് നമ്പര്‍, നിര്‍മ്മാണ തീയതികള്‍, കാലാവധി അവസാനിക്കുന്ന തീയതി, ഡിസ്റ്റിലറി വിശദാംശങ്ങള്‍ എന്നിവ ഉണ്ടാകാറില്ല. ലേബലുകളിലെ അക്ഷരത്തെറ്റുകള്‍, അക്ഷരങ്ങളിലെ പൊരുത്തമില്ലാത്ത ഫോണ്ടുകള്‍, മങ്ങിയ നിറത്തിലുള്ള അച്ചടികള്‍, മോശമായുളള അച്ചടി, മഷിപുരണ്ട ലേബലുകള്‍ ഇവയൊക്കെ വ്യാജമാണെന്നതിന് തെളിവാണ്.

ലോഗോയിലെ കൃത്യതയില്ലായ്മകളും പ്രിന്റിംഗും

അറിയപ്പെടുന്ന മദ്യബ്രാന്‍ഡുകളിലെ ലോഗോയിലെ ചെറിയ വ്യത്യാസം പോലും അത് വ്യാജമാണെന്ന് തെളിയിക്കുന്നവയാണ്.മാത്രമല്ല അവയില്‍ പതിപ്പിച്ചിട്ടുള്ള ലേബലുകള്‍ യഥാര്‍ഥമാണെങ്കില്‍ അവ ഉയര്‍ന്ന നിലവാരത്തില്‍ പ്രിന്റ് ചെയ്തവയായിരിക്കും.

സീലും അടപ്പും പരിശോധിക്കാം

ഒരു യഥാര്‍ഥ മദ്യകുപ്പിയില്‍ എല്ലായ്‌പ്പോഴും കേടുപാടുകള്‍ ഇല്ലാത്ത സീല്‍ ഉണ്ടാകും. സീല്‍ പൊട്ടിയതാണോ, വീണ്ടും ഒട്ടിച്ചിരിക്കുന്നതായി തോന്നുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം.

ലൈറ്റ് ടെസ്റ്റ്

മദ്യത്തില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ടെസ്റ്റാണ് ഇത്.മദ്യക്കുപ്പി നല്ല വെളിച്ചത്തില്‍ പിടിക്കുക. മദ്യം കാണുമ്പോള്‍ത്തന്നെ അതില്‍ മറ്റെന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കും. മദ്യത്തില്‍ പൊങ്ങികിടക്കുന്ന അവശിഷ്ടങ്ങളോ കണികകളോ, കുപ്പിയില്‍ പാടുകളോ, പ്രത്യേക നിറങ്ങളോ കണ്ടാല്‍ അത് വ്യാജമാകാന്‍ സാധ്യതയുണ്ട്.

എക്‌സൈസ്, എംആര്‍പി ലേബലുകള്‍ പരിശോധിക്കാം

പല പ്രദേശങ്ങളിലും നിയമപരമായി വില്‍ക്കുന്ന ഓരോ മദ്യ കുപ്പികളിലും ഒരു സവിശേഷ സീരിയല്‍ നമ്പറും, അച്ചടിച്ച MRP യും ഉള്ള ഒരു റേറ്റ് എക്‌സൈസ് സ്റ്റിക്കര്‍ ഉണ്ട്. മദ്യത്തിന്റെ സര്‍ക്കാര്‍ സുരക്ഷ മാര്‍ക്കറുകളാണിവ. ഉല്‍പ്പന്നത്തിന്റെ അച്ചടിച്ച MRP സ്റ്റിക്കര്‍ പരിശോധിക്കുന്നത് ഫലപ്രദമാണ്.

ബാര്‍കോഡുകളും ക്യുആര്‍ കോഡുകളും

ഇപ്പോള്‍ എല്ലാ മദ്യക്കുപ്പികളിലും QR കോഡുകളോ ബാര്‍കോഡുകളോ ഉപയോഗിക്കാറുണ്ട്. അത് ആധികാരികത പരിശോധിക്കാന്‍ സഹായകമാണ്. കുപ്പിയിലെ QR കോഡ് സ്‌കാന്‍ ചെയ്യുക. അപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലേക്ക് എത്തപ്പെടുകയാണെങ്കില്‍ അത് യഥാര്‍ഥമാണെന്ന് മനസിലാക്കാം.

(ഓര്‍ക്കുക; ചെറിയ അളവില്‍ പോലും മദ്യം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷംചെയ്യും)

Content Highlights :Ways to know if the alcohol you buy is legally produced

To advertise here,contact us