ലോകമെമ്പാടും പല മേഖലകളില് സ്ത്രീകള് നേട്ടങ്ങള് കൈവരിക്കുന്നതില് മുമ്പന്തിയിലുണ്ട്. തൊഴില് മേഖലയുടെ കാര്യമെടുത്താലും അങ്ങനെതന്നെ. എന്നിരുന്നാലും വികസിത സമ്പദ്വ്യവസ്ഥകള് ഉള്പ്പടെ മിക്ക രാജ്യങ്ങളിലും സ്ത്രീപുരുഷ വേതനത്തിലെ വിടവ് തുടരുന്നുണ്ട്. എന്നാല് ലോകത്തിലെ ഈ ഒരു രാജ്യത്തില് മാത്രം പുരുഷന്മാരുടെ വേതനത്തേക്കാള് കൂടുതലാണ് സ്ത്രീകളുടെ വേതനം.അതേതാണ് ഈ രാജ്യം എന്നല്ലേ?
സ്ത്രീകള്ക്ക് പുരുഷന്മാരേക്കാള് അല്പ്പം കൂടുതല് വരുമാനം ലഭിക്കുന്ന ഏക രാജ്യമായി യൂറോപ്യന് രാജ്യമായ ലംക്സംബര്ഗ് വേറിട്ട് നില്ക്കുന്നു. കണക്കുകള് പ്രകാരം രാജ്യത്ത് 0.7 % ലിംഗ വേതന വിടവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ ഉയര്ന്ന ശരാശരി വരുമാനത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ 50 വര്ഷത്തിനിടയില് ലക്സംബര്ഗില് പല തൊഴില് മേഖലയിലും സ്ത്രീകളുടെ എണ്ണത്തില് വര്ധനവുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ധനകാര്യം, സാങ്കേതിക വിദ്യ എന്നിവയുള്പ്പെടെ മിക്കവാറും എല്ലാ മേഖലകളിലും ഇവിടെ ഇപ്പോള് സ്ത്രീകള് ജോലി ചെയ്തുവരുന്നു. സര്ക്കാര് സേവനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം വര്ധിച്ച് വരികയാണ്.
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ലക്സംബര്ഗ്, ബെല്ജിയം, ഫ്രാന്സ്, ജര്മ്മനി എന്നീ രാജ്യങ്ങളുമായി അതിര്ത്തി പങ്കിടുന്നു. ലക്സംബര്ഗ് നഗരം തലസ്ഥാനമായും ഏറ്റവും വലിയ നഗര കേന്ദ്രമായും പ്രവര്ത്തിക്കുന്നു. ലോകത്തിലെ അവശേഷിക്കുന്ന ഒരേയൊരു ഗ്രാന്ഡ് ഡച്ചിയാണ് ഈ രാജ്യം. ഗ്രാന്ഡ് ഡ്യൂക്ക് രാഷ്ട്രത്തലവനും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രയോഗിക്കുന്നു. ഒരു പാര്ലമെന്ററി ജനാധിപത്യ രാജ്യമായ ലക്സംബര്ഗ് രാഷ്ട്രീയ സ്ഥിരതയ്ക്ക് പേരുകേട്ടതും യൂറോപ്യന് യൂണിയന്റെ സ്ഥാപക അംഗവുമാണ്. നിരവധി പ്രധാന യൂറോപ്യന് സ്ഥാപനങ്ങളും അവിടെയാണ് പ്രവര്ത്തിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില് ഒന്നായി ലക്സംബര്ഗ് സ്ഥിരമായി സ്ഥാനം പിടിക്കുന്നു, ആഗോളതലത്തില് ഏറ്റവും ഉയര്ന്ന പ്രതിശീര്ഷ വരുമാനമുള്ള രാജ്യങ്ങളില് ഒന്നാണിത്. ബാങ്കിംഗ്, ധനകാര്യം, വിവരസാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, കോര്പ്പറേറ്റ് സേവനങ്ങള് എന്നിങ്ങനെയുളള സേവനങ്ങളാണ് അതിന്റെ സമ്പദ്വ്യവസ്ഥയെ നയിക്കുന്നത്. സ്റ്റീല്, ഖനനം പോലെയുളള പരമ്പരാഗത വ്യവസായങ്ങള് ഒരുകാലത്ത് ആധിപത്യം പുലര്ത്തിയിരുന്നെങ്കിലും, ഇന്ന് ആധുനികവും വിജ്ഞാനാധിഷ്ഠിതവുമായ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഉയര്ന്ന വേതനമുണ്ടെങ്കിലും ഉയര്ന്ന ജീവിതച്ചെലവും ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നുകൂടിയാണിത്.