തിമിംഗല 'തീറ്റക്കാർ' അപ്രത്യക്ഷമാകുന്നു; സമുദ്രത്തിന് ദോഷം ? ശാസ്ത്രജ്ഞർ ആശങ്കയിൽ

തിമിംഗലങ്ങളുടെ അസ്ഥികളെ അകത്താക്കുന്ന 'സോംബി പുഴുക്കൾ' എന്ന് വിളിക്കപ്പെടുന്ന ജീവികൾക്കിതെന്തുപറ്റി ?

കടലിനടിയില്‍ മരിച്ച ജീവികളുടെ അസ്ഥികൂടങ്ങളില്‍ പറ്റിപ്പിടിച്ച് അവയെ ഭക്ഷിക്കുന്ന ജീവികള്‍ ..അവയാണ് Zombie Worms . സയന്റിഫിക്കായി Osedax എന്നും വിളിക്കപ്പെടുന്ന ഈ സൂക്ഷ്മജീവികള്‍ ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങളായി കടലിനടിയില്‍ ജീവിക്കുന്നവയാണ്. കടലിനടിയിലെ തിമിംഗലങ്ങളടക്കമുള്ള മത്സ്യങ്ങളുടെ അവശിഷ്ടങ്ങളെ അല്ലെങ്കില്‍ അസ്ഥികൂടങ്ങളെ തുരന്ന് അതിലെ കൊഴുപ്പ് വലിച്ചെടുത്ത് ജീവിക്കുകയാണിവ. 'സോംബി പുഴുക്കള്‍' എന്ന് വിളിക്കപ്പെടുന്ന ഈ വര്‍ഗ്ഗം ആഴക്കടലിലെ നിര്‍ണ്ണായകമായ ജീവിവര്‍ഗ്ഗം ആണ് എന്ന് തന്നെ പറയാം. എന്നാല്‍ കാലങ്ങളായി കടലിലെ ആവാസവ്യസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചിരുന്ന ആ ജീവി വര്‍ഗം അപ്രത്യക്ഷമായാലോ ? കടലിന്റെ താളം തെറ്റാന്‍ മറ്റെന്തെങ്കിലും വേണോ ? അതെ…ആ ഒരു ഭയത്തില്‍ ആണ് ശാസ്ത്രലോകം ഇപ്പോള്‍…

ഓഷ്യന്‍ നെറ്റ്വര്‍ക്ക്‌സ് കാനഡ (ഒഎന്‍സി), വിക്ടോറിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആണ് കടലിനു അത്രയേറെ പ്രാധാന്യമുള്ള ഈ ജീവികള്‍ വേണ്ടുവോളം ഇന്നില്ല എന്ന കാര്യം കണ്ടെത്തിയത്. അത് എത്രത്തോളമാണെന്ന് പരീക്ഷിക്കാനായി സമുദ്ര ഉപരിതലത്തില്‍ നിന്ന് ഏകദേശം 1,000 മീറ്റര്‍ താഴെ കൂറ്റന്‍ തിമിംഗലത്തിന്റെ അസ്ഥികള്‍ ഗവേഷകര്‍ സ്ഥാപിച്ചു. അസ്ഥി തിന്നുന്ന ജീവികള്‍ സാധാരണയായി വരുന്നതുപോലെ വേഗത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് ആണ് ഗവേഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ പ്രതീക്ഷിച്ച അത്ര സോമ്പി പുഴുക്കള്‍ എത്തിയില്ല. അവ കടലില്‍ നിന്നും പൂര്‍ണമായി അപ്രത്യക്ഷമായോ എന്ന ആശങ്കയാണ് ഇതോടെ ഗവേഷകരില്‍ ഉടലെടുത്തത്.

ഏകദേശം ഒരു പതിറ്റാണ്ട് നീണ്ട ആഴക്കടല്‍ പരീക്ഷണം ആണ് ഈ ജീവികളുടെ പോക്ക് വരവിനെ കുറിച്ച് പഠിക്കാനായി ഗവേഷകര്‍ എടുത്ത സമയം. അതിനായി ഉയര്‍ന്ന റെസല്യൂഷനുള്ള അണ്ടര്‍വാട്ടര്‍ ക്യാമറകള്‍ ഉപയോഗിച്ച്, ശാസ്ത്രജ്ഞര്‍ ഏകദേശം പത്ത് വര്‍ഷത്തോളം തിമിംഗലത്തിന്റെ അസ്ഥികള്‍ നിരീക്ഷിച്ചു. അതിശയകരമെന്നു പറയട്ടെ, ഈ കാലയളവില്‍ ഒരു സോംബി വേമിനെ പോലും കണ്ടതാണ് ഗവേഷകര്‍ക്ക് സാധിച്ചില്ല. പിന്നീട് ഗവേഷകര്‍ വീണ്ടും അന്വേഷണം നടത്തി. തിമിംഗലങ്ങളുടെ അസ്ഥികളെ അകത്താക്കുന്നതിലും ആഴക്കടല്‍ ഭക്ഷ്യവലയങ്ങളെ നിലനിര്‍ത്തുന്നതിനും പേര് കേട്ട ഈ ജീവികള്‍ക്കിതെന്തുപറ്റി ? അവ എവിടെ പോയി ? ഭൂമിക്കും സമുദ്രത്തിനും എത്രമാത്രം ദോഷമാണ് ഈ ജീവികളുടെ അഭാവം ?

സമുദ്ര ജൈവവൈവിധ്യത്തിന്റെയും സമുദ്ര ഭക്ഷ്യചക്രത്തിന്റെയും ആരോഗ്യത്തെക്കുറിച്ചുള്ള ഗുരുതരമായ മുന്നറിയിപ്പായിട്ടാണ് ഇവയുടെ അഭാവം കണക്കാക്കുന്നത്. സമുദ്രത്തില്‍ ഓക്‌സിജന്റെ അളവ് അപകടകരമാംവിധം കുറഞ്ഞു വരികയാണ് എന്നും മുന്‍പുണ്ടായിരുന്ന പല ഉള്‍ക്കടല്‍ പ്രദേശത്തും ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും ആണ് ജീവികളുടെ അഭാവത്തിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സമുദ്ര താപനിലയിലെ വര്‍ദ്ധനവുമായി ബന്ധമുള്ള ഒരു പ്രക്രിയ ആണ് അവിടെ നടക്കുന്നതും. ഓക്‌സിജന്റെ അഭാവം ഈ ജീവികളെ മാത്രമല്ല, അവയെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവി വര്‍ഗ്ഗങ്ങളെയും സൂക്ഷമാണുക്കളെയും ബാധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സമുദ്രതാപനം മൂലം ഓക്‌സിജന്‍ കുറയുന്നതോടെ വടക്കുകിഴക്കന്‍ പസഫിക് മാര്‍ജിനിലുള്ള തിമിംഗലങ്ങള്‍ പെട്ടെന്ന് ഇല്ലാതാക്കാനും കാടുകള്‍ നശിക്കാനും വരെ സാധ്യതയുണ്ടെന്നും, അത് മൂലം ആഗോള ആവാസവ്യവസ്ഥയ്ക്ക് പ്രശ്‌നമുണ്ടാകുമെന്നുമാണ് പരീക്ഷണത്തിന് സഹ-നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ പ്രൊഫസര്‍ എമെറിറ്റസ് ക്രെയ്ഗ് സ്മിത്ത് മുന്നറിയിപ്പ് നല്‍കിയത്.

സോംബി വേംസിന്റെ അപ്രത്യക്ഷമാകല്‍ വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണ്. zombie worms അസാധാരണ ജീവികളാണ്. അവയ്ക്ക് വായ, ദഹനനാളം എന്നിവയില്ല. പകരം, അസ്ഥികളില്‍ ചെന്നിറങ്ങി വേരുകള്‍ പോലുള്ള ഘടനകള്‍ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഈ വേരുകള്‍ക്കുള്ളില്‍ വസിക്കുന്ന ചെറു ബാക്ടീരിയകള്‍ തിമിംഗല അസ്ഥികളില്‍ നിന്ന് പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മുന്‍കാലങ്ങളില്‍, പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളില്‍ zombi worm ഒസെഡാക്‌സ് സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇന്ന് അവയെ കാണാന്‍ ആകുന്നില്ലെന്നത് മറ്റു ജീവി വര്‍ഗ്ഗങ്ങളുടെയും നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ഫലങ്ങളായിരിക്കാം ഈ അന്വേഷണങ്ങളില്‍ കാത്തിരിക്കുന്നത് എന്ന പേടിയില്‍ കൂടിയാണ് ഗവേഷകര്‍.

Content Highlights : Zombie Worm's absense is a warning, says scientists

To advertise here,contact us