കോഹ്ലി അവനീത് കൗറിന്റെ പോസ്റ്റിന് ലൈക്കടിച്ചു, കരീഷ്മ - പ്രിയ നിയമപോരാട്ടം! 2025ലെ ചില സിനിമ വിവാദങ്ങളിലൂടെ…

രാജ്യത്തെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് 2025 തലയുയര്‍ത്തിയത്

രാജ്യത്തെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് 2025 തലയുയര്‍ത്തിയത്. തൊഴിലിടങ്ങളിലെ വര്‍ക്ക് ഷെഡ്യൂളുകളെ സംബന്ധിച്ചുള്‍പ്പെടെ പല താരങ്ങളും പലവിധ വിവാദങ്ങളില്‍പ്പെട്ടു. മാധ്യമങ്ങള്‍ ഇത് വലിയ വാര്‍ത്തായാക്കുകയും ചെയ്തു. ദീപിക പദുക്കോണുമായി ബന്ധപ്പെട്ട് ഉണ്ടായ എട്ടു മണിക്കൂര്‍ വര്‍ക്ക് ഷിഫ്റ്റായിരുന്നു എന്റര്‍ടെയ്ന്‍മെന്റ് മേഖല ഈ വര്‍ഷം കണ്ടതും കേട്ടതും ചര്‍ച്ച ചെയ്തതുമായ വിവാദങ്ങളില്‍ ഒന്ന്. അമ്മയായതിന് ശേഷമായിരുന്നു ജോലി സമയം എട്ടു മണിക്കൂറാക്കണമെന്ന ആവശ്യം ദീപിക മുന്നോട്ടുവച്ചത്.

സന്ദീപ് റെഡ്ഢി വാങ്കയുടെ സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്നും ദീപിക ഇതോടെ ഒഴിവായി. ഇവിടെയും തീര്‍ന്നില്ല, നാഗ് അശ്വിന്റെ കല്‍ക്കി 2വില്‍ നിന്നും ഇതേ കാരണത്താല്‍ ദീപിക പിന്മാറിയിരുന്നു. പല സൂപ്പര്‍സ്റ്റാറുകളും വര്‍ഷങ്ങളായി എട്ടു മണിക്കൂറ് മാത്രമാണ് ജോലി ചെയ്യുന്നതെന്നും അതൊന്നും തലക്കെട്ടുകളാകാറില്ലെന്നും ദീപിക തുറന്നടിച്ചിരുന്നു. അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാരാന്ത്യങ്ങളില്‍ ഈ താരങ്ങള്‍ ജോലി ചെയ്യാറില്ലെന്നും ദീപിക പറഞ്ഞിരുന്നു.

ഹേര ഫേരി 3യില്‍ പ്രധാനകഥാപാത്രമായ ബാബുറാവിനെ അവതരിപ്പിക്കേണ്ട നടന്‍ പരേഷ് രാവല്‍, ചിത്രത്തില്‍ നിന്നും പിന്മാറിയതും വലിയ വാര്‍ത്തയായിരുന്നു. അക്ഷയ് കുമാറുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി പലയിടത്തും ഉയര്‍ന്ന് വന്നത്. എന്നാല്‍ നിര്‍മാതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ താരം സിനിമയില്‍ തിരിച്ചെത്തിയിരുന്നു. എല്ലാവരും ഒന്നിച്ച് നിന്ന് നന്നായി കഠിനാധ്വാനം ചെയ്യുക. സിനിമാ പ്രേമികള്‍ക്ക് നല്ലൊരു സിനിമ സമ്മാനിക്കുക എന്നാണ് പിന്നീട് അദ്ദേഹം പ്രതികരിച്ചത്.

തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രോമോഷനിടയില്‍ തമിഴില്‍ നിന്നാണ് കന്നട ജന്മം കൊണ്ടതെന്ന കമലഹാസന്റെ പ്രസ്താവന വിവാദമായിരുന്നു. കര്‍ണാടകയില്‍ ജനങ്ങള്‍ ഇതേറ്റെടുത്തു. ഒടുവില്‍ താന്‍ അത് തന്റെ സ്‌നേഹം കൊണ്ട് പറഞ്ഞുപോയതാണെന്നും പല ചരിത്രകാരന്മാരും തന്നെ ഭാഷാ ചരിത്രം പഠിപ്പിക്കാനെത്തിയെന്നും കമല്‍ പിന്നീട് പറഞ്ഞിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്, താന്‍ ബോളിവുഡില്‍ നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചതെന്ന് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് പ്രഖ്യാപിച്ചത്. ബോക്‌സ്ഓഫീസ് ഒബ്‌സെഷന്‍ മാത്രമാണ് ബോളിവുഡില്‍ ഉള്ളതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അഞ്ഞൂറും എണ്ണൂറും കോടികള്‍ ഉണ്ടാക്കാനാണ് ആളുകളുടെ ശ്രമം. എങ്ങും ആവിഷ്‌കാരം മാത്രമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇനി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും കശ്യപ് വ്യക്തമാക്കിയിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ താരം ഹാനിയ ആമിറിനൊപ്പം സര്‍ദാര്‍ ജി 3യില്‍ പ്രവര്‍ത്തിച്ച ദില്‍ജിത്ത് ദോസാഞ്ചിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാകിസ്താനി താരങ്ങളെ ഇന്ത്യയില്‍ വിലക്കണമെന്ന ശക്തമായ ആവശ്യമാണ് പിന്നീട് ഉണ്ടായത്. തുടർന്ന് ഈ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കേണ്ടിയും വന്നു.

സോന കോംസ്റ്റാര്‍ ചെയര്‍മാനും കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂറിന്റെ മരണശേഷം ഉണ്ടായ നിയമയുദ്ധമാണ് വിവാദങ്ങളില്‍ ഏറെ ശ്രദ്ധ നേടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 12ന് പോളോ കളിക്കുന്നതിനിടയില്‍ ലണ്ടനില്‍ വച്ചായിരുന്നു സഞ്ജയ്‌യുടെ മരണം. 2016ലാണ് സഞ്ജയും കരീഷ്മയും വേര്‍പിരിയുന്നത്. ഇരുവര്‍ക്കും സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. ഇരുവരും വേര്‍പിരിഞ്ഞതിന് പിന്നാലെ സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു. കരിഷ്മയുടെ കുട്ടികളും പ്രിയ സച്ച്‌ദേവുമാണ് സഞ്ജയ്‌യുടെ സ്വത്തില്‍ അവകാശം തേടി നിയമപോരാട്ടം നടത്തുന്നത്.

ഗോവയിലെ ഐഎഫ്എഫ്‌ഐയില്‍ കാന്താര തീയേറ്ററില്‍ കണ്ടതും ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഋഷഭ് ഷെട്ടിയുടെ അഭിനയത്തെ പുകഴ്ത്തുകയും ചെയ്തതിന് ശേഷം, അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ച് രണ്‍വീണ്‍ സിങും വിവാദത്തിലായിരുന്നു. താരം സാംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ രണ്‍വീര്‍ ക്ഷമാപണം നടത്തി. എല്ലാ സംസ്‌കാരങ്ങളെയും താന്‍ മാനിക്കുന്നുവെന്നും ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പപേക്ഷിക്കുന്നുവെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

അവനീത് കൗര്‍ എന്ന നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലൈക്ക് അടിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി വിവാദങ്ങളില്‍ ഇടംപിടിച്ചത്. താരത്തിന്റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് വന്ന ലൈക്ക് ശ്രദ്ധിച്ച ചിലര്‍ അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മയെയും ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയാതെ സംഭവിച്ച പിഴവാണിതെന്ന വിശദീകരണം കോഹ്ലി നടത്തിയിരുന്നു.

Content Highlights: Virat Kohli and Karishma Kapoor Year ender 2025 some controversies in entertaiment sector this year

To advertise here,contact us