ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് റാപ്പിഡോ ഡ്രൈവര്‍; വീഡിയോ വൈറല്‍

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

ഫോണ്‍ വിളിക്കുന്നത് അവസാനിപ്പിച്ച് വണ്ടിയോടിക്കാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച് റാപ്പിഡോ ഡ്രൈവര്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സുരക്ഷാ പ്രശ്‌നം ഉന്നയിച്ചതിനാണ് ഡ്രൈവര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോയ സ്‌ക്രോളിലെ പൊളിറ്റിക്കല്‍ എഡിറ്ററായ ഷോയബ് ദാനിയേലിനാണ് ദുരനുഭവം ഉണ്ടായത്.

ഫോണ്‍ വിളിക്കുന്നത് നിര്‍ത്തി സ്റ്റീയറിങ് വീലില്‍ രണ്ടു കൈകളും വച്ച് വണ്ടിയോടിക്കാന്‍ ഡ്രൈവറോട് ദാനിയേല്‍ ആവശ്യപ്പെട്ടു. അലക്ഷ്യമായി ഇയാള്‍ വണ്ടിയോടിക്കുന്നതിന് ഇടയില്‍ ഒരു മോട്ടോര്‍ബൈക്കുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. ഇതാണ് ദാനിയേല്‍ ഡ്രൈവറോട് ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടത്. പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. വണ്ടി നിർത്തിയ ശേഷം ഡ്രൈവര്‍ അപ്രതീക്ഷിതമായി ദാനിയേലിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് നിന്നവര്‍ ഇടപെട്ടതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും പെട്ടെന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

യൂബറിനെക്കാള്‍ കുറച്ച് ചാര്‍ജ് കുറവാണെന്ന് കരുതി റാപ്പിഡോ ബുക്ക് ചെയ്യുന്നത് ചിലപ്പോള്‍ നിങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും ദാനിയേല്‍ ഓര്‍മിപ്പിക്കുന്നു. സംഭവം വൈറലായതോടെ ക്യാബ് പ്ലാറ്റ്‌ഫോമുകളും അവയുടെ പ്രവര്‍ത്തനത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആക്രമിക്കാന്‍ ശ്രമിച്ച ക്യാബ് ഡ്രൈവര്‍ ഇപ്പോഴും റാപ്പിഡോ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദാനിയേല്‍ പറയുന്നു. അതേസമയം റാപ്പിഡോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Higlight: Rapido driver attacked journalist who asked him to stop using phone while driving

To advertise here,contact us