ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്താനില് നടത്തിയ ആക്രമണത്തില് തകര്ന്ന മുരിദ് എയര്ബേസിലെ കെട്ടിടം ചുമന്ന ഭീമന് ടാര്പോളിന് കൊണ്ട് മറച്ചിരിക്കുന്നതിന്റെ സാറ്റ്ലൈറ്റ് ചിത്രം പുറത്ത്. ഇന്ത്യന് വ്യോമസേന മെയ് പത്തിന് പുലര്ച്ചെയാണ് ഇവിടം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഡിസംബര് 16ന് എടുത്ത ചിത്രമാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്. പാകിസ്താന് യുഎവികള് ഓപ്പറേററ് ചെയ്യുന്ന വലിയ ഒരു കോംപ്ലക്സിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണ് ചുവന്ന ടാര്പോളിന് ഉപയോഗിച്ച് മറച്ചിരിക്കുന്നത്.
ഇന്ത്യന് വ്യോമസേനയുടെ തിരിച്ചടിയില് ഈ കെട്ടിടത്തിന്റെ മേല്ക്കൂരയടക്കം തകര്ന്നടിഞ്ഞിരുന്നെന്നാണ് നിഗമനം. മുഴുവനായി ഈ കെട്ടിടത്തിന് വലിയ നാശനഷ്ടം ഉണ്ടായെന്നാണ് ദേശീയ മാധ്യമങ്ങളില് വന്ന റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ഇന്ത്യന് വ്യോമസേന ആക്രമണത്തിന് ശേഷം ഈ വര്ഷം ജൂണ്മാസം ഒരു പച്ച ടാര്പോളിന് ഉപയോഗിച്ച് ഈ ബില്ഡിങ് മറച്ചിരുന്നു. നിലവില് ഈ കെട്ടിടം വലിയ രീതിയില് മറച്ച് പുനര്നിര്മാണം പുരോഗമിക്കുകയാണെന്നാണ് മനസിലാക്കുന്നത്. റിപെയര് പ്രവര്ത്തനങ്ങള് നടക്കുമ്പോഴാണ് ഇത്തരത്തില് ടാര്പോളിന് ഉപയോഗിച്ച് മറച്ച് പ്രവര്ത്തനങ്ങള് നടക്കുക. ഇതില് കെട്ടിടാവഷ്ടങ്ങള് നീക്കം ചെയ്യുക, ഉപഗ്രഹ നീരീക്ഷണത്തില് നിന്നും മറഞ്ഞുനില്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണുള്ളത്.
ഇന്ത്യന് വ്യോമസേനയുടെ ആക്രമണത്തില് മുരിദില് വമ്പന് നഷ്ടങ്ങള് ഉണ്ടായെന്ന് മുമ്പ് തന്നെ റിപ്പോര്ട്ട് ഉണ്ടായിരുന്നു. എന്തുതരം ആയുധങ്ങള് ഉപയോഗിച്ചാണ് ഇവിടെ സേന ആക്രമണം നടത്തിയിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും റൂഫ് പെനട്രേറ്റിങ് വാര്ഹെഡുള്ള മിസൈലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഈ ആക്രമണങ്ങളില് നിന്നും വ്യക്തമാകുന്നത്. ആദ്യം വലിയ കേടുപാടുകള് പറ്റിയ ഭാഗങ്ങള് മാത്രമാണ് മറച്ചിരുന്നതെങ്കില് ഇപ്പോള് കെട്ടിടം മുഴുവന് മറച്ചതായാണ് ചിത്രം വ്യക്തമാക്കുന്നത്. പാക് പഞ്ചാബിലെ ചക്വാല് ജില്ലയിലാണ് PAF ബേസ് മുരിദ് സ്ഥിതി ചെയ്യുന്നത്.
Content Highlights: Pakistan's Murid airbase building covered by red tarpaulin which was struck by Indian Air Force