വില്യം രാജകുമാരന്റൈ സുഹൃത്ത് പോളോ കളിക്കുന്നതിനിടയില് തേനീച്ചയെ വിഴുങ്ങി മരിച്ചു. പറഞ്ഞുവരുന്നത് ഇക്കഴിഞ്ഞ ജൂണ് 13ന് ഇംഗ്ലീഷ് മാധ്യമങ്ങളിലൊന്നില് വന്ന തലക്കെട്ടാണ്. മരിച്ച വ്യക്തിയുടെ പേര് സഞജയ് കപൂര്. ഇന്ത്യയിലും വിദേശത്തും കോടിക്കണക്കിന് രൂപയുടെ വ്യവസായ സാമ്രാജ്യമുള്ള സഞ്ജയ് കപൂര് എന്ന് പറഞ്ഞാല് ഒരുപക്ഷേ പെട്ടെന്ന് ഇന്ത്യക്കാര്ക്ക് മനസിലാകില്ല. എന്നാല് ബോളിവുഡ് താരം കരീഷ്മ കപൂറിന്റെ മുന് ഭര്ത്താവ് എന്ന് പറഞ്ഞാല് എല്ലാവരും അറിയും. പ്രശസ്തിയുടെ കൊടിമുടിയില് നിന്ന സിനിമാ താരത്തെ സഞ്ജയ് വിവാഹം കഴിക്കുന്നു. ഇരുവര്ക്കും രണ്ട് മക്കള് ജനിക്കുന്നു. പിന്നീട് പല വിധ കാരണങ്ങള് കൊണ്ട് ഇരുവരും പിരിയുന്നു. പിന്നീട് അയാള് വീണ്ടും വിവാഹിതനാകുന്നു. അതിലൊരു മകന് ജനിക്കുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തില് കേള്ക്കുന്ന വാര്ത്ത അബദ്ധത്തില് തേനീച്ചയെ വിഴുങ്ങിയ ഇയാള് മരിച്ചുവെന്നാണ്. ജൂണ് 12നാണ് സഞ്ജയ് മരിക്കുന്നത്. പോളോ പ്ലേയര് കൂടിയായ സഞ്ജയ്യുടെ മരണത്തിന് പിന്നാലെ നടക്കുന്ന സ്വത്ത് തര്ക്കമാണ് ഇപ്പോള് ബോളിവുഡിലും സംസാരവിഷയം.
സിനിമയെ വെല്ലുന്ന ഒരു സ്വത്തു തര്ക്കമാണ് ഇപ്പോള് സഞ്ജയ്ക്ക് രണ്ടാം ഭാര്യയിലുണ്ടായ മക്കളും മൂന്നാം ഭാര്യയും തമ്മില് നടക്കുന്നത്. ഇതിനിടിയലേക്ക് സഞ്ജയുടെ അമ്മയും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. 1996ലാണ് സഞ്ജയ് ദില്ലി സ്വദേശിയും ഫാഷന് ഡിസൈനറുമായി നന്ദിത മഹ്താനിയെ വിവാഹം കഴിക്കുന്നത്. രണ്ടായിരത്തില് ഇവര് വേര്പിരിഞ്ഞു. പിന്നാലെ 2003ലാണ് സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം കഴിക്കുന്നത്. ഇതിലാണ് സമൈറ, കിയാന് എന്നീ മക്കള് ജനിക്കുന്നത്. ഇവരാണ് സഞ്ജയുടെ സ്വത്തില് പിന്തുടര്ച്ചാവകാശം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. സഞ്ജയ് മൂന്നാമത് വിവാഹം കഴിച്ച പ്രിയ സച്ച്ദേവിനെയാണ് ഇവര് പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
പ്രിയയില് സഞ്ജയ്ക്ക് അസാരിയസ് എന്നൊരു മകനുണ്ട്.
ഈ വര്ഷം മാര്ച്ചില് സഞ്ജയ് തയ്യാറാക്കിയെന്ന് പറയുന്ന ഒരു വില്പ്പത്രമാണ് നിലവിലെ തര്ക്കത്തിന്റെ പ്രധാന കാരണം. കോടതി രേഖകള് അനുസരിച്ച് ഈ വില്പത്രത്തില് സഞ്ജയ്ക്ക് കരിഷ്മ കപൂറിലുണ്ടായ മക്കള്ക്ക് കുടുംബ ട്രസ്റ്റില് വെറും 26% ഓഹരി മാത്രമാണ് നല്കുന്നത്. പ്രിയയും അവരുടെ പ്രായപൂര്ത്തിയാകാത്ത മകന് അസാരിയസും ചേര്ന്നാണ് സ്വത്തുക്കളുടെ ഏകദേശം നാലില് മൂന്ന് ഭാഗവും നിയന്ത്രിക്കുന്നത്.
53കാരനായ സഞ്ജയ് വിന്സോറില് നടന്ന ഒരു സ്പോര്ട്ടിങ് ഇവന്റിനിടെയാണ് സഞ്ജയ് മരിക്കുന്നത്. വില്യം രാജകുമാരനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്ക്കും ഒപ്പം സ്ഥിരം പോളോ കളിക്കാന് എത്തുന്നയാളാണ് സഞ്ജയ്. പോളോ കളിക്കുന്നതിനിടയില് തേനീച്ച വായില് കയറിയതോടെ സഞ്ജയ്യുടെ ആരോഗ്യം വഷളായി. പിന്നാലെ ഹൃദയാഘാതവും സംഭവിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു മരണം.
വായയ്ക്കുള്ളില് തേനീച്ച കുത്തിയതിനെ തുടര്ന്നുണ്ടായ അനാഫിലാറ്റിക്ക് ഷോക്കിലാണ് മരണം സംഭവിച്ചതെന്നാണ് ദ ടെലഗ്രാഫും ദ മിററും അടക്കം നിരവധി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്. അനാഫിലിക്സ് എന്ന അവസ്ഥ ഉണ്ടാകുമ്പോള് ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ചില രാസവസ്തുക്കള് റിലീസ് ചെയ്യും. ഇത് ഒരു വ്യക്തിയ്ക്ക് അപ്രതീക്ഷിത ഷോക്ക് ഉണ്ടാക്കും. രക്തസമ്മര്ദം കുറയും ശ്വാസമെടുക്കാനും ബുദ്ധിമുട്ടാകുമെന്നാണ് മയോ ക്ലിനിക്ക് പറയുന്നത്.
പരമ്പരാഗത സ്വര്ണ വ്യവസായികളായിരുന്ന സഞ്ജയുടെ കുടുംബം പഞ്ചാബില് നിന്നും അമേരിക്കയിലെ മിഷിഗണിലേക്ക് കുടിയേറിയവരാണ്. 1950കളുടെ തുടക്കത്തില് ഇവര് ഓട്ടോമൊബൈല് വ്യവസായത്തിലേക്ക് തിരിഞ്ഞു. സഞ്ജയുടെ പിതാവ് ഡോ. സുരീന്ദര് കപൂര് 1995ല് ആരംഭിച്ച സോന കോംസ്റ്റാര് എന്ന ഓട്ടോമോട്ടീവ് കമ്പോണന്റ് കമ്പനിയുടെ ഉത്തരവാദിത്തം സഞ്ജയ് ഏറ്റെടുത്തതോടെ പിന്നങ്ങോട്ട് വലിയ വളര്ച്ചയാണ് ഉണ്ടായത്. യുഎസിലാണ് കുടുംബത്തിന്റെ താമസമെങ്കിലും യുപിയിലെ ഗുരുഗ്രാമിലായിരുന്നു കമ്പനിയുടെ ആസ്ഥാനം.
ബക്കിങ്ഹാം സര്വകലാശാലയില് നിന്നും ബിസിനസില് ബിരുദം നേടിയ സഞ്ജയ് ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്പെയര് പാട്സിലാണ് കൂടുതല് ശ്രദ്ധിച്ചത്. അയ്യായിരത്തിലധികം ജീവനക്കാരുള്ള പന്ത്രണ്ടോളം ഫാക്ടറികള് ഇന്ത്യ, ചൈന, മെക്സിക്കോ, സെര്ബിയ, യുഎസ് എന്നിവിടങ്ങളിലായി സഞ്ജയ് നടത്തിവരികയായിരുന്നു. അമ്പതിനായിരം കോടിയോളം ബിസിനസില് അദ്ദേഹത്തിന് ആസ്തിയുണ്ട്. ഇതിന് പുറമേ മുപ്പതിനായിരം കോടിയിലധികം ഭൂമിയായും തനിക്കുണ്ടെന്ന് ഫോബ്സിന് നല്കിയ ഒരു അഭിമുഖത്തില് ലോകത്തിലെ 2703-ാമത്തെ സമ്പന്നനായ സഞ്ജയ് വ്യക്തമാക്കിയിരുന്നു.
നീണ്ടുനിന്ന ഒരു നിയമപോരാട്ടത്തിന് ശേഷം 2016ലാണ് സഞ്ജയും കരിഷ്മയും വേര്പിരിയുന്നത്. വിവാഹേതര ബന്ധം, സാമ്പത്തിക തര്ക്കങ്ങള്, കുട്ടികളുടെ മേലുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു നിയമയുദ്ധം. വിവാഹമോചനത്തിന് പിന്നാലെ പതിനാല് കോടി രൂപയുടെ രണ്ട് ബോണ്ടുകള് സഞ്ജയ് മക്കള്ക്ക് നല്കിയിരുന്നു. പത്തുലക്ഷം രൂപയാണ് പ്രതിമാസം നല്കിയിരുന്ന ജീവനാംശം. എഴുപത് കോടി രൂപയും ബംഗ്ലാവും കരിഷ്മയ്ക്കും സഞ്ജയ് നല്കി. പിതാവിന്റെ മുപ്പതിനായിരം കോടി രൂപയുടെ ഭൂമിയില് പിന്തുടര്ച്ചാവകാശം ഉണ്ടെന്ന് അവകാശപ്പെടുന്നതിനൊപ്പം പ്രിയ സച്ച്ദേവ് സമര്പ്പിച്ച വില്പ്പത്രങ്ങള് വ്യാജമാണെന്നാണ് കരിഷ്മയുടെ കുട്ടികള് നിലവില് വാദിക്കുന്നത്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന സിന്ഡ്രല്ലയുടെ രണ്ടാനമ്മയെ പോലെയാണ് പ്രിയയെന്നാണ് കുട്ടികളുടെ ആരാപണം.
അതേസമയം സഞ്ജയ് ഈ വര്ഷമാദ്യം തയ്യാറാക്കിയ വില്പത്രത്തില് കരിഷ്മയ്ക്കും കുട്ടികള്ക്കും സഞ്ജയ്യുടെ സ്വത്തില് അവകാശമില്ലെന്നാണ് പ്രിയയുടെ വാദം. അതിനിടയില് സോന ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളും എസ്റ്റേറ്റ് ഉടമസ്ഥാവകാശവും തനിക്കാണെന്ന് സഞ്ജയ്യുടെ അമ്മ റാണിയും പറയുന്നു. സമൈറയെയും കിയാനെയും ഒഴിവാക്കി തയ്യാറാക്കിയ വില്പത്രത്തിന്റെ ആധികാരികത സഞ്ജയ്യുടെ സഹോദരി മന്ദിര കപൂറും ചോദ്യം ചെയ്യുന്നുണ്ട്. എന്തായാലും സഞ്ജയ്യുടെ മുഴുവന് സ്വത്തുക്കളുടെയും രേഖകള് ഹാജരാക്കാനാണ് പ്രിയയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: Prince Williams Friend and Karisma Kapoor's ex husband Sanjay Kapoor's death and property dispute