പോസ്റ്റുമാര്‍ട്ടത്തിനിടെ ഐന്‍സ്റ്റീന്റെ തലച്ചോര്‍ മോഷ്ടിച്ച ഡോക്ടര്‍; കൊണ്ടുനടന്നത് 40 വര്‍ഷം

240 കഷണങ്ങളായി മുറിച്ച തലച്ചോറിന്റെ ഭാഗങ്ങള്‍കൊണ്ട് പല പഠനങ്ങളും നടത്തി. ഐന്‍സ്റ്റീന്റെ ബുദ്ധിശക്തിയുടെ രഹസ്യം കണ്ടത്തുകയായിരുന്നു ലക്ഷ്യം

മരിച്ചുപോയ വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷ്ടിക്കപ്പെടുക. അത് വര്‍ഷങ്ങളോളം ഒരാള്‍ സൂക്ഷിക്കുക. അതിശയം തോന്നുന്നുണ്ട് അല്ലേ?. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തലച്ചോറാണ് അപ്രകാരം മോഷ്ടിക്കപ്പെട്ടിട്ടുളളത്. 1955 ഏപ്രില്‍ 18ന് പ്രിന്‍സ്റ്റണ്‍ ആശുപത്രിയില്‍ വച്ചാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മരണത്തിന് കീഴടങ്ങുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ വയറിലെ അയോര്‍ട്ടിക് അന്യൂറിസം പൊട്ടുകയായിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയും 'എനിക്ക് പോകേണ്ട സമയത്ത് പോകണമെന്നും കൃത്രിമമായി ആയുസ് നീട്ടരുതെന്നും തന്റെ മരണശേഷം ശരീരം ദഹിപ്പിക്കണമെന്നും' പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഐന്‍സ്റ്റീന്റെ മരണശേഷം പോസ്റ്റ്മാര്‍ട്ടം നത്തിയ ഡോ. ഹാര്‍വിയ്ക്ക് മറ്റ് ചില പദ്ധതികള്‍ ഉണ്ടായിരുന്നു. ഡോ. ഹാര്‍വി പോസ്റ്റ്മാര്‍ട്ടത്തിനിടയില്‍ ഐന്‍സ്റ്റീന്റെ തലച്ചോര്‍ നീക്കം ചെയ്ത് സൂക്ഷിച്ചുവച്ചു. എന്നാല്‍ ഐന്‍സ്റ്റീന്റെ മകന്‍ ഹാന്‍സ് ആല്‍ബര്‍ട്ട് ഇക്കാര്യം കണ്ടെത്തി. ഐന്‍സ്റ്റീന്റെ ബുദ്ധിശക്തിയുടെ രഹസ്യത്തെക്കുറിച്ചുള്ള ജൈവശാസ്ത്രപരമായ കാരണങ്ങള്‍ അന്വേഷിക്കുന്നതിനായി തലച്ചോറ് സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് ഹാര്‍വി ഹാന്‍സ് ആല്‍ബര്‍ട്ടിനെ ബോധ്യപ്പെടുത്തി. അങ്ങനെ പാത്തോളജിസ്റ്റായ ഹാര്‍വിയ്ക്ക് ഐന്‍സ്റ്റീന്റെ തലച്ചോര്‍ ലഭിച്ചു.

ഐന്‍സ്റ്റീന്റെ തലച്ചോറ് ലഭിച്ചതിന് പിന്നാലെ ഹാര്‍വിക്ക് പ്രിന്‍സ്റ്റണ്‍ ആശുപത്രിയിലെ ജോലി നഷ്ടപ്പെട്ടു. പക്ഷേ ഡോ. ഹാര്‍വി തലച്ചോറില്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഐന്‍സ്റ്റീന്റെ തലച്ചോറുമായി ഹാര്‍വി ഫിലാഡല്‍ഫിയയിലേക്കും കാന്‍സസും മിസോറിയും ഉള്‍പ്പെടെയുള്ള മിഡ് വെസ്റ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്തു. ഡോ. ഹാര്‍വി തലച്ചോറിന്റെ ഭാഗങ്ങള്‍ 240 കഷണങ്ങളായി മുറിക്കുകയും കഷണങ്ങള്‍ ജാറുകളില്‍ സൂക്ഷിക്കുകയും ചെയ്തു. 12 സെറ്റ് മൈക്രോസ്‌കോപ്പിക് സ്‌ളൈഡുകളും സൃഷ്ടിച്ചു. ചില സാമ്പിളുകള്‍ ശാസ്ത്രജ്ഞന്മാക്ക് പഠിക്കാനായി നല്‍കിയിരുന്നു. തന്റെ ജോലി ആവശ്യങ്ങള്‍ക്കായി ഡോ. ഹാര്‍വി പല സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോഴും ഐന്‍സ്റ്റീന്റെ തലച്ചോറും കൊണ്ടുപോകുമായിരുന്നു. ലബോറട്ടറി ജാറുകള്‍ മുതല്‍ ബിയര്‍ കൂളര്‍ വരെയുള്ള പാത്രങ്ങളിലാണ് തലച്ചോര്‍ സൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു.

ഐന്‍സ്റ്റീന്റെ തലച്ചോറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ പഠനം അദ്ദേഹത്തിന്റെ മരണത്തിന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 1985ലാണ് പുറത്തുവന്നത്. ന്യൂറോ സയന്റിസ്റ്റ് മരിയന്‍ ഡയമണ്ടിന്റെ നേതൃത്വത്തില്‍ തലച്ചോറിലെ കോര്‍ട്ടക്‌സിന്റെ ഭാഗങ്ങളില്‍ പഠനങ്ങള്‍ നടത്തുകയും കോശങ്ങള്‍ മെച്ചപ്പെട്ട വൈജ്ഞാനിക ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഒരൊറ്റ തലച്ചോറില്‍ മാത്രം നടത്തിയ പഠനത്തിന് ബുദ്ധിശക്തിയെക്കുറിച്ച് അര്‍ഥവത്തായി അറിവ് നല്‍കാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ വാദിച്ചു. നരവംശശാസ്ത്രജ്ഞനായ ഡീന്‍ ഫോക്ക് 2013-ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് തലച്ചോറിന്റെ ഇടത്, വലത് അര്‍ദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന നാരുകളുടെ കൂട്ടമായ കോര്‍പ്പസ് കാലോസം, ഐന്‍സ്റ്റീന്റെ തലച്ചോറില്‍ താരതമ്യേന കട്ടിയുള്ളതാണെന്നും, ഇത് കൂടുതല്‍ ഇന്റര്‍-ഹെമിസ്‌ഫെറിക് ആശയവിനിമയത്തിന് സഹായിക്കുന്നുവെന്നുമാണ്.

ബ്രയാന്‍ ബറലിന്റെ പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം ദി ബ്രെയിന്‍ മ്യൂസിയത്തിലും ഫ്രെഡറിക് ലെപോറിന്റെ ഫൈന്‍ഡിംഗ് ഐന്‍സ്റ്റീന്റെ ബ്രെയിന്‍ എന്ന പുസ്തകത്തിലും, തോമസ് ഹാര്‍വിയുടെ തലച്ചോറിന്റെ കസ്റ്റഡിയെക്കുറിച്ചുള്ള ആര്‍ക്കൈവല്‍ റെക്കോര്‍ഡുകള്‍, അഭിമുഖങ്ങള്‍, പതിറ്റാണ്ടുകളുടെ റിപ്പോര്‍ട്ടിംഗ് എന്നിവയെക്കുറിച്ച് വിവരിക്കുന്നുണ്ട്. 2007 വരെ ഹാര്‍വി ജീവിച്ചിരുന്നു. 94ാം വയസ്സിലായിരുന്നു മരണം.

ഈ കാലയളവില്‍ ഐന്‍സ്റ്റീന്റെ തലച്ചോറിന്റെ ഭാഗങ്ങള്‍ സ്വകാര്യ ഉടമസ്ഥതയില്‍ നിന്ന് പൊതു സ്ഥാപനങ്ങളിലേക്ക് മാറ്റിയിരുന്നു. ഫിലാഡല്‍ഫിയയിലെ മ്യൂട്ടര്‍ മ്യൂസിയത്തില്‍ 46 ഭാഗങ്ങള്‍ ലഭിച്ചു. കൂടുതല്‍ ഭാഗങ്ങള്‍ നാഷണല്‍ മ്യൂസിയം ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിസിലേക്ക് അയച്ചു. ഐന്‍സ്റ്റീന്റെ ബുദ്ധിശക്തിയെക്കുറിച്ച് അറിയാനുളള ഹാര്‍വിയുടെ ആഗ്രഹവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും യാഥാര്‍ത്ഥ്യമായതുമില്ല. ഐന്‍സ്റ്റീന്‍റെ ബുദ്ധിക്ക് പുറകിലുള്ള കൃത്യമായ ജീവശാസ്ത്രപരമായ വിശദീകരണമൊന്നും പുറത്തുവന്നുമില്ല.

To advertise here,contact us