ഭൂമിയോടടുക്കും തോറും പച്ചനിറം കൂടുന്നു; ദുഃസൂചനയോ ഈ 3I/ATLAS ന്റെ വരവ്?

3I/ATLAS, മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പച്ച നിറം കൈവരിച്ചിട്ടുണ്ടെന്നും ഭൂമിയോട് അടുക്കുന്തോറും കൂടുതൽ തിളക്കമുള്ളതാവുകയാണ് എന്നുമാണ് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തത്

നിഗൂഢതകൾ ഇനി ഇല്ല, അന്യഗ്രഹ വസ്തുവല്ല, അതൊരു വാൽനക്ഷത്രം തന്നെയെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ വെളിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം വീണ്ടും 3I/ATLAS എന്ന അജ്ഞാത വസ്തുവിനെ ചുറ്റിപ്പറ്റിയയുള്ള സംശയങ്ങൾ തീരാതെ തല പുകഞ്ഞിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിക്ക് ദുഃസൂചനയാണോ ഈ വസ്തുവിന്റെ വരവെന്ന് കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് ശാസ്ത്രജ്ഞർ. ജെമിനി നോർത്ത് ടെലിസ്കോപ്പ് പകർത്തിയ സമീപകാല ചിത്രങ്ങൾ പ്രകാരം നിലവിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രം 3I/ATLAS, മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പച്ച നിറം കൈവരിച്ചിട്ടുണ്ടെന്നും ഭൂമിയോട് അടുക്കുന്തോറും കൂടുതൽ തിളക്കമുള്ളതാവുകയാണെന്നുമാണ് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബർ 19 ന് വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നും അത് നമ്മുടെ ഗ്രഹത്തിൽ നിന്ന് 170 ദശലക്ഷം മൈൽ -ഏകദേശം 270 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും എന്നും ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. 2025 ജൂലൈ 1 ന് ചിലിയിലെ ATLAS ദൂരദർശിനിയാണ് ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്. 1I/'Oumuamua, 2I/Borisov എന്നിവയ്ക്ക് ശേഷം ഇതുവരെ കണ്ടെത്തിയ മൂന്നാമത്തെ ഇന്റർസ്റ്റെല്ലാർ വസ്തുവാണിത്. ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും വലുതും പഴക്കമേറിയതുമായ ഇന്റർസ്റ്റെല്ലാർ വസ്തുവാണ് 3I/ATLAS എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ജൂലൈയിൽ കണ്ടെത്തിയതിന് ശേഷം പലപ്പോഴും ഈ വാൽനക്ഷത്രം എങ്ങനെ, ഏത് ദിശയിൽ സഞ്ചരിക്കുന്നു എന്ന് ഗവേഷകർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. സൂര്യനോട് അടുത്തെത്തിയതിനുശേഷം, വാൽനക്ഷത്രം ടൺ കണക്കിന് പൊടി പടലങ്ങൾ പുറപ്പെടുവിക്കുകയും ഒരു 'തിളക്കമാർന്ന കോമ' മേഖല സൃഷ്ടിക്കുകയും ചെയ്തു. ഒരു വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസിനെ ചുറ്റിപ്പറ്റിയുള്ള തിളക്കമുള്ളതും, വ്യാപിക്കുന്നതുമായ മേഖലയാണ് കോമ. വാൽനക്ഷത്രം സൂര്യനെ സമീപിക്കുമ്പോൾ ഹിമത്തിന്റെയും മറ്റ് വസ്തുക്കളുടെയും ബാഷ്പീകരണം മൂലം ഇത് രൂപം കൊള്ളുന്നു. സൂര്യന്റെ ദിശയിലുള്ള വാല്‍ ഇപ്പോഴും ദൃശ്യമാണെന്നും അതിനാല്‍ 3I/ATLAS-ന്റെ സ്വഭാവം നിഗൂഢമായി തുടരുകയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ദൃശ്യം പകർത്താനായി ശാസ്ത്രജ്ഞർ നീല, ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ നാല് ഫിൽട്ടറുകൾ ഉപയോഗിച്ച് വാൽനക്ഷത്രത്തെ നിരീക്ഷിച്ചു. ആ നിരീക്ഷണത്തിൽ കടുത്ത പച്ചനിറത്തിൽ വാൽനക്ഷത്രത്തെ കാണാൻ സാധിക്കുകയായിരുന്നു.

കോമ മേഖലയിലുള്ള ഡയാറ്റമിക് കാർബൺ (C2) തന്മാത്രകളാണ് വാൽനക്ഷത്രത്തിന്റെ പച്ച നിറത്തിന് കാരണം, സൗരവികിരണത്തിന് വിധേയമാകുമ്പോൾ അവ പച്ച തരംഗദൈർഘ്യത്തിൽ അഥവാ വേവ് ലെങ്ങ്തിൽ പ്രകാശം പുറപ്പെടുവിക്കുന്നു. വാൽനക്ഷത്രങ്ങളിൽ ഈ പ്രതിഭാസം അസാധാരണമല്ല, എന്നാൽ 3I/ATLAS ന്റെ നിറം ചുവപ്പിൽ നിന്ന് പച്ചയിലേക്ക് അടുത്തിടെ മാറിയതും പിന്നീട് കൂടുതൽ നിറം വെക്കുന്നതും എന്തിന്റെയെങ്കിലും സൂചനയാണോ എന്നാണ് ഗവേഷകർ അന്വേഷിക്കുന്നത്. മാത്രമല്ല, 3I/ATLAS ചൂടാകുമ്പോൾ പുതിയ തന്മാത്രകളെ ബഹിരാകാശത്തേക്ക് പുറംതള്ളുന്നുണ്ട് എന്നതിന്റെ തെളിവാണിതെന്നാണ് ഗവേഷകരുടെ വാദം. 3I/ATLAS ന്റെ നിഗൂഢമായ ഘടനയെക്കുറിച്ച് പുതിയ സൂചനകൾ നൽകാൻ ഈ വിവരങ്ങൾ മതിയെന്നുമാണ് പറയപ്പെടുന്നത്. സൂര്യനിൽ നിന്ന് അകന്ന് നീങ്ങുന്ന സമയത്ത് വാൽനക്ഷത്രം എങ്ങനെ പെരുമാറും എന്നതാണ് അജ്ഞാതമായി തുടരുന്നത്. ഡിസംബർ 19 ന് വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥലത്തേക്ക് അടുക്കുമ്പോൾ നമുക്ക് കൂടുതൽ കാഴ്ചകൾ കാണേണ്ടി വന്നേക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Content Highlights : 3I/ATLAS changing color to brighter green. What does it mean ?

To advertise here,contact us