ഓങ്ക് സാന്‍ സൂ ചി മരിച്ചോ? ; കണ്ടിട്ട് രണ്ടു വര്‍ഷത്തിലേറെയായെന്ന് മകന്‍

രാജ്യത്തെ മുസ്‌ലിം റോഹിംഗ്യ വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടക്കൊല ചെയ്‌തെന്ന ആരോപണം സൂ ചിയ്‌ക്കെതിരെ ഉയര്‍ന്നത് അവരുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിരുന്നു

മ്യാന്മാറില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ നേതാവ് ഓങ്ക് സാന്‍ സൂ ചിയെ കുറിച്ച് മകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്വന്തം അമ്മ മരിച്ചിട്ടുണ്ടോന്നുപോലും അറിയില്ലെന്നാണ് മകന്‍ കിം ആരിസ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോടാണ് പറഞ്ഞിരിക്കുന്നത്. മ്യാന്‍മാറില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്തിന്റെ പേരില്‍ വീട്ടുതടങ്കലില്‍ വര്‍ഷങ്ങളോളം കഴിയേണ്ടി വന്ന സൂ ചി, സൈനിക അട്ടിമറിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2021 ഫെബ്രുവരിയിലാണ് സൈന്യം അധികാരം കൈയ്യേറിയത്. രണ്ട് വര്‍ഷത്തെിലേറെയായി അമ്മയെ കണ്ടിട്ടെന്നും എണ്‍പതുകാരിയായ അമ്മ മരിച്ചോ എന്നുപോലും അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഇടയ്ക്കിടെ ചില വിവരങ്ങള്‍ അറിയുമെന്നല്ലാതെ ഒന്നുമറിയില്ലെന്നാണ് കിം പറയുന്നത്.

"അമ്മയ്ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. രണ്ടുവര്‍ഷത്തിലേറെയായി ആരും അവരെ കണ്ടിട്ടില്ല. അഭിഭാഷകരോടോ കുടുംബത്തോടെ സംവദിക്കാനുള്ള അനുവാദം പോലും നിഷേധിക്കപ്പെട്ടു. എനിക്കൊന്നു മാത്രമേ തോന്നുന്നുള്ളു, അമ്മ ചിലപ്പോള്‍ മരിച്ചിട്ടുണ്ടാകാം"- ടോക്കിയോയില്‍ നടന്ന അഭിമുഖത്തില്‍ കിം പറയുന്നു.

മ്യാന്‍മാറിലെ സൈനിക കൗണ്‍സില്‍ (ജുണ്ട) നേതാവായ മിന്‍ ഓങ് ലെയ്ങിന് അമ്മയുടെ കാര്യത്തില്‍ പ്രത്യേകമായ അജണ്ട ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ അമ്മയെ മുന്‍നിര്‍ത്തി ജനങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമം നടത്തുമെങ്കില്‍ അത് ഒന്നുകില്‍ അവരെ പുറത്തുവിട്ടോ അല്ലെങ്കില്‍ വീട്ടുതടങ്കലിലാക്കുകയോ വഴിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം അങ്ങനൊരു തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നും കിം പറയുന്നുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്റെ അമ്മയുടെ ദുരവസ്ഥ കുറയ്ക്കാന്‍ അതൊരു കാരണമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.

2010ല്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം വീട്ടുതടങ്കലില്‍ നിന്നും മോചിതയാക്കപ്പെട്ട സൂ ചി 2015ലാണ് മ്യാന്‍മാറിനെ നയിക്കാന്‍ ജനവിധിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മുസ്‌ലിം റോഹിംഗ്യ വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടക്കൊല ചെയ്‌തെന്ന ആരോപണം സൂ ചിയ്‌ക്കെതിരെ ഉയര്‍ന്നത് അവരുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിരുന്നു. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാന്‍മാര്‍ പ്രക്ഷുബ്ധമാണ്. സൈനിക അട്ടിമറിയ്ക്ക് പിന്നാലെ അറസ്റ്റിലായ സൂ ചിയെ അഴിമതി, തെരഞ്ഞെടുപ്പ് അട്ടിമറി മുതലായ കുറ്റങ്ങള്‍ ചുമത്തി 27 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കുറ്റങ്ങളെല്ലാം അവര്‍ നിഷേധിച്ചിരുന്നു.

മ്യാന്‍മാറിന്റെ തലസ്ഥാനമായ നേപ്യിഡോയിലാണ് സൂ ചിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മകന്‍ വിശ്വസിക്കുന്നത്. അവസാനം അമ്മ അയച്ച കത്തില്‍ വേനല്‍കാലത്തും ശൈത്യകാലത്തും തന്റെ സെല്ലിനുള്ളിലെ താപനിലയെ കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ലോകത്തുടനീളം പല സംഘര്‍ഷങ്ങളും ഉടലെടുക്കുന്നതിനാല്‍ മ്യാന്‍മാറിനെ കുറിച്ച് എല്ലാവരും മറന്നുപോകുമോ എന്ന ആശങ്കയിലാണ് കിം. നിലവില്‍ ജപ്പാനിലുള്ള കിം അന്താരാഷ്ട്ര തലത്തില്‍ ജുണ്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജാപ്പനീസ് രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചിട്ടുണ്ട്.

Content Highlights: Myanmar's Aung San Suu Kyi's son Kim Aris told reuter's that his mother could be dead

To advertise here,contact us