കഴുത്തിൽ കുരുക്കിട്ട ശേഷം പെട്ടിയുടെ മുകളിൽ നിന്ന് ചാടാൻ മക്കളോട് പറഞ്ഞു; പിതാവും 3മക്കളും മരിച്ചു

കുട്ടികളുടെ അമ്മയുടെ സാരികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്

അഞ്ചു മക്കളെയും കൂട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച പിതാവും അദ്ദേഹത്തിന്‍റെ പെണ്‍മക്കള്‍ മൂന്ന് പേരും മരിച്ചു. ആണ്‍മക്കള്‍ രണ്ടുപേർ രക്ഷപ്പെട്ടു. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. അമര്‍നാഥ് റാം എന്നയാളാണ് കടുംകൈ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമർനാഥിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ച് കഴിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. പിതാവിന്റെ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരോടും ഒപ്പം ചെല്ലാന്‍ പിതാവ് ആവശ്യപ്പെട്ടതെന്നാണ് ആറു വയസുകാരന്‍ ശിവം പൊലീസിനോട് പറഞ്ഞത്.

ഒരു വര്‍ഷം മുമ്പാണ് അമര്‍നാഥിന്റെ ഭാര്യ മരിച്ചത്. മക്കളായ 12വയസുകാരി അനുരാധ, 7വയസുകാരി ശിവാനി, ആറു വയസുകാരി രാധിക, ആറു വയസുള്ള മകന്‍ ശിവം, അഞ്ചുവയസുകാരന്‍ ചന്തന്‍ എന്നിവരുമായി മുസാഫര്‍പൂരിലെ മിസ്‌റോലിയ ഗ്രാമത്തിലാണ് അമര്‍നാഥ് താമസിച്ചിരുന്നത്. അഞ്ചു കുട്ടികളെയും നോക്കാന്‍ അമര്‍നാഥ് പാടുപെട്ടിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ സമ്മര്‍ദത്തിലായിരുന്നു അമര്‍നാഥെന്ന് മറ്റുചിലരും പറയുന്നുണ്ട്.

വീട്ടിലെ അടുക്കളയില്‍ പൊട്ടിച്ച മുട്ടതോടുകള്‍ കിടപ്പുണ്ട്. മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയ ശേഷമാണ് അമർനാഥ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് നിഗമനം. കുട്ടികളോട് ഒരു ട്രങ്കിന് മുകളില്‍ നില്‍ക്കാന്‍ അമര്‍നാഥ് ആവശ്യപ്പെടുകയും പിന്നീട് സാരി കൊണ്ട് കുരുക്ക് ഉണ്ടാക്കി കുട്ടികളുടെ കഴുത്തിലേക്ക് ഇട്ട് ശേഷം സ്വന്തം കഴുത്തിലും അമര്‍നാഥ് സമാനമായി കുരുക്കിട്ടു. പിന്നീട് കുട്ടികളോട് ട്രങ്കിന് മുകളില്‍ നിന്ന് ചാടാന്‍ അമര്‍നാഥ് ആവശ്യപ്പെട്ടന്നാണ് കരുതുന്നത്. കുട്ടികളുടെ അമ്മയുടെ സാരികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ടുകുട്ടികള്‍ ചാടാന്‍ തയ്യാറായില്ല, അവരാണ് രക്ഷപ്പെട്ടത്.

Content Highlights: Bihar man use late wife's saree to hang his children, 3 daughters and him lost lives

To advertise here,contact us