ശിവകാശിയിലെ വിരുധനഗറിൽ മോഷ്ടാവിനെ ധീരമായി നേരിട്ട 70കാരിയാണിപ്പോൾ താരം. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അപ്രതീക്ഷിതമായുണ്ടായ മോഷണ ശ്രമത്തെ ഒരു പാത്രം വെള്ളം കൊണ്ടാണ് മഹേശ്വരി മുത്തശ്ശി നേരിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ശിവകാശിലെ പളനിയാണ്ടവപുരം കോളനിയിലാണ് മഹേശ്വരി താമസിക്കുന്നത്. പുലർച്ചെ അഞ്ചുമണിക്ക് വീടിന് മുന്നിൽ വെള്ളം കുടഞ്ഞ് തൂത്ത് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു മഹേശ്വരി. ഇതിനിടെയാണ് സൈക്കിളിലെത്തിയ മുഖംമൂടി ധരിച്ച ഒരു ചെറുപ്പക്കാരൻ മഹേശ്വരി ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത്. അവസരം നോക്കി മോഷ്ടാവ് വീടിന് സമീപ് മറഞ്ഞ് നിന്നു. ജോലി തീർത്ത് മഹേശ്വരി വീടിനകത്തേക്ക് കയറാൻ ശ്രമിക്കവേ ഇയാൾ പിറകേ ചെന്ന് മഹേശ്വരിയെ ആക്രമിക്കുകയാണ് ഉണ്ടായത്. പിറകിലൂടെ ചെന്ന് മഹോശ്വരിയുടെ കണ്ണുകൾ പൊത്തിയ ശേഷം അവരുടെ മാലയും കമ്മലുകളും കവരാനായിരുന്നു മോഷ്ടാവിന്റെ ശ്രമം.
മഹേശ്വരി അലറി കരഞ്ഞു. പെട്ടെന്നുള്ള ചിന്തയിൽ അടുത്തിരുന്ന ഒരു പാത്രം വെള്ളമെടുത്ത് മഹേശ്വരി മോഷ്ടാവിന്റെ മുഖത്തേക്ക് ഒഴിച്ചു. ഇതോടെ ശ്രദ്ധ നഷ്ടപ്പെട്ട മോഷ്ടാവ് എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ സംഭവ സ്ഥലത്ത് നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മഹേശ്വരിയുടെ അലർച്ച കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാവ് അയാളുടെ സൈക്കിളിൽ കയറി രക്ഷപ്പെട്ടിരുന്നു.
മഹേശ്വരിയുടെ വീടിന് മുമ്പിലുണ്ടായിരുന്ന സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ മുത്തശ്ശിയുടെ ധൈര്യത്തെ നിരവധി പേരാണ് പ്രകീർത്തിക്കുന്നത്. സംഭവത്തിൽ മഹേശ്വരിയുടെ പരാതിയിൽ ശിവകാശി ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Content Highlights: 70year old foiled theft attempt using a pot of water at Sivakasi