ഉള്ളി കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ഗുജറാത്തിൽ 23വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ദമ്പതികൾ

ദമ്പതികളിൽ ഭാര്യയ്ക്ക് ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉൾപ്പെടുത്താൻ താത്പര്യമില്ലായിരുന്നു

അടുക്കളയിൽ നിന്നും ആരംഭിച്ച ഒരു തർക്കും ഒടുവിൽ 23 വർഷത്തെ ദാമ്പത്യ ജീവിതം തന്നെ അവസാനിക്കാൻ കാരണമായിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് കുടുംബകോടതിയാണ് ദമ്പതികൾക്ക് വിവാഹമോചനം നൽകി ആദ്യ വിധി പുറപ്പെടുവിച്ചത്. ഈ വിധി ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണിപ്പോൾ. ദമ്പതികളിൽ ഭാര്യയ്ക്ക് ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉൾപ്പെടുത്താൻ താത്പര്യമില്ലായിരുന്നു.

നീണ്ടകാലമായി ഈ വിഷയത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ തർക്കം നിലനിന്നിരുന്നു. എന്നാൽ തന്റെ ഭക്ഷണരീതിയല്ല പ്രശ്‌നങ്ങൾക്ക് കാരണമെന്നും താൻ ഒരു പ്രത്യേക വിശ്വാസത്തിലേക്ക് മാറിയാതാണെന്നായിരുന്നു ഭാര്യയുടെ വാദം. ഈ വിഭാഗത്തിലുള്ളവർ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കുന്നവരല്ല. 2002ലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹമോചനത്തിന് പിന്നാലെ ലഭിക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ദമ്പതികളിലെ യുവതി ഇതിനിടയിൽ ആശങ്ക ഉയർത്തിയിരുന്നു, ഇക്കാര്യത്തിനും ഹൈക്കോടതി തീർപ്പുണ്ടാക്കി.വിവാഹത്തിന് ശേഷം ഭർത്താവിന്റെ അമ്മ ഇവർക്കായി ഉള്ളിയോ വെളുത്തുള്ളിയോ ചേർക്കാത്ത ഭക്ഷണം പ്രത്യേകമായി ഉണ്ടാക്കി നൽകുമായിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ നിരന്തരമായി ഭർത്താവുമായുള്ള പ്രശ്‌നത്തെ തുടർന്ന് ഇവർ 2007ൽ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയി. അഹമ്മദാബാദിലെ മഹിള പൊലീസ് സ്റ്റേഷനിൽ ഭർത്താവാണ് ഭാര്യയുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആദ്യം പരാതി നൽകിയത്.

തുടർന്ന് 2013ല്‍ അഹമ്മദാബാദ് കുടുംബകോടതിയിൽ ഇയാൾ വിവാഹമോചന ഹർജി ഫയൽ ചെയ്തു. 2024 മെയിൽ വിവാഹമോചനം അനുവദിച്ച് അഹമ്മദാബാദ് കുടുംബ കോടതി ഉത്തരവിറക്കി. കുടുംബകോടതിയുടെ നിർദേശമുണ്ടായിട്ടും കഴിഞ്ഞ 18 മാസമായി ഇവർക്ക് ലഭിക്കേണ്ട തുക മുന്‍ ഭർത്താവ് തന്നില്ലെന്നാണ് ഹൈക്കോടതി വാദത്തിനിടയിൽ യുവതി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ വ്യക്തമായ നടപടികൾ സ്വീകരിച്ച് പണം യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

Content Highlights: Couple ended 23 year relationship due to conflict over eating garlic and onion

To advertise here,contact us