അങ്ങ് രാജസ്ഥാനിലെ ജയ്പൂരിലുള്ള ചോമു സബ്ഡിവിഷനിലാണ് എല്ലാ മാനസിക സംഘർഷവും ഇല്ലാതാക്കി SIR നടപടികൾ പൂർത്തിയാക്കിയതിന്റെ സന്തോഷം BLOമാരും SDMഉം ചേർന്ന് ആഘോഷമാക്കിയത്. വൈറൽ വീഡിയോയിൽ SDM ദിലീപ് സിങ് റാത്തോഡ് സർക്കാർ സ്റ്റാഫുകളോടൊപ്പം നൃത്തംചവിട്ടുന്നത് കാണാം. സമയപരിധിക്ക് മുന്നോടിയായി എല്ലാ ജോലികളും തീർത്തതിന്റെ ആഘോഷമാണിതെന്നാണ് ഓരോരുത്തരും പറയുന്നത്.
SDMന്റെ മികവും നല്ലരീതിയിലുള്ള ഇടപെടലുമാണ് നടപടികൾ കൃത്യമായി പൂർത്തീകരിക്കാനുള്ള ഊർജ്ജമായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. ജനപ്രിയമായ സിനിമാ ഗാനങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്നതിന് പുറമേ BLOമാർക്കൊപ്പം ഭക്ഷണവും പങ്കുവച്ച് കഴിച്ചാണ് SDM മടങ്ങിയത്. എല്ലാ സ്റ്റാഫുകൾക്കും ടാർഗറ്റ് പൂർത്തീകരിച്ചതിന് നന്ദി പറഞ്ഞതിനൊപ്പം ടീംവർക്കാണ് ഈ വിജയത്തിന് പിന്നിലെന്നാണ് SDM പ്രതികരിച്ചത്.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തിൽ നടത്തേണ്ട SIR നടപടികൾ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ആരും സമ്മർദത്തോടെ പ്രവർത്തനത്തിന് ഇറങ്ങരുതെന്ന നിർബന്ധം തനിക്കുണ്ടായിരുന്നു എന്ന് SDM റാത്തോഡ് പറയുന്നു. കടുത്ത നടപടികളിലൂടെ പോകാതെ BLOമാരിൽ വിശ്വാസം അർപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബുദ്ധിമുട്ട് നേരിട്ട ജീവനക്കാർക്ക് അധിക സഹായം നൽകാൻ ശ്രമിച്ചു.
ജോലി സമ്മർദം മൂലം BLOമാർ പല സംസ്ഥാനങ്ങളിലും കുഴഞ്ഞുവീണു മരിച്ചെന്ന് അടക്കമുള്ള വാർത്തകൾ ആശങ്ക ഉയർത്തുന്നതിനിടയിലാണ് ജയ്പൂരിൽ നിന്നുള്ള ഈ വാർത്ത ആശ്വാസകരമാകുന്നത്. യുപിയിലെ മൊരാദാബാദിൽ സർവേശ് സിങ് എന്ന BLO സമയപരിധിക്കുള്ളിൽ SIR നടപടികൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ജീവനൊടുക്കിയിരുന്നു. ഹത്രാസിലും സമാനസംഭവമുണ്ടായി. കേരളത്തിൽ കണ്ണൂരിൽ BLO ജീവനൊടുക്കിയിരുന്നു.Content Highlights: SDM danced with BLO's after completing SIR process before deadline