ഓഫീസ് സമയത്തായാലും പുറത്തുപോകുമ്പോഴായാലും ചൂട് കാപ്പിയും ചായയും കുടിച്ച് സുഹൃത്തുക്കളും കുടുംബവുമായിട്ടൊക്കെയിരുന്ന് സംസാരിക്കാന് സമയം മാറ്റിവയ്ക്കുന്നവരാണ് പലരും. അതൊക്കെ നല്ല കാര്യംതന്നെ. പക്ഷേ നിങ്ങള് പേപ്പര് കപ്പിലാണ് ചായ കുടിക്കുന്നതെങ്കില് സംഗതി അല്പ്പം അപകടകരമാണ്. കാരണമെന്താണെന്നല്ലേ? പോഷകാഹാര വിദഗ്ധയായ ഖുഷി ഛബ്രയാണ് തന്റെ സോഷ്യല്മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
ഒറ്റനോട്ടത്തില് പേപ്പര് കപ്പുകള് നിരുപദ്രവകരമായി തോന്നും. മാത്രമല്ല ഭാരക്കുറവും ഉപയോഗിക്കാന് സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദമായി വിപണനം ചെയ്യപ്പെടുന്നതുമായതുകൊണ്ട് അവ വളരെ വ്യാപകമായി ഉപയോഗിക്കുന്നു. മിക്ക ഡിസ്പോസിബിള് പേപ്പര് കപ്പുകളും പ്ലാസ്റ്റിക്കിന്റെ നേര്ത്ത പാളി കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ചോര്ച്ച തടയാനും വെള്ളം കയറാതിരിക്കുന്നതിനുമായാണ് ഇങ്ങനെ ചെയ്യുന്നത്.
പേപ്പര് കപ്പുകളില് ചൂട് പാനിയങ്ങള് ഒഴിക്കുമ്പോള് ഈ പ്ലാസ്റ്റിക് കോട്ടിംഗ് അതിലേക്ക് ഒഴുകിയിറങ്ങും. ഇതിലെ മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തുകയും വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.ഈ കണികകള് ആരോഗ്യത്തെ പതുക്കെ നശിപ്പിക്കുന്നതിനാല് അവ ആശങ്കാജനകമാണ്. അതുകൊണ്ട് പേപ്പര് കപ്പുകളില് കുടിക്കുന്ന ഓരോ കപ്പ് കാപ്പിയും ചായയും ശരീരത്തില് പ്ലാസ്റ്റിക് അടിഞ്ഞുകൂടാന് കാരണമാകും.
ഒരിക്കല് അകത്തുചെന്നാല് മൈക്രോ പ്ലാസ്റ്റിക് ദഹനവ്യവസ്ഥയിലൂടെ കടന്നുപോവുക മാത്രമല്ല ചെയ്യുന്നത്. അവ രക്തപ്രവാഹത്തിലൂടെ പ്രവേശിച്ച് ഹോര്മോണുകള് ഉണ്ടാക്കുകയും പുറത്തുവിടുകയും ചെയ്യുന്ന എന്ഡോക്രെയിന് സിസ്റ്റത്തെ തടസ്സപ്പെടുത്തുന്നവയായി പ്രവര്ത്തിക്കുകയും ഹോര്മോണ് സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് പലതരം ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. മാത്രമല്ല മൈക്രോപ്ലാസ്റ്റിക് കുടലില് നീര്വീക്കം ഉണ്ടാക്കുകയും കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുന്നു. അതുകൊണ്ട് പേപ്പര് കപ്പുകള് ഒഴിവാക്കാമെന്ന് നിര്ദ്ദേശിക്കുകയാണ് ഖുഷി ഛബ്ര. പകരം സെറാമിക് കപ്പില് ചായതരാന് നിര്ദ്ദേശിക്കുകയോ സുരക്ഷിതമായ വസ്തുക്കളില് നിന്ന് നിര്മ്മിച്ച പുനരുപയോഗിക്കാവുന്ന വസ്തുക്കള് ഉപയോഗിക്കാമെന്നോ അവര് പറയുന്നു. ഈ മാര്ഗ്ഗങ്ങള് ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാലിന്യങ്ങള് കുറയ്ക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും.
Content Highlights :Drinking tea from paper cups is dangerous to health