'തൊടുത്താൽ അമേരിക്കയുടെ അലാസ്കയും കടന്നു പോകും'; ചൈനയുടെ പുത്തൻ JL-1 മിസൈൽ

അമേരിക്കയുടെ അലാസ്കയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വരെ എത്തിപ്പെടാൻ ചൈനയുടെ JL-1 ന് സാധിക്കും എന്നാണ് പറയപ്പെടുന്നത്

സൈനിക ഉപകരണങ്ങളുടെയും നൂതന ആയുധ സംവിധാനങ്ങളുടെയും അതിവേഗ നവീകരണ പ്രവർത്തനം നടത്തുന്ന ചൈന അതിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈന സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, സാങ്കേതികവിദ്യ, ശാസ്ത്ര മേഖലയിലെ വികാസം, തന്ത്രപരമായ പ്രതിരോധ നടപടികൾ എന്നിവയിലെ പുരോഗതിയും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

പ്രതിരോധ ബജറ്റ് ഗണ്യമായി വർധിപ്പിച്ച ചൈന ഇപ്പോൾ ഒരു പുതിയ മിസൈൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. Jinglei-1 (JL-1) മിസൈൽ ആണ് ചൈന വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഹൈപ്പർസോണിക് ലോങ്ങ് റേഞ്ച് മിസൈൽ സംവിധാനം. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയുടെ അലാസ്കയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വരെ എത്തിപ്പെടാൻ ചൈനയുടെ JL-1 ന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. ചൈനയുടെ ഈ നീക്കം അമേരിക്കക്ക് തലവേദനയാകുമെന്ന കാര്യം ഉറപ്പാണെന്നാണ് വാർത്ത വന്നതിനു പിന്നാലെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഓർഡിനൻസ് ഇൻഡസ്ട്രി സയൻസ് ടെക്നോളജി മാസിക പ്രസിദ്ധീകരിച്ച വിവരങ്ങൾ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെതിട്ടുണ്ട്. ന്യൂക്ലിയർ വാർഹെഡ് വഹിക്കാൻ ശേഷിയുള്ള ലോകത്തിലെ ഒരേയൊരു ഹൈപ്പർസോണിക് ലോംഗ്-റേഞ്ച് മിസൈലാണ് ഇതെന്നാണ് ചൈനയുടെ വാദം. പുതിയ ക്ലാസ് നൂതന ആയുധങ്ങളിൽ അമേരിക്കയെയും റഷ്യയെയും പിന്നിലാക്കാൻ ആണ് ചൈന ശ്രമിക്കുന്നത് എന്ന് പറയപ്പെടുന്നത്. ഷോക്കിംഗ് തണ്ടർ-1 എന്നും പറയപ്പെടുന്ന JL-1 മിസൈലിന് 8,000 കിലോമീറ്റർ (4,971 മൈൽ) ദൂരപരിധിയുണ്ട്. ഇത് വഹിക്കുന്ന H-6N ബോംബറിന് 4,000 കിലോമീറ്റർ ദൂര പരിധിയും ആകാശത്തു വെച്ച് തന്നെ ഇന്ധന കൈമാറ്റം ചെയ്യാനുള്ള ശേഷിയുമുണ്ട്.

യുഎസ് ദേശീയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രാഥമിക ഇൻസ്റ്റാളേഷൻ കേന്ദ്രം അലാസ്കയാണെന്ന് എന്നാണ് പറയപ്പെടുന്നത്. ചൈനീസ് മിലിട്ടറി മാഗസിൻ പറയുന്നതനുസരിച്ച്, 8000 കിലോമീറ്ററിലധികം പ്രവർത്തന പരിധി ഉള്ളതുകൊണ്ട് തന്നെയാണ് അലാസ്കയിലോ പസഫിക്കിലെ മൂന്നാം ദ്വീപ് ശൃംഖലയിലെ ലക്ഷ്യങ്ങളിലോ എത്താൻ ഈ മിസൈൽ പ്രാപ്തമാണ് എന്ന് പറയുന്നത്. എന്നിരുന്നാലും, വിശ്വസനീയമായ ഒരു ഭീഷണി ഉയർത്താൻ JL-1 ന് സാധിക്കില്ലെങ്കിൽ ഈ മിസൈൽ കൊണ്ട് മറ്റു ഗുണങ്ങൾ ഉണ്ടാവില്ലെന്നും സൂചിപ്പിച്ചിരിക്കുകയാണ് വിദഗ്ദ്ധർ.

സെപ്റ്റംബറിൽ ചൈനയുടെ വിക്ടറി ഡേ പരേഡിലാണ് ജെഎൽ-1 മിസൈൽ മറ്റ് തന്ത്രപരമായ മിസൈലുകൾക്കൊപ്പം ആദ്യമായി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ന്യൂക്ലിയർ ട്രയാഡ് പൂർത്തിയാക്കാൻ ഈ മിസൈൽ സഹായിക്കുമെന്ന് ആണ് കരുതപ്പെടുന്നത്. അതായത്, ചൈനയ്ക്ക് വായു, കര, കടൽ വഴി ആണവായുധങ്ങൾ എത്തിക്കാനുള്ള കഴിവ് ഇത് മൂലം സാധ്യമാകുമെന്ന് ചുരുക്കം. യുഎസ് വ്യോമസേനയുടെ കൈവശമുള്ള ഏക ആണവായുധ ക്രൂയിസ് മിസൈൽ AGM-86B ആണ്, ഇതിന് 43 വർഷം പഴക്കമുണ്ട്. റഷ്യയുടെ കൈവശം വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന ഹൈപ്പർസോണിക് മിസൈൽ ആയ കിൻസാൽ (Kh-47M2) ആണുള്ളത്. ഇതിന് ഒരു ആണവ വാർഹെഡ് വഹിക്കാൻ കഴിയും, ഏകദേശം 1,500 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുമുണ്ട്. ഇതിനെയെല്ലാം വെല്ലാൻ ചൈനയുടെ പുത്തൻ ഹൈപ്പർസോണിക് മിസൈൽ എന്നാണ് ചൈനീസ് പ്രതിരോധസേനയുടെ വാദം.

പ്രത്യേകതകൾ ഏറെയുണ്ടെങ്കിലും ചില പരിമിതികളും ഈ മിസൈലിനുണ്ട്. 15 മീറ്റർ അഥവാ 49 അടി നീളമുള്ളതുകൊണ്ട് H-20 സ്റ്റെൽത്ത് ബോംബർ വിമാനത്തിന്റെ ആന്തരിക ആയുധ ബേയ്ക്കുള്ളിൽ ഈ മിസൈലിനെ ഉൾക്കൊള്ളിക്കാൻ സാധിക്കില്ലെന്നുള്ളതാണ് എടുത്തു പറയേണ്ട പോരായ്മ. ഈ പരിമിതികൾ കാരണം തന്നെ B-2 സ്പിരിറ്റ് അല്ലെങ്കിൽ B-21 റൈഡർ പോലുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ബോംബറുകളുമായി ഇതിന് പോരാടാൻ കഴിയില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Highlights: China Jinglei-1 missile to combat US and Russia

To advertise here,contact us