ലോകത്തിലെ ഏറ്റവും ചിലവേറിയ തെരുവുകളിൽ ഈ ഇന്ത്യൻ മാർക്കറ്റും! പട്ടികയിൽ മറ്റ് വമ്പന്മാരും

പട്ടികയിൽ ഒന്നാം സ്ഥാനം ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റിനാണ്

ഏറ്റവും ചിലവേറിയ തെരുവുകളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് ദില്ലി ഖാൻ മാർക്കറ്റ്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ കഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഖാൻ മാർക്കറ്റും ഇടം പിടിച്ചത്. ദില്ലി ഖാൻ മാർക്കറ്റിലെ വാടക വർഷാവർഷം മൂന്ന് ശതമാനം ഉയർന്ന് ഇത്തവണ ഒരു സ്‌ക്വയർ ഫൂട്ടിന് 223 ഡോളറായെന്ന് മെയിൻ സ്ട്രീറ്റ്‌സ് എക്രോസ് ദ വേൾഡ് എന്ന റീട്ടെയ്ൽ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ വാടകയിനത്തിൽ ഉയർച്ച വന്നെങ്കിലും ഖാൻ മാർക്കറ്റിന്റെ റാങ്ക് കഴിഞ്ഞ വർഷത്തെ 23ാം സ്ഥാനത്ത് നിന്നും ഈ വർഷം 24ാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്.

പട്ടികയിൽ ഒന്നാം സ്ഥാനം ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റിനാണ്. ആദ്യമായാണ് പട്ടികയിൽ ഈ തെരുവ് ഇടംപിടിക്കുന്നത്. ഇവിടെ മുൻവർഷത്തെക്കാൾ 22 ശതമാനം ഉയർച്ചയാണ് വാടകയിലുണ്ടായത്. ആഗോള റാങ്കിങിൽ കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തായിരുന്ന യൂറോപ്യൻ തെരുവായ മിലനിലെ Via Montenapoleoneയെയാണ് ന്യു ബോണ്ട് സ്ട്രീറ്റ് പിന്നിലാക്കിയത്. ന്യൂയോർക്കിലെ അപ്പർ ഫിഫ്ത്ത് അവന്യുവാണ് മൂന്നാം സ്ഥാനത്ത്. ഹോങ്കോങ്ങിലെ Tsim Sha Tsui യാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. പാരിസ്, ടോക്കിയോ, സൂറിച്ച്, സിഡ്ണി, സോൾ, വിയന്ന എന്നിവടങ്ങളിലെ തെരുവുകളും പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

പ്രീമിയം ഡെസ്റ്റിനേഷനുകളായ ഖാൻ മാർക്കറ്റ്, കോണാട്ട് പ്ലേസ്, ഗല്ലേറിയ മാർക്കറ്റ് എന്നിവിടങ്ങൾ അന്താരാഷ്ട്ര - ആഭ്യന്തര ബ്രാൻഡുകളെ ആകർഷിക്കുന്നുണ്ട്. സമ്പത്തിന്റെ കാര്യത്തിൽ ഉയർച്ച ഉണ്ടാകുന്നതിനൊപ്പം ഉപഭോക്താക്കളുടെ പ്രധാന മുൻഗണനയായും ഈ തെരുവുകൾ മാറുന്നുണ്ട്. ഇന്ത്യൻ തെരുവുകൾക്ക് ആഗോള തലത്തിൽ വലിയ പ്രാമുഖ്യം ലഭിക്കുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ഏഷ്യ പസഫിക്കിലെ കാര്യം പരിഗണിച്ചാൽ, 2024ൽ നിന്നും 2025ൽ എത്തുമ്പോൾ, വാടകയിനത്തിലുള്ള വളർച്ച 2.8 ശതമാനത്തിൽ നിന്നും 2.1 ആയി കുറഞ്ഞിട്ടുണ്ട്. ഗുരുഗ്രാമിലെ ഗാലേറിയ മാർക്കറ്റിലെ വാടകയിൽ വലിയ ഉയർച്ചയാണ് കാണുന്നത്. വർഷാവർഷം 25 ശതമാനമാണ് ഉയർച്ച. പിറകേ 14 ശതമാനം ഉയർച്ചയുമായി ന്യൂഡൽഹിയിലെ കോണാട്ട് പ്ലേസാണ്. മുംബൈയിലെ കെംപ്‌സ് കോർണർ(10%) തൊട്ടടുത്ത അടുത്ത സ്ഥാനത്തുമുണ്ട്.

Content Highlights: Delhi's Khan Market in most world's expensive main streets

To advertise here,contact us