ഇന്ത്യന്‍ മാനേജറോടും ജാപ്പനീസ് മാനേജറോടും ലീവ് ചോദിച്ചു, മറുപടികളില്‍ അറിയാം 'വ്യത്യാസം'; വൈറൽ പോസ്റ്റ്

'ജപ്പാനിലെ മാനേജറും ഇന്ത്യന്‍ മാനേജറും തമ്മിലുള്ള വ്യത്യാസം' എന്ന തലകെട്ടോടെയുള്ള പോസ്റ്റില്‍ ലീവ് ചോദിക്കുമ്പോഴുള്ള ഇരു മാനേജര്‍മാരുടെയും പെരുമാറ്റത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടുന്നു

തൊഴിലിടങ്ങളിലെ വ്യത്യസ്ത അനുഭവങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അതില്‍ തന്നെ പലപ്പോഴും താരതമ്യത്തിനിടയാവുന്ന ഒന്നാണ് വിദേശത്തേയും ഇന്ത്യയിലേയും തൊഴില്‍ സംസ്‌ക്കാരവും രീതികളും. അത്തരത്തില്‍ ജപ്പാനിലേയും ഇന്ത്യയിലേയും തൊഴിലിടങ്ങളിലെ പെരുമാറ്റത്തെ താരതമ്യപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'ജപ്പാനിലെ മാനേജറും ഇന്ത്യന്‍ മാനേജറും തമ്മിലുള്ള വ്യത്യാസം' എന്ന തലകെട്ടോടെയുള്ള പോസ്റ്റില്‍ ലീവ് ചോദിക്കുമ്പോഴുള്ള ഇരു മാനേജര്‍മാരുടെയും പെരുമാറ്റത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിൽ അവധിക്കായി തൻ്റെ മുകളിലുള്ള രണ്ട് റിപ്പോര്‍ട്ടിംഗ് മാനേജര്‍മാരോട് മെയില്‍ ചെയ്തിരുന്നുവെന്നും എന്നാൽ രണ്ട് പേരിൽ നിന്നും വ്യത്യസ്ത പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും പോസ്റ്റ് പങ്കുവച്ചയാള്‍ പറയുന്നു.

' എനിക്ക് അത്യാവിശമായി വീട്ടില്‍ പോകേണ്ട ഒരു ആവശ്യം വന്നു, നിലവില്‍ 7 ക്യാഷ്വല്‍ ലീവുകളാണ് എനിക്കുള്ളത്. രണ്ട് റിപ്പോര്‍ട്ടിംഗ് മാനേജര്‍മാരാണ് ഞങ്ങള്‍ക്കുള്ളത്. അതില്‍ ഒരാള്‍ ജപ്പാന്‍കാരനും ഒരാള്‍ ഇന്ത്യകാരനുമാണ്. രണ്ട് പേരും എനിക്ക് ലീവ് അനുവദിച്ച് തന്നെങ്കിലും, അതിനോട് പ്രതികരിച്ചത് വ്യത്യസ്തമായിരുന്നു. ജാപ്പനീസ് മാനേജര്‍ എന്നോട് നല്ലൊരു ദിനം ആശംസിച്ചപ്പോള്‍ ഇന്ത്യന്‍ മാനേജര്‍ എനിക്ക് ലീവ് തന്നത് ഒരു ഔദാര്യം പോലെയാണ് ' പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിനൊപ്പം ഇരുവരുടെയും ലീവിനുള്ള മറുപടി മെയിലുകളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ ചിത്രത്തില്‍ ജാപ്പനീസ് മാനേജരുടെ പ്രതികരണമായിരുന്നു. അതില്‍ 'നിങ്ങള്‍ക്ക് നല്ല ഒരു ദിനം ആശംസിക്കുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് സൂക്ഷിച്ച് പോയി വരൂ, നന്ദി' എന്നായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാനേജരുടെ മറുപടി മെയിലില്‍ ' ലീവ് അംഗീകരിച്ചിരിക്കുന്നു, മെയിലിലും ടീമിലും ഓണ്‍ലൈനായി തുടരുക' എന്നായിരുന്നു പറഞ്ഞിരുന്നത്.

പോസ്റ്റിന് താഴെ നിരവധിപേരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.'ഞാന്‍ ഒരു ഉക്രേനിയന്‍ പ്രോജക്ട് മാനേജരുടെ കീഴില്‍ ജോലി ചെയ്തിരുന്നു, ഞാന്‍ 'വ്യാജ' അസുഖ അവധി എടുക്കുമ്പോള്‍ അദ്ദേഹം 'വേഗം സുഖം പ്രാപിക്കൂ, ദൈവം നിങ്ങളെ സുഖപ്പെടുത്തട്ടെ' എന്ന് പറയുമായിരുന്നു, അത് എന്നെ കുറ്റബോധത്തിലാക്കി എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഇന്ത്യന്‍ മാനേജരോട് ലീവ് ചോദിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നത് 'തിങ്കളാഴ്ച രാവിലെ നിങ്ങള്‍ക്ക് എന്ത് അസുഖമാണെന്നാണ്' ഒരാള്‍ കമന്റ് ചെയ്തു. മറ്റൊരാള്‍ യൂറോപ്യന്മാരുടേതാണ് ഏറ്റവും മികച്ച തൊഴില്‍ സംസ്‌കാരമെന്നും അവര്‍ക്ക് ജോലി ജീവിത സന്തുലിതാവസ്ഥ മറ്റേതിനെക്കാളും പ്രധാനമാണെന്നും ഇന്ത്യയില്‍ ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായെന്നും കമൻ്റിൽ പറയുന്നു. പോസ്റ്റ് ഇതിനോടകം തന്നെ വലിയ ശ്രദ്ധയ്ക്കും ചര്‍ച്ചയ്ക്കും വഴി വെച്ചിട്ടുണ്ട്.

Content Highlights- 'I asked Indian and Japanese managers for leave, got different answers'; Viral post

To advertise here,contact us