കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ യുവതി, വാട്ടർ ഹീറ്റ് റോഡുകള്‍ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാന്‍

വാട്ടര്‍ ഹീറ്റ് റോഡുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ വെള്ളം ചൂടാക്കുന്ന ഉപകരണത്തില്‍ നിന്നും ഷോക്കേറ്റ് യുവതി മരിച്ചത്. കുളിക്കാനുള്ള വെള്ളം ചൂടാക്കുന്നതിനിടെയാണ് 23കാരിയായ യുവതിക്ക് ഷോക്കേറ്റത്.

മണിപ്പൂര്‍ സ്വദേശിയായ യുവതിയാണ് മരിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കുളിമുറിയുടെ നിലത്ത് ഷോക്കേറ്റ നിലയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടത്. കുളിക്കാന്‍ കയറിയ യുവതി ഏറെ നേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ അതേ മുറിയിലെ തന്നെ മറ്റൊരു യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സംഘമെത്തി പരിശോധിക്കുമ്പോള്‍ കുളിമുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതി ആഘാതമേറ്റതാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പലരും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധകുറവ് കാണിക്കാറുണ്ട്. ഇതാണ് ജീവന്‍ തന്നെയെടുക്കുന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. ചൂടുവെള്ളമുപയോഗിച്ച് കുളിക്കാന്‍ താത്പര്യമുള്ളവർ ഇത്തരം ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ ഒന്നറിഞ്ഞിരിക്കണം.

മുന്‍കരുതലുകള്‍

വാട്ടര്‍ ഹീറ്റ് റോഡുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാരണവശാലും ഇവ നനഞ്ഞ കൈകൊണ്ട് പിടിക്കാതെയിരിക്കുക. ഇവ ഉപയോഗിക്കുമ്പോഴോ തൊടുമ്പോഴോ റബര്‍ ചപ്പല്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഇതിന് പുറമെ, ഇലക്ട്രിക് റോഡുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അവയിലെ ലോഹ ഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുക്കി വെക്കാന്‍ ശ്രദ്ധിക്കുക. പഴയതോ തകരാറിലായതോ ആയ റോഡുകള്‍ ഉപയോഗിക്കാതിരിക്കുക. റോഡ് മുക്കി വെച്ചിരിക്കുന്ന വെള്ളത്തില്‍ തൊടരുത്. പ്ലാസ്റ്റിക് ബക്കറ്റുകള്‍ മാത്രം ഉപയോഗിക്കുക.

Content Highlights- A 23-year-old woman who went to bathe using a water heater device met a tragic end.

To advertise here,contact us