ഹിമാചൽ പ്രദേശിലെ കങ്കര ജില്ലയിൽ സർക്കാർ ഓഫീസിന് മുന്നിൽ വൃദ്ധന് നേരെ സ്ത്രീയുടെ പരാക്രമം. പ്രായമുള്ള മനുഷ്യന്റെ തലവഴിയെ എണ്ണ ഒഴിക്കുകയും കോളറിൽ പിടിച്ച് വലിച്ച് മർദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ആളുകൾ കൂടിയിട്ടും പൊലീസ് പ്രശ്നത്തിൽ ഇടപെട്ടിട്ടും ഈ സ്ത്രീ പിൻമാറാൻ തയ്യാറായില്ല. മാത്രമല്ല വൃദ്ധനെ ചെരുപ്പുമാല ധരിപ്പിക്കാനും ശ്രമം നടന്നു.
സംസ്ഥാനത്തെ രക്കാർ തെഹ്സിലിലെ ബാൻദാ ഗ്രാമവാസിയായ ദേശബന്ധുവെന്ന വ്യക്തിയാണ് അക്രമത്തിന് ഇരയായത്. ഒരു കേസുമായി ബന്ധപ്പെട്ട കോടതി വാദം കേൾക്കാൻ ദെഹ്റയിലെ സബ്ഡിവിഷണൽ ഓഫീസിലെത്തിയതാണ് അദ്ദേഹം. മാണ്ഡി ജില്ലയിലെ ദോബ ഗ്രാമവാസിയായ ആശാദേവി എന്ന സ്ത്രീയാണ് ദേശബന്ധുവിനെ ആക്രമിച്ചത്. ഒരു കണ്ടയ്നെറിൽ നിറച്ച എണ്ണയുമായി എത്തിയ ആശദേവി, അപ്രതീക്ഷിതമായാണ് ഇത് ദേശബന്ധുവിന്റെ തലവഴിയെ ഒഴിച്ചത്. പിന്നാലെ അദ്ദേഹത്തിനെ ചെരുപ്പുമാല അണിയിക്കാനും ഇവർ ശ്രമിച്ചു. അതിനിടയിൽ അദ്ദേഹത്തെ ഇവർ അടിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് ദൃക്സാക്ഷികളായവർ സ്ത്രീയെ തടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വീണ്ടും അദ്ദേഹത്തെ അടിക്കാനായി കൈയോങ്ങുകയാണ്. ഒടുവിൽ സംഭവസ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ഒരു സ്ത്രീയുടെ പേരിൽ കൃത്രിമം കാട്ടി ഗ്രാമത്തലവൻ സർക്കാർ ഭൂമി തട്ടിയെടുത്തെന്ന ഒരു പരാതി ദേശബന്ധു കങ്കര ഡെപ്യൂട്ടി കമ്മീഷ്ണർക്ക് നൽകിയിരുന്നു. ഈ കേസിൽ പ്രതിപാദിക്കുന്ന സ്ഥലം രക്കാർ തെഹ്സിലിലെ ചമേതി ഗ്രാമത്തിലാണ്. ഈ സ്ഥലം രാംനഗർ ഗ്രാമത്തിലെ രാമകൃഷ്ണന്റെ വിധവയും ബിമലാ ദേവിയുടെ മകളുമായ ആശാദേവിയുടെ പേരിലേക്ക് ഔദ്യോഗികമായി മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ആ കുടുംബത്തിൽ അങ്ങനൊരു സ്ത്രീ ഇല്ലെന്നതാണ് വസ്തുത. ഈ വസ്തുത ദേശബന്ധു ബന്ധപ്പെട്ട ഓഫീസർമാരെ അറിയിച്ചു. ഇതാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം സ്ത്രീ കാട്ടിയ പരാക്രമത്തിന്റെ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 'പ്രശ്നം എന്തായാലും, ഇത്രയും പരസ്യമായി ഒരു പ്രായമായ വ്യക്തിയെ പട്ടാപ്പകല് ആക്രമിക്കാനുള്ള അവകാശം ആ സ്ത്രീക്ക് ആരാണ് നൽകിയത് ? ഈ സംഭവം ഇപ്പോൾ മറിച്ചാണ് നടന്നതെങ്കിൽ അത് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി മാറിയേനെ', 'അക്രമിയെ സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യണം, ഇനി എന്തൊക്ക സംഭവിച്ചാലും അവരെ അഴിക്കുള്ളിലാക്കണം' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ പലരും കുറിക്കുന്നത്.Content Highlights: Old man attacked by woman infront of Government office in Himachal