ടിക്ടോക്ക് ട്രെൻഡിൽ ഉത്ഭവിച്ച ഒരു റിലേഷൻഷിപ്പ് ടെസ്റ്റിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇന്നത്തെ കാലത്ത് ഒരു ജോലി കണ്ടുപിടിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് നല്ലൊരു പങ്കാളിയെ കണ്ടെത്തുക എന്നത്. വീട്ടുകാർ ഉറപ്പിക്കുന്നത്, പ്രണയം, വീട്ടുകാരുടെ അനുമതിയോടെയുള്ള അറേഞ്ച്ഡ് ലവ്, പങ്കാളികളെ തെരഞ്ഞെടുക്കുന്നതിന് നിലവിൽ വ്യവസ്ഥാപിതമായി നിലനിൽക്കുന്ന രീതികൾ ഇതൊക്കെയാണ്. ലിവ് ഇൻ റിലേഷനുകൾ തെരഞ്ഞെടുക്കുന്ന വലിയൊരു വിഭാഗവും ഇപ്പോഴുണ്ട്. എന്നാൽ എല്ലാത്തിലുമെന്നത് പോലെ പങ്കാളികളെ തെരഞ്ഞെടുക്കുന്നതിലും GenZ പുതിയ രീതികൾ പരീക്ഷിക്കുകയാണ്.
പങ്കാളി നമ്മെ അറിയുന്ന, മനസിലാക്കിയ ആളു തന്നെയാണോ എന്നത് തിരഞ്ഞെടുക്കാൻ GenZന് ഒരു തിയറി തന്നെയുണ്ട്. പേര് 'ദ ബേർഡ് തിയറി ടെസ്റ്റ്'. ടിക്ക് ടോക് ട്രെൻഡുകളാണ് ഈ തിയറി ഉണ്ടാവാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി എങ്ങനെയാണ് ഈ തിയറി ഉപയോഗിക്കുന്നതെന്ന് പറഞ്ഞു തരാം.
ഡേറ്റ് ചെയ്യുന്ന ഘട്ടത്തിൽ പങ്കാളി നമ്മളോട് വൈകാരികമായി അടുപ്പമുള്ള ആളാണോ എന്ന സംശയം ഉണ്ടായാൽ അതിനുള്ള പരിഹാരമാണ് ഈ തിയറി സജസ്റ്റ് ചെയ്യുന്നത്. പങ്കാളികൾ ഒരുമിച്ച് ഇരിക്കുന്ന ഏത് സാഹചര്യത്തിലും പരീക്ഷിക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. വളരെ സ്വഭാവികമായി 'ഞാൻ ഇന്നൊരു പക്ഷിയെ കണ്ടു' എന്ന് പറയുമ്പോൾ നിങ്ങളുടെ പങ്കാളി എങ്ങനെ പ്രതികരിക്കുന്നു എന്നത് അനുസരിച്ചാണ് ഈ തിയറി പ്രകാരം പങ്കാളിക്ക് നിങ്ങളോട് വൈകാരിക അടുപ്പം ഉണ്ടോയെന്ന് മനസ്സിലാക്കുക. ഒപ്പമുള്ളയാൾ ഇത് കേട്ടതിന് പിന്നാലെ പറഞ്ഞ വിഷയത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളോ അത് സംബന്ധമായി മറ്റെന്തെങ്കിലും കാര്യമോ പറഞ്ഞാൽ നിങ്ങളെ അയാൾ മനസിലാക്കുന്നുണ്ട്, അയാൾക്ക് നിങ്ങളുമായി വൈകാരികമായ ബന്ധമുണ്ട് എന്നൊക്കെ അർത്ഥമാക്കാം എന്നാണ് GenZ തിയറി. എന്നാൽ നിങ്ങളുടെ പങ്കാളി ആ വാക്കുകൾക്ക് പ്രാധാന്യം നൽകാതെയിരിക്കുകയോ, തള്ളികളയുകയോ ചെയ്താൽ ഇമോഷണലി നിങ്ങൾ അകലത്തിലാണെന്ന് കണക്കാക്കണമെന്നാണ് 'ദ ബേർഡ് തിയറി ടെസ്റ്റ്' പറയുന്നത്. നിങ്ങൾ പ്രധാനപ്പെട്ടതായി കാണുന്ന കുഞ്ഞു കാര്യങ്ങളിലൊന്നും അവർക്ക് താൽപര്യമില്ലെന്ന് ഇതിലൂടെ മനസിലാക്കാമെന്നാണും ഈ തിയറി പറയുന്നു.
സ്ഥലകാല വ്യത്യാസമില്ലാതെ എവിടെവെച്ചും ഈ തിയറി പരീക്ഷിക്കാമെന്നതിനാൽ പലരും ഇത് പരീക്ഷിച്ച് നോക്കാറുണ്ടത്രേ. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ശ്രദ്ധ നൽകുന്നുണ്ടോ എന്ന് പെട്ടെന്ന് മനസിലാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചില ലേഖനങ്ങളിൽ പറയുന്നത് സൈക്കോളജിക്കലായുള്ള ബിഡ്സ് ഓഫ് കമ്മ്യൂണിക്കേഷൻ എന്ന പ്രതിഭാസമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ്. ചെറിയ ചില കാര്യങ്ങളിലൂടെ പങ്കാളിയുടെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരു നീക്കമാണിത്. വൈകാരികമായ ആശയവിനിമയത്തിന്റെ അടിസ്ഥാനപരമായ ഒരു കാര്യമാണിതെന്നാണ് പറയപ്പെടുന്നത്. ചിലപ്പോൾ വളരെ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളിലൂടെയാവാം ഇത് പരീക്ഷിക്കുക. മറ്റ് ചിലപ്പോൾ ഗൗരവമായ നീക്കവുമാകാം. ഇതിലൂടെ പങ്കാളിയുടെ മാനസികമായ അടുപ്പം നിങ്ങൾക്ക് മനസിലാക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.Content Highlights: Let's know about the Viral Bird Theory