ഉറുമ്പിനെ ഭയന്ന് യുവതി ജീവനൊടുക്കിയതിന് പിന്നിൽ മിർമികോഫോബിയ? ഹൃദയമിടിപ്പ് കൂടുന്നതും അകാരണ ഭയവും ലക്ഷണം

ഉറുമ്പുകളോടുള്ള പേടിയകറ്റാൻ നിരവധി രീതിയിലുള്ള തെറാപ്പികൾ നൽകുന്നുണ്ട്

കഴിഞ്ഞ ദിവസം തെലങ്കാനയിൽ ഉറുമ്പുകളെ പേടിച്ച് ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നു. നവംബർ നാലിനായിരുന്നു സംഭവം നടന്നത്. സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കുട്ടിക്കാലം മുതൽ സ്ത്രീക്ക് ഉറുമ്പുകളെ ഭയമായിരുന്നുവെന്നും ഇതുസംബന്ധിച്ച് മുമ്പ് കൗൺസിലിംഗ് ലഭിച്ചിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. "ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം'', എന്ന് പങ്കാളിക്ക് കത്തെഴുതി വെച്ചായിരുന്നു യുവതി ജീവനൊടുക്കിയത്. ഉറുമ്പുകളോട് അമിതമായ ഭയമുള്ള ചിലർ നമുക്ക് ചുറ്റുമുണ്ട്.

ഉറുമ്പകളോടുള്ള അമിതമായ ഭയം. ഇവയെ കാണുന്നതോ ഇവയെ കുറിച്ച് ചിന്തിക്കുന്നതോ യുക്തിരഹിതവും അമിതവുമായ ഉത്കണ്ഠ. ഉറുമ്പുകളെ കാണുമ്പോൾ ഇത്തരക്കാർക്ക് പാനിക്ക് അറ്റാക്കുവരെ സംഭവിക്കാം. ഒരാളുടെ സ്വസ്ഥതയേയും വ്യക്തിജീവിതത്തെയും ഇത് സാരമായി തന്നെ ബാധിക്കും. മിർമികോഫോബിയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഉത്കണ്ഠ, ഉറുമ്പുകളെ കാണുമ്പോഴുള്ള ഭയം, തലകറക്കം, ശ്വാസംകിട്ടാത്ത അവസ്ഥ, ഹൃദയമിടിപ്പ് വർധിക്കുക തുടങ്ങിയവ. കുട്ടിക്കാലത്തോ മറ്റോ ഉണ്ടായ പേടി, ട്രോമ, ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ചില പരിസരങ്ങൾ, ചിലപ്പോൾ ജനിതകമായ കാരണങ്ങൾ പോലും ഈ അവസ്ഥ ഉണ്ടാവാൻ കാരണമാകാം.

കുറച്ചുകൂടി വിശദീകരിച്ചാൽ, ഇത്തരം ഭയമുള്ളവർക്ക് ശാരീരികമായി ഉണ്ടാവുന്ന മാറ്റങ്ങളിൽ മറ്റ് ചിലത് കൂടി കൂട്ടിച്ചേർക്കാനുണ്ട്. ഉറുമ്പുകളെ കാണുമ്പോൾ ഇവർ നന്നായി വിയർക്കും, വിറയ്ക്കും, ഓക്കാനവും വയറിന് പ്രശ്‌നങ്ങളും അനുഭവപ്പെടും, നെഞ്ചിൽ ഞെരുക്കവും വേദനയും അനുഭപ്പെടാം, വായ വരളും, മസിലുകളിലും പ്രശ്‌നങ്ങൾ ഉണ്ടാകാം. അതേസമയം മാനസികമായി അനാവശ്യ ചിന്തകളും വിശ്വാസങ്ങളും കയറികൂടും, നിയന്ത്രണം നഷ്ടമാകുന്നതായി തോന്നും, ഉറുമ്പു കടിക്കുമോ ഉറുമ്പുകൾ ആക്രമിക്കുമോ എന്നൊക്കെയാവും ഇവരുടെ ചിന്തകൾ.

ഉറുമ്പുകളോടുള്ള പേടിയകറ്റാൻ നിരവധി രീതിയിലുള്ള തെറാപ്പികൾ നൽകുന്നുണ്ട്. അതിലൊന്നാണ് സിബിടി, കോഗ്നറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നതാണ് ഇതിന്റെ പൂർണ രൂപം. മറ്റൊന്നാണ് എക്‌സ്‌പോഷർ തെറാപ്പി, നിയന്ത്രിതവും സുരക്ഷിതവുമായ സാഹചര്യത്തിൽ ഉറുമ്പുകളെ നേരിടാന്‍ ഇത്തരക്കാരെ പതിയെ പതിയെ നേരിടാൻ പ്രാപ്തമാക്കുന്ന ഒരു രീതിയാണിത്. റിലാക്‌സേഷൻ ടെക്‌നിക്കുകളും പരീക്ഷിക്കാറുണ്ട്. ഉത്കണ്ഠ അകറ്റാനുള്ള ഡീപ് ബ്രീത്തിങ്, മൈൻഡ്ഫുൾനെസ് എന്നിവയാണ് ഇവിടെ പരീക്ഷിക്കുന്നത്. മറ്റൊന്ന് ഉറുമ്പുകളെ കുറിച്ചും അവയുടെ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക ഒപ്പം പേടികുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ്. മറ്റുചിലരിൽ ഹെൽത്ത്‌കെയർ പ്രൊഫഷണലിന്റെ നിർദേശപ്രകാരം മരുന്നുകളും നൽകാറുണ്ട്.

Content Highlights: let's know about Myrmecophobia

To advertise here,contact us