'പണ്ട് മംദാനിയെ ഉയരമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി,ഇന്ന് അദ്ദേഹം ന്യൂയോർക്ക് മേയർ';യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ

യുവതി മംദാനിയെ നിരസിച്ച അതേ ഡേറ്റിങ് ആപ്പായ ഹിഞ്ച് ആപ്പിലാണ് മംദാനിയുടെ പങ്കാളിയായ റാമയെ അദ്ദേഹം പരിചയപ്പെടുന്നത്

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ജീവിതത്തില്‍ എടുത്ത ഒരു തീരുമാനം തെറ്റായി പോയി എന്ന് തോന്നിയിട്ടുണ്ടോ ? മിക്ക ആളുകള്‍ക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും. അത്തരത്തില്‍ ഒരനുഭവം എക്‌സില്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. പണ്ട് ഡേറ്റിംഗ് ആപ്പില്‍ നിരസിച്ച ഒരാളെ ഓര്‍ത്ത് തനിക്ക് പശ്ചാത്താപമുണ്ടെന്നാണ് യുവതി പോസ്റ്റില്‍ പറയുന്നത്. അന്ന് യുവതി റിജക്ട് ചെയ്തത് വേറെയാരെയുമല്ല ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ മേയറായ സാക്ഷാല്‍ സൊഹ്‌റാന്‍ മംദാനിയെയാണ്.

'ഉയരം കുറവെന്ന് കരുതി ഒഴിവാക്കി'

നവോമി എന്ന എക്‌സ് അക്കൗണ്ടിലാണ് മംദാനിയെ ഡേറ്റിംഗ് ആപ്പില്‍പരിചയപ്പെട്ട സംഭവത്തെ പറ്റി യുവതി വിവരിച്ചിരിക്കുന്നത്. സൊഹ്‌റന്‍ മംദാനിയുമായി ഡേറ്റിംഗ് ആപ്പായി ഹിന്‍ജില്‍ മാച്ചായിരുന്നുവെന്നും എന്നാല്‍ ഉയരത്തിന്റെ പേരില്‍ അദ്ദേഹത്തെ റിജക്ട് ചെയ്യുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

'മംദാനി അന്ന് അദ്ദേഹത്തിന്റെ ഉയരം 5'11 അല്ലെങ്കില്‍ 5'10 ആണെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ അന്ന് ഞാനത് വിശ്വസിച്ചില്ല. കാരണം അങ്ങനെ പറയുന്ന പുരുഷന്മാര്‍ക്ക് ശരിക്കും 5'9 ഒക്കയെ ഉയരം ഉണ്ടാവുകയുള്ളൂ. പക്ഷെ ഇന്നെനിക്ക് മനസിലാവുന്നു ഇക്കാലത്തെ പല പുരുഷന്മാരേക്കാള്‍

അദ്ദേഹം സത്യസന്ധനായിരുന്നുവെന്ന്,' പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ന്യൂയോര്‍ക്കിന്റെ ഫസ്റ്റ് ലേഡിയാവാനുള്ള അവസരം തട്ടി കളഞ്ഞതിനെ പലരും പരിഹസിച്ചു. മറ്റ് ചിലര്‍ ഉയരത്തിന്റെ പേരില്‍ അവഗണിച്ചതിനെ വിമര്‍ശിച്ചു. 'ന്യൂയോര്‍ക്കിന്റെ മേയറിനെ ഉയരക്കുറവെന്ന് പറഞ്ഞ് നഷ്ടപ്പെടുത്തിയ മണ്ടത്തരത്തെ പറ്റി ആലോചിച്ച് നോക്കൂ' ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. 'ഒരു പുരുഷന്റെ ബുദ്ധിശക്തി, സഹാനുഭൂതി, മനസ് എന്നിവയെക്കാള്‍ അവന്റെ ഉയരം പ്രധാനമാണെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയെ അയാള്‍ക്ക് നഷ്ടമായത് നന്നായി ' മറ്റൊരാള്‍ പറഞ്ഞു.

അതേസമയം, ഹിഞ്ച് എന്ന അതേ ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് ജീവിതപങ്കാളിയായ റാമയെ മംദാനി പരിചയപ്പെടുന്നത്.ഈ വര്‍ഷം ആദ്യമാണ് മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി മംദാനിയും റാമയും വിവാഹിതരായത്. 2021ലാണ് റാമ യുഎസിലേക്ക് എത്തിയത്. സിറിയന്‍ അമേരിക്കന്‍ കലാകാരിയായ റാമയാണ് ക്യാമ്പയിന്‍ ആരംഭിച്ചത് മുതല്‍ എല്ലാ പിന്തുണയുമായി മംദാനിക്കൊപ്പം നിലനിന്നത്. മംദാനിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിയായ തെരഞ്ഞെടുപ്പ് ലോഗാ ഡിസൈന്‍ ചെയ്യുന്നതിലുള്‍പ്പെടെ വലിയ പങ്കുവഹിച്ചത് റാമയാണ്.

തീര്‍ന്നില്ല ഭര്‍ത്താവിന്റെ സോഷ്യല്‍മീഡിയ സാന്നിധ്യം ബൂസ്റ്റ് ചെയ്യുന്നതിലുള്ള ഉത്തരവാദിത്തവും റാമയാണ് വഹിച്ചത്. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് എല്ലാ പിന്തുണയും നല്‍കിയ റാമ, ഒരിക്കല്‍ പോലും ഭര്‍ത്താവിനൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലോ മാഗസിന്‍ പ്രൊഫൈലുകളിലോ പ്രത്യക്ഷപ്പെടാന്‍ ശ്രമിച്ചതുമില്ല. മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ന്യൂയോര്‍ക്കിന്‍റെ പ്രഥമ വനിതയായി റാമയും പൊതുവേദിയില്‍ ഒപ്പം എത്തിയത്.

Content Highlights- 'In the past, Mamdani was rejected because he was not tall, but now he is the mayor of New York', the woman's revelation goes viral

To advertise here,contact us