പിതാവിൻ്റെ വരുമാനം ഒരു കോടി, പക്ഷേ വീട്ടിലാരും ഹാപ്പിയല്ല! യുവാവിൻ്റെ പോസ്റ്റ് വൈറൽ

ഇന്ന് ഒരുകോടിയോളമാണ് അദ്ദേഹത്തിന്റെ വരുമാനം, പക്ഷേ വീട്ടിൽ ആരും സന്തോഷത്തിലല്ല

തന്റെ പിതാവിന്റെ പഴയ സാലറി സ്ലിപ്പുകൾ കണ്ടെത്തിയ ശേഷം 21കാരനായ മകൻ റെഡ്ഡിറ്റിൽ കുറിച്ച അനുഭവം ആരെയും ഒന്ന് ചിന്തിപ്പിക്കും. അമ്പത് വയസുള്ള പിതാവിൻ്റെ വാർഷിക വരുമാനം ഒരുകോടിയോളമാണ്. 2010ൽ അത് 3.2ലക്ഷമായിരുന്നു. പക്ഷേ അതായിരുന്നു തൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങളെന്ന് പറയുകയാണ് യുവാവ്. അന്ന് എല്ലാ ആഴ്ചകളിലും മാളുകളിൽ പോകും, സിനിമ കാണും, പുതിയ വസ്ത്രങ്ങൾ വാങ്ങി തരും. ഗെയിമിങ് കൺസോളുകളായ പിഎസ്പിയും, ഐപോഡും, Xbox 360 എന്നിവയെല്ലാം ഉണ്ടായിരുന്നു. തന്റെ അന്നത്തെ വരുമാനത്തിൽ നിന്നും എല്ലാവർക്കും ആവശ്യമായത് സാധിച്ചു നൽകുന്ന ഒരാളായിരുന്നു പിതാവെന്ന് യുവാവ് പറയുന്നു.

2017- 18 കാലഘട്ടമായതോടെ കാര്യങ്ങളെല്ലാം മാറി. ഔട്ടിങുകൾ കുറഞ്ഞു, സന്തോഷം പതിയെ സമ്മർദമായി മാറി. പിതാവിന്റെ വരുമാനം കുതിച്ചുയർന്നു. പക്ഷേ കുടുംബവുമായി അകന്നു. കലഹങ്ങൾ പതിവായി, സംസാരമില്ലാതെയായി, പരസ്പരമുണ്ടായിരുന്ന മാനസികമായ അടുപ്പം പോലും ഇല്ലാതെയായെന്ന് യുവാവ് കുറിച്ചു.

ഇന്ന് ഒരുകോടിയോളമാണ് അദ്ദേഹത്തിന്റെ വരുമാനം, പക്ഷേ വീട്ടിൽ ആരും സന്തോഷത്തിലല്ല, എന്നും വഴക്കുകൾ, മുമ്പും വഴക്കുകൾ ഉണ്ടാകുമായിരുന്നു പക്ഷേ ഇന്ന് എല്ലാം കൃത്യമായി മനസിലാകുന്നുവെന്ന് യുവാവ് പറയുന്നു. ഒന്നുമില്ലാതിരുന്ന സമയത്ത് എല്ലാം തന്ന് ചേർത്ത് നിർത്തിയയാൾ ഇന്ന് എല്ലാം ഉള്ളപ്പോൾ അകന്ന് പോയെന്നാണ് യുവാവ് സങ്കടപ്പെടുന്നത്. കുടുംബം തന്നെ ഇല്ലാതായെന്നും അച്ഛനും അമ്മയും സംസാരിക്കാറേയില്ലെന്നും യുവാവ് പറയുന്നു.

'അച്ഛനും അമ്മയും സംസാരിക്കാറില്ല, എന്തിന് ഞാനും അദ്ദേഹത്തോട് സംസാരിക്കാറില്ല, കോളേജ് പഠനത്തിന് ശേഷം മറ്റെവിടേക്കെങ്കിലും മാറണം. എല്ലാം ഇല്ലാതായി എന്നൊരു തോന്നൽ' എന്നു പറഞ്ഞാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആളുകൾ സമയത്തിന് അനുസരിച്ച് മാറും. ചിലപ്പോൾ പ്രായത്തിന്റേതാകാം, പണമാണോ എല്ലാം താറുമാറാക്കിയത്? അതോ അദ്ദേഹത്തിന് മറ്റെന്തെങ്കിലും ബന്ധങ്ങളുണ്ടോ തുടങ്ങി നിരവധി കമന്റുകളാണ് യുവാവിന്റെ പോസ്റ്റിന് താഴെ വരുന്നത്.Content Highlights: Post of a boy about his father who earn one crore annually

To advertise here,contact us