ഇന്ത്യൻ ടച്ചില്ലാതെ എന്താഘോഷം! മേയർ വിജയത്തിന് ശേഷം ലഞ്ച് മീറ്റുമായി മംദാനി!

ഡെമോക്രാറ്റ് നേതാവ് അലക്‌സാന്‍ഡ്രിയ ഒക്കാസിയോ കോർട്ടക്‌സിനൊപ്പമായിരുന്നു മംദാനിയുടെ ഉച്ചഭക്ഷണം

ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ന്യൂയോർക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ലോകം ആഘോഷമാക്കുകയാണ്. വിജയം ഉറപ്പാക്കിയ ശേഷം സാക്ഷാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് തന്റെ പ്രസംഗം കേൾക്കാൻ ശബ്ദം കൂട്ടി വച്ചോളു എന്ന് പറഞ്ഞ് പരിഹസിക്കാനും മടിക്കാട്ടാത്ത മംദാനി വിജയം ആഘോഷിച്ചത് എങ്ങനെയാണെന്ന് അറിയാമോ.. പക്കാ ഇന്ത്യൻ സ്റ്റൈലില്‍ തന്നെ!

വിജയം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള തുടർച്ചയായ അഭിമുഖങ്ങൾക്കും പ്രസംഗങ്ങൾക്കും യോഗങ്ങൾക്കും ശേഷം ജാക്‌സൺ ഹൈറ്റസിലെ ഒരു റസ്റ്റോറന്റിൽ ഇന്ത്യൻ വിഭവങ്ങൾ നിറഞ്ഞ ഊണ് കഴിച്ച വിശേഷമാണ് അദ്ദേഹം എക്‌സിലൂടെ പങ്കുവച്ചത്. ഡെമോക്രാറ്റിക് നേതാവ് അലക്‌സാന്‍ഡ്രിയ ഒക്കാസിയോ കോർട്ടക്‌സിനൊപ്പമായിരുന്നു മംദാനിയുടെ ഉച്ചഭക്ഷണം.

ചായയും മോമോസും ആലു ദമ്മും പനീർ ടിക്കക്ക് സമാനമായ മറ്റൊരു ഡിഷും ചിത്രത്തിൽ കാണാം. ന്യൂയോർക്കിലെ ക്വീൻസിലുള്ള ഇന്ത്യൻ - നേപ്പാളി ഭക്ഷണങ്ങള്‍ ലഭിക്കുന്ന നേപ്പാളീസ് റെസ്റ്റോറന്റായ ലാലിഗുറാസ് ബിസ്‌ട്രോയിലാണ് ഇരുവരും ഭക്ഷണം കഴിച്ചത്. മേയർ തിരഞ്ഞെടുപ്പിൽ മംദാനിക്ക് വലിയ പിന്തുണ നൽകിയ നേതാക്കളിൽ ഒരാളാണ് അലക്‌സാന്‍ഡ്രിയ.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാന്‍ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്‍ക്ക് ന​ഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, ഈ സാഹചര്യത്തിലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.Content Highlights: Mamdani's lunch meet up with democratic leader Alexandria Ocasio-Cortez

To advertise here,contact us