മംദാനിയുടെ ആദ്യ പോസ്റ്റ് ഒരു ടീസര്‍ മാത്രം ! തൻ്റെ വരവ് ഉറക്കെ പ്രഖ്യാപിച്ച് നിയുക്ത മേയര്‍

മേയറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് സിറ്റി ഹാള്‍ എന്ന സ്ഥലത്താണ്

ന്യൂയോര്‍ക്ക് സിറ്റി മേയറായി വൻ വിജയം നേടിയതിന് പിന്നാലെ തന്റെ സമൂഹമാധ്യമത്തില്‍ മംദാനി പോസ്റ്റ് ചെയ്ത ആദ്യ വീഡിയോ വൈറലാകുന്നു. അടുത്തതും അവസാനത്തേതുമായ സ്റ്റോപ്പ് സിറ്റി ഹാള്‍ എന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങിയതിന് പിന്നാലെ ഒരു ട്രെയിന്‍ ന്യൂയോര്‍ക്കിലെ ഒരു സബ്‌വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുന്നു. ട്രെയിന്റെ വാതില്‍ തുറക്കുമ്പോള്‍ സിറ്റി ഹാള്‍ സൊഹ്‌റാന്‍ ഫോര്‍ ന്യൂയോര്‍ക്ക് സിറ്റി എന്ന് എഴുതികാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

തൻ്റെ വരവ് അറിയിച്ചു കൊണ്ടും ന്യൂയോര്‍ക്ക് സിറ്റിയിലെ വിജയം ഉറപ്പിച്ചുകൊണ്ടും മംദാനി പങ്കുവച്ച വീഡിയോ ഇനി വരാനിരിക്കുന്ന കാഴ്ചകളുടെ ടീസറാണെന്നാണ് സംസാരം. മേയറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് സിറ്റി ഹാള്‍ എന്ന സ്ഥലത്താണ്.

34വയസുള്ള ഈ ഡെമോക്രാറ്റ് ജനുവരി 1ന് മേയറായി അധികാരമേല്‍ക്കുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്ഥാപിക്കപ്പെടും. ഒരു നൂറ്റാണ്ടിലേറെ കാലത്തിന് ശേഷം മേയര്‍ പദം അലങ്കരിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാവുകയാണ് മംദാനി. പ്രധാന മാധ്യമങ്ങളെല്ലാം മംദാനിയാണ് വിജയി എന്ന് വാര്‍ത്തകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് തൻ്റെ സോഷ്യല്‍ മീഡിയില്‍ വൈറലായ വീഡിയോ ഉൾപ്പെടുന്ന പോസ്റ്റ് അദ്ദേഹം പങ്കുവച്ചത്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം വിഭാ​ഗത്തിൽ നിന്നുള്ള ഒരാൾ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാന്‍ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്‍ക്ക് ന​ഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, ഈ സാഹചര്യത്തിലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.

Content Highlights: Mamdani's X post goes viral after victory

To advertise here,contact us