'ധൂം മച്ചാലേ'! ബോളിവുഡ് ട്വിസ്റ്റുമായി പ്രസംഗ വേദിയിൽ മംദാനി! വീഡിയോ

ഡെമോക്രാറ്റ് സോഷ്യലിസ്റ്റായ മംദാനി വിജയം ഉറപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്വിസ്റ്റ് സംഭവിച്ചത്

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ വിജയാഘോഷം ബോളിവുഡ് പ്രേമികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മംദാനിയുടെ വിജയത്തിലെ ബോളിവുഡ് ട്വിസ്റ്റ്, ബോളിവുഡ് ടച്ച് എന്ന രീതിയിലാണ് സോഷ്യൽ മീഡിയ ഇത് ആഘോഷമാക്കുന്നത്. ഡെമോക്രാറ്റ് സോഷ്യലിസ്റ്റായ മംദാനി വിജയം ഉറപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് ആ ട്വിസ്റ്റ് സംഭവിച്ചത്. മംദാനി നന്ദി പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് അടുത്ത നിമിഷം തന്നെ ഒരു ബോളിവുഡ് ഗാനം പ്ലേ ചെയ്തു. ഇത് അവിടെ കൂടിയിരുന്ന എല്ലാവരെയും ആശ്ചര്യത്തിലാക്കുകയും ചെയ്തു.

ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം ധൂമിലെ ധൂം മച്ചാലേ എന്ന പാട്ടാണ് വേദിയിൽ പ്ലേ ചെയ്തത്. പ്രസംഗത്തിന് പിന്നാലെ വേദിയിലെത്തിയ ഭാര്യ റാമ ധുവാജിയെ മംദാനി ആശ്ലേഷിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഉഗാണ്ടൻ സ്‌കോളർ മഹ്‌മൂദ് മംദാനി, ഇന്ത്യൻ സിനിമ സംവിധായക മീര നായർ എന്നിവരും വേദിയിലെത്തി സദസ്യരെ അഭിവാദ്യം ചെയ്ത് മടങ്ങുമ്പോഴും ഈ ഗാനം പിന്നണിയിൽ കേൾക്കാമായിരുന്നു. മംദാനി നിൽക്കുന്ന വേദിയില്‍ ബോളിവുഡ് ഗാനം മുഴങ്ങി കേൾക്കുന്നത് റീലുകളിലൂടെ വൈറലായപ്പോൾ പലരും അത് എഡിറ്റഡെന്നാണ് കരുതിയത്.

അതേസമയം മംദാനി ജയിച്ചാൽ ഫെഡറൽ ഫണ്ടിംങ് റദ്ദാക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തന്റെ പ്രസംഗത്തിൽ അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്ന് പറഞ്ഞ മംദാനി ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കുമെന്ന് രാജ്യത്തിന് കാണിച്ചു കൊടുത്തുവെന്ന് പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും മംദാനി കൂട്ടിച്ചേർത്തു.

Content Highlight: Bollywood twist in Mamdani's Victory Speech

To advertise here,contact us