'ഞങ്ങളുടെ കോഹിനൂരും കുരുമുളകും കടത്തി,എപ്പോൾ തിരികെ തരും';ബ്രിട്ടീഷുകാരെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകൾ

'ഡിസ്‌കവര്‍ വിത്ത് എമ്മാ' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

'ഞങ്ങളുടെ കോഹിനൂരും കുരുമുളകും കടത്തി,എപ്പോൾ തിരികെ തരും';ബ്രിട്ടീഷുകാരെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകൾ
dot image

ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ ഉത്തരം മുട്ടിച്ച മലയാളി സ്ത്രീകളുടെ വീഡിയോ വൈറലാവുന്നു. ഇന്ത്യയില്‍ നിന്ന് കൊള്ളയടിച്ച കോഹിനൂര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ എപ്പോള്‍ തിരികെ തരുമെന്ന് വീഡിയോയില്‍ സ്ത്രീകള്‍ ചോദിക്കുന്നതായി കാണാം.

'ഡിസ്‌കവര്‍ വിത്ത് എമ്മാ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ വിനോദ സഞ്ചാരികളായ രണ്ട് പേര്‍ സാരി ധരിച്ച മൂന്ന് മലയാളി സ്ത്രീകളോട് സംസാരിക്കുന്നതായി കാണാം. ഇംഗ്ലീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചുവെന്നും അവയെല്ലാം എപ്പോള്‍ തിരികെ നല്‍കുമെന്നും വീഡിയോയില്‍ ഒരു മലയാളി സ്ത്രീ ചോദിക്കുന്നു. ഇതിന് മറുപടിയായി ഞങ്ങളുടെ പിന്‍ഗാമികളോട് അതിനെ പറ്റി നിങ്ങള്‍ ചോദിക്കേണ്ടി വരുമെന്ന് സഞ്ചാരികളില്‍ ഒരാള്‍ പറഞ്ഞു.

'രാജ്യത്ത് നിന്ന് നിധികളും കുരുമുളകുമെല്ലാം നിങ്ങള്‍ കൊള്ളയടിച്ചു കൊണ്ടു പോയി. അമൂല്യവും അപൂര്‍വുമായ കോഹിനൂര്‍ രത്‌നം നിങ്ങള്‍ ഇവിടെ നിന്ന് കൊള്ളയടിച്ചു. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കൂ,' വീഡിയോയിലെ സ്ത്രീ പറയുന്നു. തങ്ങള്‍ ചാള്‍സ് രാജാവുമായി ഇതിനെ പറ്റി സംസാരിക്കാമെന്ന് തമാശ രീതിയില്‍ സഞ്ചാരികള്‍ മറുപടിയും നല്‍കുന്നുണ്ട്.

'ഞങ്ങള്‍ കേരളത്തില്‍ നില്‍ക്കുമ്പോള്‍ ആ സ്ത്രീ ഞങ്ങളോട് എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചു. ഇംഗ്ലണ്ട് എന്ന് പറഞ്ഞപ്പോള്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യയെ എങ്ങനെ കൊള്ളയടിച്ചുവെന്ന് അവര്‍ ഞങ്ങളോട് പറയാന്‍ തുടങ്ങി - ആഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, എല്ലാം കൊള്ളയടിച്ചതിനെ പറ്റി അവര്‍ ഞങ്ങളോട് ചോദിച്ചു. സത്യം പറഞ്ഞാല്‍ ഇതുവരെയുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും അസ്വസ്ഥത തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.

ഇന്ത്യയില്‍ എവിടെയും ഇതുപോലൊരു ഇടപെടല്‍ ഞങ്ങളോട് ഉണ്ടായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവരുടെ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, അത് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകും. കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചത് ഭയാനകമായിരുന്നു, ഞങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുമ്പോള്‍, കൊളോണിയലിസത്തിന്റെ നിഴലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.' വീഡിയോയ്ക്ക് താഴെ സഞ്ചാരികളില്‍ ഒരാളായ യുവതി കുറിച്ചു.

പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നാടകം മതിയാക്കാനും കോഹിനൂര്‍ തിരികെ നല്‍കാനും ഒരാള്‍ കമന്റിലൂടെ ആവശ്യപ്പെട്ടു. 'നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നണം,' മറ്റൊരാള്‍ പറഞ്ഞു. 'സത്യം പറഞ്ഞതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്,' മൂന്നാമതൊരാള്‍ കമന്റ് ചെയ്തു.

Content Highlights- 'Give back kohinoor ' Malayali women challenge the British, video goes viral

dot image
To advertise here,contact us
dot image