അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിനെതിരെയുള്ള ലോൺ തട്ടിപ്പ് കേസിന്റെ ഭാഗമായി 3048 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടി. ഇതിൽ അനിൽ അംബാനിയുടെ കുടുംബ വീടായ പാലി ഹിൽ ഹൗസും ഉൾപ്പെടും. ഡൽഹിയിലെ റിലയൻസ് സെന്റർ കൂടാതെ എട്ടു നഗരങ്ങളിലായുള്ള സ്വത്തുകൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. ഒക്ടോബർ 31ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി. ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവാരി എന്നിവിടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ റിലയൻസ് ഗ്രൂപ്പ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കണ്ടുകെട്ടിയവയിൽ പ്ലോട്ടുകൾ, ഫ്ളാറ്റുകൾ, ബംഗ്ലാവുകൾ ഉൾപ്പെടെയുണ്ട്.
ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് ഇഡിയുടെ നടപടി. റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ ഉടമസ്ഥതയിലുള്ള ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അനിൽ അംബാനിയുടെ മുംബൈ റെസിഡൻസിൽ ഇഡി പരിശോധന നടത്തുന്നുണ്ട്. 17,000 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് ആരോപണം. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് റിയലയൻസ് ഗ്രൂപ്പ് ഇതിനെതിരെ മുമ്പ് പ്രതികരിച്ചിട്ടുള്ളത്. റിലയൻസ് ഗ്രൂപ്പ് കമ്പനികൾ, യെസ് ബാങ്ക്, മുൻ യെസ് ബാങ്ക് സിഇഒ റാണ കപൂറിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികൾ എന്നിവയെ ഉൾപ്പെടുത്തി ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2017നും 2019നും ഇടയിൽ യെസ് ബാങ്ക് 2,965 കോടി രൂപ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന് 2,965 കോടിയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം 2045 കോടി റിലയൻസ് ഫിനാൻസ് ലിമിറ്റഡിനും അനുവദിച്ചിരുന്നു. എന്നാൽ 2019ൽ ഈ രണ്ട് അക്കൗണ്ടുകളും നോൺ പെർഫോമിങ് അസറ്റായി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വായ്പകൾ അനുവദിച്ചിരിക്കുന്നത് മതിയായ രേഖകളോ മറ്റ് നടപടികളോ സ്വീകരിക്കാതെയാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. മാത്രമല്ല ചില കേസുകളിൽ അപ്രൂവലിന് മുമ്പ് തന്നെ ലോൺ അനുവദിച്ചതായും വ്യക്തമായിട്ടുണ്ട്.
ഓഗസ്റ്റിൽ അനിൽ അംബാനിയെ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു. അംബാനിയുടെ കമ്പനികളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയും സമാന്തരമായ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അനിൽ അംബാനിയുടെ ധനകാര്യ സ്ഥാപനങ്ങളിലേക്ക് റിലയൻസ് നിപ്പോൺ മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നത് സെബിയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിരോധിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസിലാക്കിയിരുന്നു. എന്നാൽ മ്യൂച്ചൽ ഫണ്ടെന്ന നിലയിൽ ആളുകളിൽ നിന്നും സ്വീകരിച്ച ഫണ്ടുകൾ യെസ് ബാങ്കിന്റെ സഹായത്തോടെ അനിൽ അംബാനിയുടെ കമ്പനികളിൽ തന്നെ എത്തി. ഇഡിയുടെ അന്വേഷണത്തിൽ ഫണ്ടുകൾ വഴിമാറ്റി ചിലവഴിച്ചതടക്കം പുറത്തുവന്നു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പും തീയതി പോലും ഇല്ലാത്ത വ്യക്തമായി പൂരിപ്പിക്കാത്ത സുരക്ഷാ രേഖകളുടെ അടസ്ഥാനത്തിൽ വരെ ലോൺ അനുവദിച്ചിട്ടുണ്ട്.
Content Highlights: ED attaches Anil Ambani's properties worth more than 3000 crores including family residence