

പാകിസ്താനിലെ ഒരു സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സയൻസ് പ്രോജക്ട് അവതരിപ്പിക്കേണ്ട സാഹചര്യത്തിൽ ഖയാമത്ത് നാളിനെ കുറിച്ചുള്ള വിവരണം നടത്തുന്ന വിദ്യാർഥിയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. . ഇതാണ് അന്ത്യനാൾ, അന്ന് കടലിൽ തീമഴ പെയ്യും, സൂര്യൻ പൂർണമായും ഇരുട്ടിലാവും സൂര്യപ്രകാശം അന്ത്യനാളിൽ അപ്രത്യക്ഷമാകും എന്നാണ് വിദ്യാർഥി വിവരണം ആരംഭിക്കുന്നത്.
നിരത്തുകളെല്ലാം നശിക്കും, കെട്ടിടങ്ങൾ പൂർണമായും കത്തിയമരും, നക്ഷത്രങ്ങൾ ഭൂമിയിൽ പതിക്കും, നക്ഷത്രങ്ങളുടെ പ്രകാശമെല്ലാം പൂർണമായും അപ്രത്യക്ഷമാകും എന്നിങ്ങനെ തുടരുകയാണ് ഈ വിദ്യാർഥി.
മറ്റൊരു വശത്ത് വലിയ അഗ്നിപർവതങ്ങളിൽ തീയും ലാവയും വെള്ളം പോലെ ഒഴുകും. അതേസമയം മരിച്ചവർ ഉയർത്തെഴുന്നേൽക്കും എന്നെല്ലാം അവകാശപ്പെടുന്നുണ്ട് ഈ കുട്ടി. ഇതെല്ലാം ആദ്യ ഘട്ടത്തിൽ സംഭവിക്കും, ഇതാണ് ഖയാമത്തിന്റെ തുടക്കം. ഭൂമി രണ്ടായി പിളർക്കും. അതാണ് അന്ത്യനാളിൽ ദൃശ്യമാകുക എന്നും വിദ്യാർഥി പറയുന്നത് ദൃശ്യത്തിലുണ്ട്.
ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പകരം മതപരമായ കാര്യങ്ങൾ സയൻസ് പ്രോജക്ടിൽ വിശദീകരിക്കുന്നതിനെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താന്റെ വിദ്യാഭ്യാസ വ്യവസ്ഥയ്ക്കെതിരെയാണ് പലരും ചോദ്യം ഉയർത്തുന്നത്. ശാസ്ത്രം മനസിലാകുന്നതിലും എളുപ്പം കഥപറച്ചിലാണെന്നാണ് ഒരാളുടെ കമന്റ്. ആകാശത്ത് നിന്നും നക്ഷത്രങ്ങൾ ഭൂമിയിലേക്ക് പതിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ ആ കുട്ടിക്ക് നക്ഷത്രങ്ങളെയോ ബഹിരാകാശത്തെ കുറിച്ചും ഒരറിവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും കമന്റുകളുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യ പഠിപ്പിക്കേണ്ടിടത്ത് പാകിസ്താൻ അനാവശ്യ ചിന്തകളാണ് അടിച്ചേൽപ്പിക്കുന്നതെന്നും വിമർശനമുണ്ട്.
കശ്മീർ സംഘർഷത്തെ കുറിച്ചുള്ള ചരിത്രത്തിൽ ഹിന്ദുക്കളും സിഖുകാരും ചേർന്ന് മുസ്ലീം മതവിശ്വാസികളെ കൂട്ടക്കുരുതി ചെയ്തെന്നാണ് പാകിസ്താൻ പാഠപുസ്തകത്തില് കൊച്ചു ക്ലാസുകളില് പഠിപ്പിക്കുന്നത്.
Content Highlights: Student present Qayamat day as Science Project