ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ഫോണിന്റെ മുഴുവന്‍ തുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രേമാനന്ദ് അടച്ചിരുന്നു.

ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ് 1.87 ലക്ഷം വിലയുള്ള സ്മാര്‍ട്ട് ഫോണാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. ഫോണിന്റെ മുഴുവന്‍ തുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രേമാനന്ദ് അടച്ചിരുന്നു.

'1.87 ലക്ഷം രൂപ വിലയുള്ള Samsung Galaxy Z Fold 7 സ്മാര്‍ട്ട് ഫോണ്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് എനിക്ക് ലഭിച്ചത് ഒരു മാര്‍ബിള്‍ കല്ലാണ്. ദീപാവലിക്ക് ഒരു ദിവസം മുന്‍പാണ് ഇതെനിക്ക് ലഭിക്കുന്നത്. ഒരു വര്‍ഷം മുഴുവന്‍ ദീപാവലി ആഘോഷിക്കാന്‍ കാത്തിരിക്കുന്നവരാണ് നാം. ആഘോഷിക്കാനുള്ള സന്തോഷം മുഴുവന്‍ ഇതിലൂടെ നഷ്ടപ്പെട്ടു. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പറയാന്‍ ഞാനാഗ്രഹിക്കുന്നു. പ്രത്യേകിച്ച് ആമസോണില്‍..ഈ അനുഭവം വല്ലാതെ നിരാശപ്പെടുത്തുന്നതാണ്.' പ്രേമാനന്ദ് പറഞ്ഞു. ഒക്ടോബര്‍ 14നാണ് പ്രേമാനന്ദ് ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നത്.

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പ്രേമാനന്ദ് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ഒരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിയെത്തുടര്‍ന്ന് ആമസോണ്‍ പ്രേമാനന്ദിന്റെ പണം തിരികെ നല്‍കി.

Content Highlights: Bengaluru Techie's Shocking Online Shopping Experience: Rs 1.87 Lakh Smartphone Replaced with Tile

To advertise here,contact us