സ്വന്തം മകൻ്റെ കഴിവിനെ പിന്തുണയ്ക്കാൻ ഇതിലും വലിയൊരു പിന്തുണ ഒരച്ഛന് ഇനി നൽകാൻ കഴിയില്ലെന്ന് ഒരേ സ്വരത്തിൽ പറയുകയാണ് സോഷ്യൽ മീഡിയ. മാർക്കറ്റിങ് പ്രൊഫഷണലായ ദിവ്യുഷി എക്സിൽ പങ്കുവച്ച പോസ്റ്റാണ് പ്രായഭേദമന്യേ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. ടാക്സി ഡ്രൈവറായ ഒരച്ഛനാണ് ഈ പോസ്റ്റിലെ താരം.
മകന്റെ റാപ് മ്യൂസിക്ക് യൂട്യൂബ് ചാനലിന്റെ ക്യുആർകോഡ് കാർ ഡ്രൈവറായ പിതാവ് തന്റെ ക്യാബിന്റെ ബാക്ക് സീറ്റിലിരിക്കുന്നവർക്ക് കാണാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ച് യാത്രികരെ ചാനൽ വ്യൂവേഴ്സാക്കുകയാണ് ചെയ്യുന്നത്. തന്റെ പരിമിതമായ അറിവ് ഉപയോഗിച്ച് പരിമിതമായ മാർഗങ്ങളിലൂടെ ഒരു മകനെ പിന്തുണയ്ക്കുകയാണ് ഈ പിതാവ്. ഇക്കാര്യം വിവരിച്ച് കൊണ്ടാണ് ദിവ്യുഷി എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു സംരംഭം ആരംഭിക്കുമ്പോൾ മുന്നിലുണ്ടാകുന്ന തടസങ്ങളെ ബുദ്ധി ഉപയോഗിച്ച് ഇത്തരത്തിൽ മറികടക്കാമെന്ന് ആ പിതാവ് തെളിയിച്ചിരിക്കുകയാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഐടി ഉദ്യോഗസ്ഥയായ ദിവ്യുഷി കാറിന്റെ മുന് സീറ്റിന്റെ പിന്നിലായ കണ്ട ക്യുആർ കോഡ് ആദ്യം ഡിജിറ്റൽ പെയ്മെന്റിനായി ഉള്ളതാണെന്നാണ് കണക്കാക്കിയത്. പിന്നീട് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് ചാനലിന്റെ കാര്യം മനസിലായത്. ഇതാണ് ഗൊറില്ലാ മാർക്കറ്റിങിന്റെ കിടിലൻ ഉദാഹരണമെന്നാണ് ദിവ്യുഷി പറയുന്നത്. വലിയ സാമ്പത്തികമോ സ്വത്തുവകകളോ ഒന്നുമില്ലാത്ത ഒരു വ്യക്തി അദ്ദേഹത്തിന്റെ പക്കലുള്ള ആസ്തി ഉപയോഗിച്ച് നടത്തുന്ന മാർക്കറ്റിങിന് ആകെ ചിലവ് ക്യുആർ കോഡ് പ്രിന്റ് എടുത്തത് മാത്രമാണെന്നും ഇതിലൂടെ വണ്ടിയിൽ കയറുന്ന ഓരോ യാത്രികന്റെയും ശ്രദ്ധ മകന്റെ ചാനലിലേക്ക് അദ്ദേഹം എത്തിക്കുകയാണെന്നും ദിവ്യുഷി പറയുന്നു.
ഒരു മില്യണിലധികം വ്യൂസാണ് ഈ പോസ്റ്റിന് ലഭിച്ചത്. മാത്രമല്ല പിതാവിന് അഭിനന്ദപ്രവാഹമാണ് കമന്റ് ബോക്സ് നിറയെ. ഡിജിറ്റൽ യുഗത്തിൽ ഇത്തരം വ്യത്യസ്തമായ ചിന്തകളാണ് പണത്തെക്കാളും വലിയ ബന്ധങ്ങളെക്കാളും സഹായകരമാകുന്ന ഘടകമെന്ന് ചിലർ പറയുന്നുണ്ട്. മുംബൈ എല്ലാവർക്കും പ്രചോദനം നൽകുന്ന നഗരണാണെന്നും പരിമതിമായ മാർഗങ്ങളിൽ ഇത്രയും കഷ്ടപ്പെടുന്നവരാണ് അവിടെയേറെയെന്നും ഇത് ജസ്റ്റ് മുംബൈ തിങ്സ് മാത്രമാണെന്നുമാണ് മറ്റൊരാളുടെ കമന്റ്.
Content Highlights: Cab drivers innovative idea to promote son's Youtube channel