വിമാനത്തിനുള്ളില് ആക്രമണം അഴിച്ച് വിട്ട ഇന്ത്യന് വംശജനെ അമേരിക്കന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണീത് കുമാര് ഉസിരംപള്ളിയെന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് കൗമാരക്കാരായ കുട്ടികളെയും ഒരു സ്ത്രീയെയുമാണ് ഇയാള് ആക്രമിച്ചത്. ഇതിന് പുറമേ യാത്രക്കാരെ അസ്വസ്ഥരാക്കും വിധം വിചിത്രമായ പ്രവര്ത്തികളും ഇയാളുടെ ഭാഗത്ത് നിന്നുമുണ്ടായി. കുറ്റാരോപിതനാണെന്ന് കണ്ടെത്തിയാല് 10 വര്ഷം വരെ തടവും മൂന്ന് വര്ഷം മേല്നോട്ടത്തിലുള്ള മോചനവും, 250,000 ഡോളര് വരെ പിഴയും ഇയാള്ക്കെതിരെ ചുമത്തപ്പെടും.
റിപ്പോര്ട്ടുകള് പ്രകാരം പ്രണീത് 17 വയസുള്ള രണ്ട് കുട്ടികളേയാണ് ആക്രമിച്ചത്. കൈവശം വെച്ചിരുന്ന ഫോര്ക്ക് ഉപയോഗിച്ച് ആദ്യം അടുത്ത സീറ്റില് ഉറങ്ങി കിടന്ന കുട്ടിയുടെ തോളില് കുത്തുകയായിരുന്നു. ഞെട്ടി ഉണര്ന്ന കുട്ടി കണ്ടത് മുന് സീറ്റിലിരുന്ന മറ്റൊരു കുട്ടിയെയും സമാനമായ രീതിയില് ഫോര്ക്ക് ഉപയോഗിച്ച് തലയ്ക്ക് പിന്നില് കുത്തുന്നതാണ്.
പിന്നാലെ കുട്ടികള് ബഹളം വെച്ചതിനെ തുടര്ന്ന് വിമാന ജീവനക്കാര് ഓടിയെത്തുകയായിരുന്നു. ഇയാളെ പിടിച്ചുമാറ്റാന് ശ്രമിക്കുന്നതിനടയില് സമീപത്തിരുന്ന മറ്റൊരു സ്ത്രീയുടെ കരണത്തടിക്കുകയും പിന്നാലെ വിചിത്രമായി കൈ തോക്ക് പോലെ വെച്ച് സ്വന്തം വായുടെ ഉള്ളിലേക്ക് വെച്ച് കാഞ്ചി വലിക്കുന്നതായി കാട്ടി. പിന്നാലെ വിമാനം ബോസ്റ്റണ് ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഇവിടെ വെച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചിക്കാഗോയില് നിന്ന് ജര്മനിയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സംഭവം. വിദ്യാര്ത്ഥി വിസയിലാണ് ഇയാള് യാത്ര ചെയ്തിരുന്നത്. വിമാനത്തില് യാത്ര ചെയ്യുമ്പോള് അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന കുറ്റമാണ് പ്രണീതിനെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlights- Indian man attacks children with fork, slaps woman on plane